അധിനിവേശ പ്രദേശങ്ങളില്‍ തങ്ങളുടെ സൈന്യം നടത്തിയ യുദ്ധക്കുറ്റങ്ങളുടെ തെളിവുകള്‍ മറച്ചുവെക്കാന്‍ റഷ്യ ശ്രമിക്കുന്നതായി യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി ആരോപിച്ചു. പുടിന്റെ ഭരണകൂടം യുക്രേനിയന്‍ സിവിലിയന്മാരെ തന്റെ സൈന്യം കൊലപ്പെടുത്തിയെന്ന റിപ്പോര്‍ട്ടുകള്‍ വ്യാജമാണെന്ന് തെളിയിക്കാനുള്ള ശ്രമത്തിലാണെന്നും ആരോപിച്ചു. കീവിനടുത്തുള്ള ബുച്ചയില്‍ മുന്നൂറിലധികം പേര്‍ കൊല്ലപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തതായി സെലെന്‍സ്‌കി പറഞ്ഞു.
‘മരിയുപോളില്‍ സിവിലിയന്മാരെ കൂട്ടക്കൊല ചെയ്തതില്‍ തങ്ങളുടെ കുറ്റബോധം മറച്ചുവെക്കാന്‍ അവര്‍ ഇപ്പോള്‍ ഒരു തെറ്റായ പ്രചാരണം നടത്തുന്നു. ഡോണ്‍ബാസിന് മുകളിലൂടെ അധിനിവേശക്കാര്‍ മലേഷ്യന്‍ ബോയിംഗ് വിമാനം വെടിവെച്ച് വീഴ്ത്തിയപ്പോഴും ഇതേ തന്ത്രമാണ് അവര്‍ ഉപയോഗിച്ചത്’. സെലന്‍സ്‌കി പറഞ്ഞു. വ്ളാഡിമിര്‍ പുടിന്റെ ഭരണത്തിന്മേല്‍ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താനും അദ്ദേഹം പാശ്ചാത്യ നേതാക്കളോട് ആവശ്യപ്പെട്ടു.
ബുച്ചയിലെ തെരുവുകളിലെ സിവിലിയന്മാരുടെ മൃതദേഹങ്ങളുടെ ഞെട്ടിക്കുന്ന കാഴ്ചകള്‍ അന്താരാഷ്ട്രതലത്തില്‍ റഷ്യയ്ക്കെതിരെയുള്ള വികാരങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. കൈവിനു സമീപം സിവിലിയന്‍ കൊലപാതകങ്ങളുടെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. നാല് പേരെ റഷ്യന്‍ സൈന്യം വെടിവച്ചു കൊന്ന് ആഴം കുറഞ്ഞ ശവക്കുഴിയില്‍ കുഴിച്ചിട്ടതായും ആരോപണമുണ്ട്.
യുഎസ് പ്രസിഡന്റ് ബൈഡനും വ്ളാഡിമിര്‍ പുടിനെ യുദ്ധക്കുറ്റവാളിയെന്ന് വിശേഷിപ്പിച്ചു. നടന്ന സംഭവങ്ങളില്‍ അദ്ദേഹം വിചാരണ നേരിടണമെന്നും ബൈഡന്‍ പറഞ്ഞു. അതേസമയം എല്ലാ ആരോപണങ്ങളും തള്ളിക്കളയുന്നുവെന്നും തെളിവുകളായി പുറത്തുവിടുന്ന വീഡിയോകള്‍ വ്യാജമാണെന്നും റഷ്യ അവകാശപ്പെടുന്നു.