ഇന്ത്യയിലുള്‍പ്പടെ വിവിധ രാജ്യങ്ങളില്‍ നിരവധി ഉപയോക്താക്കളുള്ള ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോയുടെ സഹസ്ഥാപകൻ മോഹിത് ഗുപ്‌ത രാജി വച്ചു. നേരത്തെ രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ രാജി വച്ചതിനു പിന്നലെയാണ് മോഹിത് ഗുപ്‌തയുടെ അപ്രതീക്ഷിത രാജിയും.
നാലര വര്‍ഷത്തെ പ്രവർത്തനത്തിനൊടുവിൽ, മോഹിത് ഗുപ്‌ത രാജി വയ്ക്കാനുണ്ടായ കൃത്യമായ കാരണമെന്തെന്ന് വ്യക്തമല്ല. അതേ സമയം കോവിഡ് വ്യാപനം മൂലമുണ്ടായ നഷ്‌ടത്തിൽ നിന്ന് കരകയറാന്‍ കമ്പനിക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ലാത്ത സാഹചര്യത്തില്‍ മോഹിത്തിന്റെ രാജി കമ്പനിക്ക് വൻ തിരിച്ചടിയാണ്. എന്നാല്‍ നിക്ഷേപകൻ എന്ന നിലയിൽ കമ്പനിയുമായുള്ള ബന്ധം അദ്ദേഹം തുടരുമെന്നാണ് വിവരം.
സൊമാറ്റോയുടെ പുതിയ ഇനിഷ്യേറ്റീവ് തലവൻ രാഹുൽ ഗഞ്ചുവും, ഗ്ലോബൽ ഗ്രോത്ത് വിഭാഗം വൈസ് പ്രസിഡന്റ് സിദ്ധാർത്ഥ് ജാവറും അടുത്തിടെയാണ് കമ്പനി വിട്ടത്. പെട്ടെന്നുണ്ടായ ഇവരുടെ രാജി കമ്പനിയുടെ പ്രവർത്തനത്തെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം സൊമാറ്റോയുടെ നഷ്ടം 430 കോടി രൂപയായിരുന്നു. എന്നാല്‍ സൊമാറ്റോയുടെ പ്രവർത്തനരീതിയിൽ വലിയ മാറ്റങ്ങൾ വരുത്തിക്കൊണ്ട് തിരിച്ചുവരുന്നതിനിടയിലാണ് മോഹിത് രാജി വച്ചത്.