Sunday, November 24, 2024

സൂമില്‍ സുരക്ഷാ വീഴ്ച; അപ്‌ഡേറ്റ് ചെയ്യാന്‍ നിര്‍ദേശിച്ച് കേന്ദ്രം 

വീഡിയോ കോണ്‍ഫറന്‍സിങ് പ്ലാറ്റ്‌ഫോമായ ‘സൂമി’ല്‍ ഗുരുതര സുരക്ഷാ വീഴ്ചകള്‍ കണ്ടെത്തി. ഇതോടെ എല്ലാ ഉപയോക്താക്കളോടും അടിയന്തരമായി സൂം അപ്‌ഡേറ്റ് ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ദേിച്ചു. സുരക്ഷാ വീഴ്ച കാരണം സൂം മീറ്റിംഗിലുള്ളവര്‍ അറിയാതെ പുറത്തു നിന്നുള്ളവര്‍ക്ക് മീറ്റിംഗില്‍ പ്രവേശിക്കാനും ഇടപെടാനും സാധിക്കുമെന്ന് സൈബര്‍ സുരക്ഷ കൈകാര്യം ചെയ്യുന്ന ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം വ്യക്തമാക്കി.

ഹാക്കര്‍മാര്‍ക്ക് വീഡിയോയും ശബ്ദവുമുള്‍പ്പെടെ കൈക്കലാക്കാന്‍ കഴിയുമെന്നും മറ്റ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനാകുമെന്നും സിഇആര്‍ടി പറയുന്നു. സെപ്റ്റംബര്‍ 13 ന് സൂം തങ്ങളുടെ ഉപയോക്താക്കള്‍ക്ക് ഇതേ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാരിന്റെ മുന്നറിയിപ്പ്.

വിന്‍ഡോസ്, മാക്ഓഎസ്, ലിനക്‌സ് എന്നിവയില്‍ സൂം അപ്‌ഡേറ്റ് ചെയ്യാന്‍ സൂം ഡെസ്‌ക്ടോപ്പ് ക്ലയന്റ് ലോഗ് ഇന്‍ ചെയ്ത് പ്രൊഫൈല്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക. ശേഷം ചെക്ക് ഫോര്‍ അപ്‌ഡേറ്റ്‌സ് ക്ലിക്ക് ചെയ്യുക. ഏറ്റവും പുതിയ പതിപ്പ് ഇന്‍സ്റ്റാള്‍ ആകുന്നതായിരിക്കും. സൂം ആപ്പ് ഉപയോക്താക്കള്‍ ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പിള്‍ ആപ്പ് സ്റ്റോര്‍ എന്നിവയില്‍ അപ്‌ഡേറ്റ് തിരയുക.

ഒന്നിലധികം പ്രശ്‌നങ്ങള്‍ കണ്ടെത്തിയതോടെ വിന്‍ഡോസ് ഉപയോക്താക്കളോടും ഗൂഗിള്‍ ക്രോം അപ്‌ഡേറ്റ് ചെയ്യാന്‍ സിഇആര്‍ടി നിര്‍ദേശിച്ചു.

 

Latest News