Monday, November 25, 2024

യുഎസിന്റെ സഹായം ലഭിച്ചില്ലെങ്കില്‍ റഷ്യയുമായുള്ള യുദ്ധത്തില്‍ ഇനിയും ദശലക്ഷക്കണക്കിന് ഉക്രേനിയക്കാര്‍ മരിച്ചേക്കുമെന്ന് ഉക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി

കീവിനായി പ്രസിഡന്റ് ജോ ബൈഡന്‍ നടത്തിയ 60 ബില്യണ്‍ ഡോളറിന്റെ സഹായ അഭ്യര്‍ത്ഥന യുഎസ് നിയമനിര്‍മ്മാതാക്കള്‍ അംഗീകരിച്ചില്ലെങ്കില്‍ ദശലക്ഷക്കണക്കിന് ആളുകള്‍ റഷ്യയുമായുള്ള ഉക്രെയ്നിന്റെ യുദ്ധത്തില്‍ മരിക്കുമെന്ന് ഉക്രേനിയന്‍ പ്രസിഡന്റ് വോലോഡൈമര്‍ സെലെന്‍സ്‌കി ഞായറാഴ്ച വാര്‍ത്താ മാധ്യമമായ സിഎന്‍എന്നിനോട് പറഞ്ഞു.

തന്റെ രാജ്യം യുദ്ധമുഖത്ത് തിരിച്ചടികള്‍ നേരിടുകയും പാശ്ചാത്യ പങ്കാളികളില്‍ നിന്ന് കൂടുതല്‍ സഹായം നേടിയെടുക്കാന്‍ പാടുപെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സെലെന്‍സ്‌കിയുടെ ഈ അഭിപ്രായങ്ങള്‍. യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍, റിപ്പബ്ലിക്കന്‍മാരുടെ ഒരു വിദേശ സഹായ ബില്‍ ജനപ്രതിനിധിസഭയില്‍ സ്തംഭിച്ചിരിക്കുന്നു.

യുക്രെയ്നിന് പണം ലഭിച്ചാലും യുദ്ധത്തിന്റെ ഫലം മാറില്ലെന്ന യുഎസ് സെനറ്റര്‍ ജെഡി വാന്‍സിന്റെ പരാമര്‍ശത്തെക്കുറിച്ചുള്ള ചോദ്യത്തിന്, ഇവിടെ എന്താണ് സംഭവിക്കുന്നതെന്ന് വാന്‍സ് മനസ്സിലാക്കുന്നില്ലെന്ന് സെലെന്‍സ്‌കി പറഞ്ഞു. ഞങ്ങള്‍ക്ക് അവരുടെ പിന്തുണ ആവശ്യമാണെന്ന് അവര്‍ക്കറിയാമെന്നും സെലെന്‍സ്‌കി പറഞ്ഞു.

‘അത് മനസിലാക്കാന്‍, എന്താണ് സംഭവിക്കുന്നതെന്ന് കാണാന്‍ മുന്‍ നിരയിലേക്ക് വരുക, ജനങ്ങളോട് സംസാരിക്കുക, പിന്നീട് സാധാരണക്കാരുടെ അടുത്തേക്ക് പോകുക. അപ്പോള്‍, പുറമേ നിന്നുള്ള പിന്തുണയില്ലാതെ വന്നാല്‍ അവര്‍ക്ക് എന്ത് സംഭവിക്കുമെന്നും ദശലക്ഷക്കണക്കിന് ആളുകള്‍ കൊല്ലപ്പെടുമെന്നും അദ്ദേഹം മനസ്സിലാക്കും. ഇതൊരു വസ്തുതയാണ്. ഓരോ നഷ്ടവും ഞങ്ങള്‍ക്ക് വലിയ നഷ്ടമാണ്. നിങ്ങളുടെ പ്രദേശത്ത് യുദ്ധം ഉണ്ടാകാതിരിക്കാന്‍ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ’. സെലെന്‍സ്‌കി പറഞ്ഞു.

റഷ്യയുമായുള്ള ഏറ്റുമുട്ടലില്‍ ഇതുവരെ 31,000 ഉക്രേനിയന്‍ സൈനികര്‍ കൊല്ലപ്പെട്ടുവെന്ന് കൈവിലെ ഒരു സമ്മേളനത്തിനിടെ ഉക്രേനിയന്‍ പ്രസിഡന്റ് പറഞ്ഞിരുന്നു. റഷ്യന്‍ സൈന്യം കൈവശപ്പെടുത്തിയ ഉക്രേനിയന്‍ പ്രദേശത്ത് പതിനായിരക്കണക്കിന് സിവിലിയന്‍മാര്‍ മരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest News