Thursday, April 3, 2025

ഒരു ലക്ഷത്തോളം ആളുകള്‍ മരിയുപോള്‍ നഗരത്തില്‍ ദുരിത സാഹചര്യത്തില്‍ കുടുങ്ങിക്കിടക്കുന്നു; ലോകരാജ്യങ്ങളുടെ സഹായം തേടി യുക്രൈന്‍ പ്രസിഡന്റ്

യുദ്ധം സ്തംഭനാവസ്ഥയിലേക്ക് കടക്കുന്നതിനാല്‍ റഷ്യയുടെ മേല്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ടു. ഏകദേശം 100,000 ആളുകള്‍ ഇപ്പോഴും തുറമുഖ നഗരമായ മരിയുപോളില്‍ കുടുങ്ങിക്കിടക്കുകയാണെന്നും മനുഷ്യത്വരഹിതമായ സാഹചര്യങ്ങളില്‍ അവര്‍ കഷ്ടപ്പെടുകയാണെന്നും ഏറ്റവും അവസാനം പുറത്തുവിട്ട ഒരു വീഡിയോ സന്ദേശത്തില്‍ സെലെന്‍സ്‌കി പറഞ്ഞു. റഷ്യന്‍ വ്യോമാക്രമണങ്ങള്‍ ഉപരോധിച്ച ഈ തുറമുഖ നഗരം, നാശക്കൂമ്പാരമാക്കി മാറ്റിയിരിക്കുകയാണെന്ന് സിറ്റി കൗണ്‍സിലും പറഞ്ഞു.

‘അവിടെ അവര്‍ക്ക് ഭക്ഷണമോ വെള്ളമോ മരുന്നുകളോ ഇല്ല. നിരന്തരമായ ഷെല്ലിംഗിനും ബോംബിംഗിനും ഇടയിലാണ് അവര്‍ ഓരോ മണിക്കൂറും തള്ളിനീക്കുന്നത്. ഒരാഴ്ചയിലേറെയായി നഗരത്തില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാനും സഹായം എത്തിക്കാനും ശ്രമിക്കുന്നു. നിര്‍ഭാഗ്യവശാല്‍, ഞങ്ങളുടെ എല്ലാ ശ്രമങ്ങളും റഷ്യന്‍ അധിനിവേശക്കാര്‍ തടസ്സപ്പെടുത്തുകയാണ്’. സെലന്‍സ്‌കി പറഞ്ഞു.

യുക്രേനിയന്‍ പ്രതിനിധികള്‍ ചര്‍ച്ചകള്‍ തുടരുകയാണെന്നും പടിപടിയായി ഞങ്ങള്‍ മുന്നോട്ട് പോകുകയാണെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര മധ്യസ്ഥരുടെയും നേതാക്കളുടെയും പിന്തുണയ്ക്ക് നന്ദിയുണ്ടെന്നും ലോകം മുഴുവന്‍ നമ്മോടൊപ്പമുണ്ടെന്ന ആത്മവിശ്വാസത്തോടെയാണ് മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Latest News