യുക്രൈന് പുതുവർഷത്തിൽ സമാധാനം സമ്മാനമായി ലഭിക്കില്ലെന്നു പറഞ്ഞ് യുക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലൻസ്കി. 21 മിനിറ്റ് ദൈർഘ്യമുള്ള പുതുവത്സര വീഡിയോയിൽ, സെലൻസ്‌കി യുക്രൈൻ ജനതയ്ക്ക് ആശംസകൾ നേർന്നു. ശക്തമായ ഒരു യുക്രൈനു മാത്രമേ സമാധാനം ഉറപ്പാക്കാനും ലോകമെമ്പാടും ബഹുമാനം നേടാനും കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ഞങ്ങൾക്ക് സമാധാനം ഒരു സമ്മാനമായി നൽകില്ലെന്ന് അറിയാം. പക്ഷേ, റഷ്യയെ തടയാനും യുദ്ധം അവസാനിപ്പിക്കാനും ഞങ്ങളെല്ലാവരും ശ്രമിക്കും” – സെലൻസ്കി പറഞ്ഞു. സ്ഥാനമൊഴിയുന്ന യു. എസ്. പ്രസിഡന്റ് ജോ ബൈഡൻ, നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, അമേരിക്കയിൽ തങ്ങളെ പിന്തുണയ്ക്കുന്ന എല്ലാവരുമായും നടത്തിയ സംഭാഷണങ്ങൾ എന്നിവ സെലൻസ്‌കി അനുസ്മരിച്ചു.
“പുതിയ അമേരിക്കൻ പ്രസിഡന്റ്, യുക്രൈനിൽ സമാധാനം കൊണ്ടുവരാനും റഷ്യൻ പ്രസിഡന്റ് പുടിന്റെ ആക്രമണം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്നതിലും എനിക്ക് സംശയമില്ല. യുദ്ധത്തിലോ, ചർച്ചകളിലോ റഷ്യയെ വിശ്വസിക്കേണ്ടതില്ല” – സെലൻസ്‌കി പറഞ്ഞു. 2022 ഫെബ്രുവരി മുതലുള്ള യുക്രൈൻ അധിനിവേശത്തിനുശേഷം പാശ്ചാത്യരാജ്യങ്ങൾക്കിടയിൽ യുക്രൈന് ഏറ്റവും കൂടുതൽ സൈനികപിന്തുണ നൽകിയത് ബൈഡന്റെ ഭരണകൂടമാണ്.