ഉള്ളടക്കം പിന്‍വലിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം ചോദ്യംചെയ്ത് ട്വിറ്റര്‍ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചു. സര്‍ക്കാര്‍ അധികാരം ദുര്‍വിനിയോഗം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ട്വിറ്റര്‍ കോടതിയെ സമീപിച്ചത്.
രാഷ്ട്രീയ പാര്‍ട്ടികളുടെ അക്കൗണ്ടുകളില്‍ നിന്നുള്ള ഉള്ളടക്കം നീക്കം ചെയ്യാന്‍ കേന്ദ്രം ആവശ്യപ്പെട്ടത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും
ട്വീറ്റ് നടത്തിയവര്‍ക്ക് നോട്ടീസ് അയക്കാന്‍ കേന്ദ്രം തയ്യാറായില്ലെന്നും ട്വിറ്റര്‍ ഹര്‍ജിയില്‍ ആരോപിക്കുന്നു.
കഴിഞ്ഞ വര്‍ഷം ജനുവരി-ഏപ്രില്‍ മാസങ്ങളില്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചില അക്കൗണ്ടുകളില്‍ നിന്നുള്ള ഉള്ളടക്കങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്
കേന്ദ്ര ഐ.ടി മന്ത്രാലയം ട്വിറ്ററിന് നോട്ടീസുകള്‍ നല്‍കിയിരുന്നു. ജൂണില്‍ വീണ്ടും രണ്ട് നോട്ടീസ് അയച്ചു. എന്നാല്‍ ട്വിറ്റര്‍ നടപടി സ്വീകരിച്ചില്ല.
ട്വിറ്റര്‍ ഈ നിലപാട് തുടരുകയാണെങ്കില്‍ രാജ്യത്തെ പുതിയ ഐ.ടി ചട്ടങ്ങള്‍ പ്രകാരമുള്ള സംരക്ഷണം ട്വിറ്ററിന് ലഭിക്കില്ലെന്ന് നോട്ടീസില്‍ വ്യക്തമാക്കിയിരുന്നു.
ഉള്ളടക്കം പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തേയും സര്‍ക്കാരും ട്വിറ്ററും പരസ്പരം കൊമ്പുകോര്‍ത്തിട്ടുണ്ട്. 2021-ല്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടത് പ്രകാരം ബ്ലോക്ക് ചെയ്ത 80-ലധികം അക്കൗണ്ടുകളുടെ പട്ടിക ട്വിറ്റര്‍ നേരത്തെ കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നു.