Thursday, October 10, 2024

കുട്ടിയുടെ മാനസികാരോഗ്യം ഉറപ്പുവരുത്താൻ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട പത്തു കാര്യങ്ങൾ

ഡോ. സെമിച്ചന്‍ ജോസഫ്

കൂട്ടായ്മയുടെ അഴകും ആസ്വാദനവുമാണ്‌ കുടുംബം എന്ന സങ്കല്പത്തിന്റെ അടിസ്ഥാനശില. പകരംവയ്ക്കാനില്ലാത്ത സ്‌നേഹത്തിന്റെ ഉറവിടമാണ് ഭൂമിയിലെ ഓരോ കുടുംബവും. പുരാതനകാലം മുതല്‍ത്തന്നെ സംസ്കാരത്തിന്റെയും നാഗരികതയുടെയും പ്രതീകങ്ങളാണ് കുടുംബങ്ങള്‍. ഭൂമിയിലെ ഓരോ മനുഷ്യജീവന്റെയും നിലനില്‍പ്പുതന്നെ താങ്ങിനിര്‍ത്തുന്നത് കുടുംബമാണ്. ഒരർഥത്തിൽ സുന്ദരമായൊരു സ്വപ്നമാണത്. മാതാപിതാക്കളും മക്കളുംചേർന്ന് നെയ്‌തെടുക്കുന്ന സ്വപ്നം.

‘നിങ്ങൾക്ക് സ്വപ്നങ്ങളില്ലാത്ത ഒരു കുടുംബത്തെകുറിച്ചു ചിന്തിക്കാൻ കഴിയില്ല’ എന്ന് പറഞ്ഞുവയ്ക്കുന്നത്, മാനവരാശിക്ക് പ്രത്യാശയുടെ നവവെളിച്ചം സമ്മാനിക്കുന്ന ഫ്രാൻസിസ് പാപ്പയാണ്. “ഒരു കുടുംബത്തിന് സ്വപ്നം കാണാനുള്ള കഴിവ് നഷ്ടപ്പെട്ടുകഴിഞ്ഞാൽ കുട്ടികൾ വളരുകയില്ല, സ്നേഹം വളരുകയില്ല, ജീവിതം ചുരുങ്ങി മരിക്കുന്നു” എന്ന് അദ്ദേഹം തുടരുന്നു. മാതാപിക്കളും മക്കളുംചേർന്ന് സന്തോഷത്തോടെയും ആരോഗ്യത്തോടെയും വസിക്കുന്ന കുടുംബങ്ങൾ മനോഹരമായ ഒരു കാഴ്ചതന്നെയാണ്.

കുട്ടികളുടെ വളർച്ചയ്ക്കും ആരോഗ്യത്തിനും ആവശ്യമായതെല്ലാം നൽകാൻ തയ്യാറാകുന്നവരാണ് ഇന്നത്തെ മാതാപിതാക്കൾ. എന്നാൽ, ശാരീരികമായ ആരോഗ്യസംരക്ഷണത്തോടൊപ്പംതന്നെ പ്രാധാന്യമർഹിക്കുന്ന മാനസികാരോഗ്യത്തിന്റെ കാര്യത്തിൽ മാതാപിതാക്കൾ കൂടുതൽ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. കുട്ടിയുടെ മാനസികക്ഷേമത്തെ പിന്തുണയ്ക്കുന്നതിൽ മാതാപിതാക്കൾ വഹിക്കുന്ന പങ്ക് വിലമതിക്കാനാകാത്തതാണ്. സ്നേഹപൂർവമായ പരിചരണവും ശ്രദ്ധയും ശക്തമായ അടിത്തറ കെട്ടിപ്പടുക്കുന്നു. സന്തോഷകരവും ആരോഗ്യകരവും സംതൃപ്തവുമായ ജീവിതം നയിക്കുന്നതിനാവശ്യമായ സാമൂഹികവും വൈകാരികവുമായ കഴിവുകൾ വികസിപ്പിക്കാൻ അത് കുട്ടിയെ സഹായിക്കുന്നു.

കുട്ടികളുടെ മാനസികാരോഗ്യത്തെ വളർത്താൻ മാതാപിതാക്കൾക്കു ചെയ്യാവുന്ന പത്തു കാര്യങ്ങൾ ഇനി പറയാം.

1. ശാരീരികവും മാനസികവും വൈകാരികവുമായ പ്രതിസന്ധികളിൽ അവർ ഒറ്റയ്ക്കല്ല എന്ന ഉറപ്പ് കുട്ടിക്കു കൊടുക്കുക എന്നതാണ് പ്രഥമമായി ഓരോ മാതാവും പിതാവും ചെയ്യേണ്ടത്.

2. മുതിർന്നവർക്കുപോലും സ്വതന്ത്രമായി പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങളുണ്ടെന്ന് അവരോടു പറയുക. മുതിർന്നവരുടെയും പ്രിയപ്പെട്ടവരുടെയും സഹായത്തോടെ ഏതൊരു പ്രതിസന്ധിയും മറികടക്കാൻ കഴിയുമെന്ന് അവർ മനസ്സിലാക്കട്ടെ.

3. കൗമാരത്തിന്റെ വെല്ലുവിളികളെക്കുറിച്ച് ആൺകുട്ടിയെന്നോ, പെൺകുട്ടിയെന്നോ വ്യതാസമില്ലാതെ നിങ്ങളുടെ കുട്ടിയുമായി തുറന്നു സംവദിക്കുക.

4. ദൈനംദിനജീവിതത്തിലെ കാര്യങ്ങൾ തുറന്നു ചർച്ചചെയ്യാനുള്ള ധൈര്യവും സ്വാതന്ത്യ്രവും അവർക്കു നൽകുക.

5. കുട്ടികളുടെ സ്വകാര്യതയെ അംഗീകരിക്കുക.

6. നിങ്ങളോട് സംസാരിക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ, അവർക്കുകൂടി സ്വീകാര്യരായ അടുത്ത കുടുംബസുഹൃത്തുക്കൾ, ബന്ധുക്കൾ, കൗൺസിലർമാർ അല്ലെങ്കിൽ പ്രഫഷണൽ സോഷ്യൽ വർക്കേഴ്സ് എന്നിവരുമായി തങ്ങളുടെ ആശങ്കകൾ പങ്കിടാൻ നിർദേശിക്കുക.

7. അവർ നിരാശയുള്ളവരോ, അസ്വസ്ഥരോ ആയി കാണപ്പെടുമ്പോൾ അവരോടൊപ്പം കൂടുതൽ സമയം ചിലവഴിക്കുക.

8. സ്കൂൾ ജോലികൾ, വീട്ടുജോലികൾ അല്ലെങ്കിൽ മറ്റു പ്രവർത്തനങ്ങൾ എന്നിവയിൽനിന്ന് ഇടവേളകളെടുക്കാനും അവർ ഇഷ്ടപ്പെടുന്ന മറ്റു കാര്യങ്ങൾ ചെയ്യാനും പ്രോത്സാഹിപ്പിക്കുക.

9. ഉപദേശരൂപത്തിലുള്ള സംസാരം സാധിക്കുന്നിടത്തോളം ഒഴിവാക്കുന്നതാണ് നല്ലത്.

10. ആരോഗ്യകരമായ ബദൽ ഇടപഴകലുകൾക്കായി അവർക്ക് ഇഷ്ടമുള്ള ചില പ്രവർത്തനങ്ങൾ നിർദേശിക്കുക. ഉദാ: ഗാർഡനിങ്, മൃഗപരിപാലനം.

ഡോ. സെമിച്ചൻ ജോസഫ്

(തുടരും)

LEAVE A REPLY

Please enter your comment!
Please enter your name here

Latest News