സാധാരണ ഗതിയിൽ അറുപത് അല്ലെങ്കിൽ എഴുപത് വയസ് കഴിഞ്ഞാൽ റിട്ടയർമെന്റ് ജീവിതത്തിലേയ്ക്ക് പ്രവേശിക്കുന്നവരാണ് ഇന്നത്തെ ആളുകളിൽ ഭൂരിഭാഗവും. എന്നാൽ ആ പതിവുകളെല്ലാം തെറ്റിച്ചിരിക്കുന്ന ഒരു വ്യക്തിയാണ് ഫ്രാൻസിലുള്ള ക്രിസ്റ്റ്യൻ ചെനായ് എന്ന ഡോക്ടർ. തന്റെ നൂറ്റിയൊന്നാം വയസിലും രോഗികളെ ചികിൽസിച്ചു കൊണ്ട് ഉത്സാഹവാനായിരിക്കുകയാണ് ക്രിസ്റ്റ്യൻ ചെനായ്.
ഏതാണ്ട് രണ്ടാം ലോകമഹായുദ്ധ സമയത്താണ് ക്രിസ്റ്റ്യൻ ചെനായ് ഡോക്ടർ ആയി സേവനം ചെയ്തു തുടങ്ങിയത്. ഒരു ഇന്റേൺ എന്ന നിലയിൽ, ഒരു ടൈഫോയ്ഡ് പകർച്ചവ്യാധി ചികിത്സിക്കാൻ ജർമ്മൻ അധികൃതർ അദ്ദേഹത്തെ നിർബന്ധിച്ചു. കഠിനമായ സാഹചര്യങ്ങളും മരുന്നിന്റെ അഭാവവും ഉണ്ടായിരുന്നിട്ടും ആ പ്രതിസന്ധി ഘട്ടങ്ങളെ അതിജീവിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞു. എന്നാൽ അദ്ദേഹം രോഗികളെ ചികിത്സിച്ച ഒരേയൊരു പകർച്ചവ്യാധി ഇതായിരുന്നില്ല. 2020-ൽ കൊറോണ വൈറസ് പാൻഡെമിക് പൊട്ടിപ്പുറപ്പെട്ടതിനുശേഷം, റിട്ടയർ ചെയ്ത സന്യാസിനികളുള്ള ഒരു നഴ്സിംഗ് ഹോമിൽ അദ്ദേഹം വൈദ്യ പരിചരണത്തിൽ ഏർപ്പെട്ടു.
“ഞങ്ങൾക്ക് തുടക്കത്തിൽ വാക്സിനേഷൻ നൽകിയിരുന്നില്ല, ഞങ്ങൾക്ക് മാസ്കുകൾ ഇല്ലായിരുന്നു. രോഗബാധിതരാകാതിരുന്നത് എന്റെ ഭാഗ്യമാണ്.” -ലെ പാരിസിയന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറയുന്നു. ഡോ. ക്രിസ്റ്റ്യൻ ചെനായ് ഇപ്പോഴും രോഗികളെ ചികിൽസിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ സംരക്ഷണയിൽ 425 പേരുണ്ട്. ‘ഈ പ്രായത്തിലും ബുദ്ധിമുട്ടല്ലേ ഈ ജോലി’ എന്ന് ചോദിച്ചാൽ ‘ഇപ്പോൾ തന്റെ തൊഴിൽ അദ്ദേഹത്തിന് ഒരു ജോലി എന്നതിനേക്കാൾ ഉപരിയായി ഒരു സാമൂഹിക സേവനമാണ്’ എന്നാവും അദ്ദേഹം പറയുക.
ഡോ. ക്രിസ്റ്റ്യൻ ചെനായ് ഇപ്പോൾ ആയിരിക്കുന്ന സ്ഥലത്ത് ഡോക്ടർമാരുടെ കുറവ് ധാരാളം ഉണ്ട്. ഈ ഒരു കാരണം കൊണ്ട് കൂടിയാണ് അദ്ദേഹം തന്റെ രോഗികളെ നോക്കുന്നത് തുടരുന്നത്. മറ്റൊന്ന്, വൈദ്യശാസ്ത്രത്തോടുള്ള അദ്ദേഹത്തിന്റെ പ്രകടമായ സ്നേഹമാണ്. രോഗികൾ പ്രധാനമായും കുറിപ്പടികൾക്കായി അദ്ദേഹത്തിൻറെ അടുക്കൽ വരുന്നു. എന്നാൽ അടുത്തിടെ അദ്ദേഹം ഓൺലൈൻ ആയി രോഗികളെ കാണുന്നത് തുടങ്ങിയിരിക്കുകയാണ്.
നാളിതുവരെ വളരെ സന്തോഷവാനായിട്ടാണ് അദ്ദേഹം കാണപ്പെട്ടിരിക്കുന്നത്. ഈ ദീർഘായുസിന്റെയും സന്തോഷത്തിന്റെയും കാരണം എന്താണെന്നു പലരും അദ്ദേഹത്തോട് ചോദിച്ചിട്ടുണ്ട്. എന്നാൽ അതിനു പ്രത്യേകിച്ച് കാരണം ഒന്നും ഇല്ലെന്നാണ് അദ്ദേഹത്തിന്റെ ഭാഷ്യം. “രഹസ്യങ്ങളൊന്നുമില്ല. ഞാൻ എപ്പോഴും ക്രമരഹിതമായി ഭക്ഷണം കഴിച്ചിട്ടുണ്ട്, അധികം കഴിക്കാറില്ല. ഞാൻ എല്ലായ്‌പ്പോഴും ഒരേ സമയം രണ്ട് കാര്യങ്ങൾ ചെയ്യുന്നു” അദ്ദേഹം വെളിപ്പെടുത്തി. ദീർഘകാല സേവനത്തിന് പ്രാദേശിക ഭരണകൂടം അദ്ദേഹത്തെ ആദരിച്ചു.