ഓവൽ ഓഫീസിലെ ചൂടേറിയ കൂടിക്കാഴ്ചയ്ക്കുശേഷം, യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള ബന്ധം സംരക്ഷിക്കാൻ കഴിയുമെന്ന് താൻ വിശ്വസിക്കുന്നുണ്ടെന്നും എന്നാൽ ആ ചർച്ചകൾ അടച്ചിട്ട വാതിലുകൾക്കുപിന്നിൽ തുടരേണ്ടതുണ്ടെന്നും യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി ഞായറാഴ്ച പറഞ്ഞു.
“സമാധാന കരാറിന്റെ ഭാഗമായി, യുക്രൈൻ റഷ്യയ്ക്ക് ഒരു പ്രദേശവും വിട്ടുകൊടുക്കില്ല” – സെലെൻസ്‌കി ആവർത്തിച്ചുപറഞ്ഞു. യു എസുമായി ഒരു ധാതുകരാറിൽ ഒപ്പുവയ്ക്കാൻ ഇപ്പോഴും തയ്യാറാണെന്നും യു എസിലേക്ക് ഒരു കരട് സമാധാനപദ്ധതി അയയ്ക്കുന്നതിനായി യൂറോപ്യൻ നേതാക്കളുമായി ഞായറാഴ്ച നടത്തിയ ചർച്ച ഒരു സുപ്രധാന ചുവടുവയ്പ്പാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വെള്ളിയാഴ്ച തത്സമയം സംപ്രേഷണം ചെയ്ത ഒരു അസാധാരണ യോഗത്തിൽ, സെലെൻസ്‌കി യു എസ് സഹായത്തിന് നന്ദിയില്ലാത്തവനാണെന്നും തന്റെ രാജ്യത്തോട് അനാദരവ് കാണിച്ചെന്നും മൂന്നാം ലോകമഹായുദ്ധത്തിനു ഭീഷണിയാണെന്നും ട്രംപ് ആരോപിച്ചിരുന്നു. റഷ്യയുമായുള്ള മൂന്നുവർഷത്തെ യുദ്ധത്തിൽ യുക്രൈന് വാഷിംഗ്ടൺ നൽകുന്ന പിന്തുണയെ സംശയാസ്പദമാക്കിയാണ് ട്രംപ് ഇത് പറഞ്ഞത്.
റഷ്യയെ പിന്തിരിപ്പിക്കാൻ സുപ്രധാനമാണെന്ന് കീവ് പറയുന്ന സുരക്ഷാ ഗാരണ്ടികൾ വാഷിംഗ്ടൺ നൽകുമെന്ന പ്രതീക്ഷയിൽ, യു എസിന് മുന്നിൽ എത്തിക്കുന്നതിനായി ഒരു യുക്രൈൻ സമാധാനപദ്ധതി തയ്യാറാക്കാൻ യൂറോപ്യൻ നേതാക്കൾ സമ്മതിച്ചതായി ഞായറാഴ്ച നടന്ന ഉച്ചകോടിയിൽ യു കെ പ്രധാനമന്ത്രി സ്റ്റാർമർ പറഞ്ഞു.