Monday, November 25, 2024

യുദ്ധമേഖലകളില്‍ നിന്ന് കണ്ടെത്തിയത് 200 ലധികം സ്‌ഫോടകവസ്തുക്കള്‍; യുക്രെയ്നിന്റെ ‘നായ’കന് അവാര്‍ഡ് നല്‍കി, പ്രസിഡന്റ് സെലെന്‍സ്‌കി

രാജ്യത്തെ സായുധ സേനയിലെ നാല് കാലുകളുള്ള അംഗം, ജാക്ക് റസ്സല്‍ ടെറിയര്‍ എന്ന സര്‍വീസ് നായയ്ക്ക് ‘എക്‌സലന്‍സ് ഇന്‍ സര്‍വീസ്’ എന്ന മെഡല്‍ യുക്രേനിയന്‍ പ്രസിഡന്റ് വോലോഡൈമര്‍ സെലെന്‍സ്‌കി ഞായറാഴ്ച സമ്മാനിച്ചു. ഫെബ്രുവരി 24 ന് യുക്രെയ്നിനെതിരായ റഷ്യയുടെ യുദ്ധം ആരംഭിച്ചതിന് ശേഷം കുറഞ്ഞത് 200 സ്ഫോടകവസ്തുക്കളെങ്കിലും കണ്ടെത്തുകയും അതുവഴി ല്‌ഫോടനം തടയുകയും ചെയ്തതിന്റെ ബഹുമതി ജാക്ക് റസ്സലിന് രാജ്യം നല്‍കിയത്.

യുദ്ധത്തില്‍ തകര്‍ന്ന രാജ്യത്ത് അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുമായി പത്രസമ്മേളനം നടത്തിയ വേളയിലാണ് സെലെന്‍സ്‌കി നായയ്ക്ക് അവാര്‍ഡ് സമ്മാനിച്ചത്. നായയുടെ ഉടമ, സിവില്‍ പ്രൊട്ടക്ഷന്‍ സര്‍വീസിലെ മേജര്‍ മൈഹൈലോ ഇലീവിനും അവാര്‍ഡ് ലഭിച്ചു.

‘ഇതുപോലെ മറഞ്ഞിരിക്കുന്ന അപകടങ്ങള്‍ നീക്കം ചെയ്യുന്ന യുക്രേനിയന്‍ വീരന്മാര്‍ക്ക് അവാര്‍ഡ് നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കൂടാതെ സ്‌ഫോടകവസ്തുക്കള്‍ നിര്‍വീര്യമാക്കുക മാത്രമല്ല, ഈ മിടുക്കനായ നായ ചെയ്തത്, മറിച്ച് വെളിയില്‍ ഇറങ്ങുമ്പോള്‍ ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കണമെന്ന് നമ്മുടെ കുട്ടികളെ ഉള്‍പ്പെടെ പഠിപ്പിക്കാനും സഹായിക്കുന്ന പ്രവര്‍ത്തിയാണിത്’. സെലെന്‍സ്‌കി പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

ചടങ്ങിനിടെ, സെലന്‍സ്‌കിയില്‍ നിന്ന് സ്‌നേഹത്തോടെയുള്ള ഒരു തലോടല്‍ സ്വീകരിച്ച് ഈ സര്‍വീസ് നായ കുരക്കുകയും സന്തോഷത്തോടെ വാല്‍ ആട്ടുകയും ചെയ്തപ്പോള്‍ സദസ്സ് പൊട്ടിച്ചിരിച്ചു.

നേരത്തെ, ചെര്‍ചിവ് നഗരത്തില്‍ 150-ലധികം സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയതിന് യുക്രെയ്‌നിന്റെ വിദേശകാര്യ മന്ത്രാലയം ഈ നായകനെ അഭിനന്ദിച്ചിരുന്നു.

 

Latest News