പ്രമുഖ ടെക് കമ്പനികള്‍ക്ക് പിന്നാലെ വീഡിയോ കോൺഫറൻസിംഗ് സോഫ്റ്റ്‌വെയറായ ‘സൂം’ ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നു. സ്ഥാപനത്തിലെ ആകെ ജീവനക്കാരില്‍ 15% ആളുകളെയാണ് കമ്പനി ഒഴിവാക്കുന്നത്. ഇത് സംബന്ധിച്ച പ്രഖ്യാപനം സൂം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എറിക് യുവാൻ നടത്തി.
“ഞങ്ങളുടെ ടീമിലെ 1300 ജീവനക്കാരെ, അതായത് കമ്പനിയുടെ 15% കഠിനാധ്വാനികളായ സഹപ്രവർത്തകരെ പിരിച്ചുവിടുക എന്ന സുപ്രധാനമായ തീരുമാനം എടുക്കേണ്ടതായി വന്നിരിക്കുകയാണ്. ഏറെ പ്രയാസകരവും എന്നാല്‍ കമ്പനിയുടെ മുൻപോട്ടുള്ള പ്രവര്‍ത്തനത്തിന് അത്യാവശ്യവുമായ തീരുമാനമാണ് ഇത്.” യുവാൻ കുറിച്ചു. കമ്പനിയില്‍ തുടരുന്ന മറ്റു ജീവനക്കാരുടെ വേതനം കുറക്കാന്‍ ആലോചിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
കോവിഡിനെ തുടര്‍ന്നുണ്ടായ ലോക്ഡൗണിന് ശേഷം സ്ഥാപനത്തിന്‍റെ വളര്‍ച്ച മന്ദഗതിയിലായിരുന്നു. 2021-ൽ സൂമിന്‍റെ ലാഭം ഒമ്പത് മടങ്ങ് വര്‍ദ്ധിച്ചിരുന്നു. എന്നാല്‍ 2022ല്‍ കമ്പനിയുടെ ലാഭം 38% ഇടിഞ്ഞതായിട്ടാണ് കണക്കുകള്‍. പുതിയ നടപടിയിലൂടെ കമ്പനിക്ക് നേട്ടം ഉണ്ടാകുമെന്നാണ് സൂം ന്‍റെ പ്രതീക്ഷ. പിരിച്ചുവിടുന്ന ജീവനക്കാര്‍ക്ക് 16 ആഴ്ചത്തെ ശമ്പളവും ആരോഗ്യ പരിരക്ഷയും, ബോണസും നല്‍കുമെന്നും കമ്പനി വ്യക്തമാക്കി.