കർണാടകയിൽ ആദ്യമായി സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു. റായ്ച്ചൂർ ജില്ലയിൽ നിന്നുള്ള അഞ്ച് വയസുകാരിയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇത് സംബന്ധിച്ച വ്യക്തത ആരോഗ്യമന്ത്രി കെ. സുധാകർ നടത്തി.
“സംസ്ഥാനത്തെ ആദ്യ കേസാണിത്, സർക്കാർ സ്ഥിതിഗതികൾ വളരെ ശ്രദ്ധാപൂർവ്വം നിരീക്ഷിച്ചുവരികയാണ്. രോഗം പ്രതിരോധിക്കാൻ ആരോഗ്യവകുപ്പ് സജ്ജമാണ്,”- മന്ത്രി പറഞ്ഞു. പൂനെയിൽ നിന്നുള്ള ലാബ് റിപ്പോർട്ടിനെ തുടർന്നാണ് റായ്ച്ചുരിലെ അഞ്ചുവയസുകാരിക്ക് സിക്ക വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചത്. രോഗലക്ഷണവുമായി വന്ന കുട്ടിയിൽ വൈറസ് ബാധിച്ചതായി സംശയിക്കുകയും തുടർന്ന് ഡിസംബർ അഞ്ചിനു ലാബിലേക്ക് സാമ്പിളുകൾ അയക്കുകയായിരുന്നു.
“സിക്കാ രോഗം സംശയിച്ച് പൂനെയിലെ ലാബിലേക്ക് മൂന്ന് സാമ്പിളുകളാണ് ആരോഗ്യവകുപ്പ് അയച്ചത്. ഇതിൽ രണ്ടെണ്ണം നെഗറ്റീവും അഞ്ച് വയസ്സുള്ള പെൺകുട്ടിയുടെ സാമ്പിൾ പോസിറ്റീവുമായിരുന്നു” ആരോഗ്യമന്ത്രി വ്യക്തമാക്കി. റായ്ച്ചൂരിൽ സിക്ക വൈറസ് കേസിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി. മുൻപ് കേരളം, ഉത്തർപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലും സിക്കാ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. മരണ സാധ്യത വളരെ കുറവാണെങ്കിലും ഗർഭിണികളിലാണ് ഈ രോഗം കൂടുതൽ കണ്ടുവരുന്നത്. ഡെങ്കിപ്പനി, ചിക്കുൻഗുനിയ തുടങ്ങിയ രോഗങ്ങൾ പരത്തുന്ന ഈഡിസ് കൊതുകിലൂടെയാണ് സിക്കവൈറസ് രോഗം പകരുന്നത്.