ലോകത്തിന് മുൻപിൽ ഉക്രൈൻ റഷ്യയെ പരാജയപ്പെടുത്തിക്കഴിഞ്ഞു എന്ന് ഉക്രൈൻ പ്രസിഡന്റ് വ്ളോഡിമിർ സെലൻസ്കി. റഷ്യൻ അധിനിവേശം ആരംഭിച്ചതിന് ശേഷമുള്ള ആദ്യ വിദേശയാത്രയിൽ യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.
“ലോകത്തിന് മുൻപിൽ ഉക്രൈൻ റഷ്യയെ പരാജയപ്പെടുത്തിക്കഴിഞ്ഞു. ലോകമനസാക്ഷി ഉക്രൈനൊപ്പമാണ്. അതുകൊണ്ട് തന്നെ റഷ്യയ്ക്ക് മുന്നിൽ കീഴടങ്ങില്ല. അമേരിക്ക നൽകുന്ന പിന്തുണയും ജനസഹായവും കേവലം ജീവകാരുണ്യ പ്രവർത്തനമല്ല, മറിച്ച് ആഗോളസുരക്ഷയ്ക്കും ജനാധിപത്യത്തിന്റെ നിലനിൽപ്പിനുമായുള്ള നിക്ഷേപമാണ്” – സെലൻസ്കി പറഞ്ഞു. റഷ്യക്കെതിരെ കൂടുതൽ ശക്തമായ ഉപരോധങ്ങൾ ഏർപ്പെടുത്തണമെന്ന് സെലൻസ്കി ആവശ്യപ്പെട്ടു.
യുഎസ് കോൺഗ്രസ് അംഗങ്ങൾ ഉക്രൈന്റെ ചെറുത്ത് നിൽപ്പിനോടുള്ള പ്രതീകമായി കോൺഗ്രസിൽ പതാകകൾ ഉയർത്തി. ഉക്രൈന് കൂടുതൽ ധനസഹായം നൽകാൻ യുഎസ് കോൺഗ്രസ് നേരത്തെ തീരുമാനമെടുത്തിരുന്നു. നേരത്തെ അനുവദിച്ച 50 ബില്യൺ ഡോളറിന് പുറമെ കൂടുതൽ ധനസഹായം കൂടി അമേരിക്ക അനുവദിക്കും. യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് സെലൻസ്കി കോൺഗ്രസിനെ അഭിസംബോധന ചെയ്തത്.