റഷ്യയുമായുള്ള ഉക്രൈന്റെ യുദ്ധത്തിൽ തന്ത്രപ്രധാനമായ പദ്ധതികളെ കുറിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി ഈ ആഴ്ച വോളോഡിമർ സെലെൻസ്‌കി ചർച്ച ചെയ്യും. ഈ ആഴ്ച നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയ്ക്കിടെ ആയിരിക്കും പുതിയ തന്ത്രങ്ങളെ കുറിച്ച് ഉക്രൈൻ പ്രസിഡന്റ് അമേരിക്കൻ പ്രസിഡന്റിനോട് പങ്കുവയ്ക്കുക.
ജോ ബൈഡനു ഒപ്പം നിലവിൽ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാൻ ഒരുങ്ങുന്ന കമലാ ഹാരിസിനും ഡൊണാൾഡ് ട്രംപിനും മുൻപിൽ തന്റെ പദ്ധതികൾ അവതരിപ്പിക്കാൻ വോളോഡിമർ സെലെൻസ്‌കി താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഉക്രൈനായി 375 മില്യൺ ഡോളറിൻ്റെ (283 മില്യൺ പൗണ്ട്) സൈനിക സഹായ പാക്കേജ് തയ്യാറാക്കാനുള്ള വൈറ്റ് ഹൗസിൻ്റെ ശ്രമങ്ങൾക്കൊപ്പമാണ് സെലെൻസ്‌കിയുടെ യുഎസ് സന്ദർശനം.
ഈ ശരത്കാലം “ഈ യുദ്ധത്തിൻ്റെ ഭാവി നിർണ്ണയിക്കും”, സെലെൻസ്കി തന്റെ എക്സ് പോസ്റ്റിൽ കുറിച്ചു. ഒപ്പം കൂടുതൽ ആയുധങ്ങൾ ശേഖരിക്കുക, റഷ്യയെ സമാധാനത്തിന് സമ്മതിക്കാനുള്ള നയതന്ത്ര ശ്രമങ്ങൾ കണ്ടെത്തുക, 2022-ൽ പൂർണ്ണ തോതിലുള്ള അധിനിവേശത്തിന് മോസ്‌കോയെ ഉത്തരവാദിയാക്കുക തുടങ്ങിയവയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ എന്നും അദ്ദേഹം വ്യക്തമാക്കി.
യുഎസ്, യുകെ, മറ്റ് പാശ്ചാത്യ സഖ്യകക്ഷികൾ എന്നിവരോട് ദീർഘദൂര മിസൈലുകളുടെ ഉപയോഗത്തിൽ ഉക്രൈന് മേലുള്ള നിയന്ത്രണങ്ങൾ ലഘൂകരിക്കണമെന്ന് സെലൻസ്കി മാസങ്ങളായി അഭ്യർത്ഥിച്ചിരുന്നു. ഈ അഭ്യർത്ഥന സഖ്യകക്ഷികളുടെ പരിഗണനയിലാണ് ഇപ്പോൾ. അതിനാൽ ദീർഘദൂര മിസൈലുകൾ ഉപയോഗിച്ച് റഷ്യയിലെ കേന്ദ്രങ്ങൾ ആക്രമിക്കാൻ ഉക്രൈന് കഴിയും. ഇത് ഉക്രൈന് നൽകുന്ന ശക്തിയും മനോധൈര്യം വലുതാണ്.