Tuesday, July 21, 2026

വിപ്ലവ സൂര്യന്റെ അസ്തമനത്തിന് ഒരു വർഷം: ജനഹൃദയങ്ങളിൽ സഖാവ് വി. എസ്സിന്റെ മരിക്കാത്ത ഓർമ്മകൾ

വിപ്ലവ സൂര്യൻ വി. എസ്. അച്യുതാനന്ദൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്ന് ഒരു വർഷം. അഴിമതിക്കെതിരെയുള്ള ശബ്ദമായി ജനഹൃദയങ്ങളില്‍ സ്ഥിരപ്രതിഷ്ഠ നേടിയ നേതാവ്, വിപ്ലവ നായകന്‍, സിപിഎം സ്ഥാപക നേതാക്കളില്‍ ഒരാള്‍, മുന്‍ കേരളാ മുഖ്യമന്ത്രി എന്നീ നിലകളിലെല്ലാം ശോഭിച്ച വ്യക്തിയായിരുന്നു വി. എസ്സ്. കഴിഞ്ഞ വർഷം ജൂലൈ 21ന് 101ാം വയസ്സിലാണ് അദ്ദേഹം വിട പറഞ്ഞത്. ഇന്ന് വിഎസ്സിന്റെ ഓർമ്മകൾക്ക് ഒരു വയസ്സ് തികയുമ്പോഴും പോരാട്ട വീര്യം ഇനിയും കെട്ടൊടുങ്ങാതെ ജനമനസ്സുകളിൽ ജ്വലിച്ചുനിൽക്കുകയാണ് പ്രിയ സഖാവ്.

വിമർശകരെ പോലും കേൾവിക്കാരാക്കുന്ന വി. എസ്

ഉള്ളിലെ തീപ്പൊരി ആശയം കൈയ്യിൽ ഒരു മൈക്കിന്റെ സഹായമില്ലാതെ വേദിയുടെ അ​ങ്ങേ അറ്റത്ത് ഇരിക്കുന്ന കേൾവക്കാരന്റെ ഉള്ളിലെത്തിച്ച്, തീജ്വലിപ്പിക്കാൻ കഴിവുള്ള നേതാവായിരുന്നു വി എസ്. ലളിതവും പരിചിതവുമായ ഭാഷയിലൂടെ ഉച്ചത്തിൽ വ്യത്യസ്തമായ ശൈലിയിൽ പ്രസം​ഗിക്കുന്നത് വി എസ്സിന്റെ ശൈലിയായിരുന്നു. എതിരാളികളെക്കുറിച്ചുള്ള ശക്തമായ വിമർശനം ചിലപ്പോള്‍ വർണ്ണാഭമായും മറ്റു ചിലപ്പോൾ പരുഷവുമായ പദപ്രയോഗങ്ങളിലൂടെ പ്രകടിപ്പിക്കുന്നതും പുന്നപ്രയിലെ ഈ സമരനായകന്റെ രീതിയായിരുന്നു. വിമർശകരെ പോലും കേൾവിക്കാരാക്കാൻ വി എസ്സിന് കഴിഞ്ഞിട്ടുണ്ട്. 1940ൽ സജീവമായി കമ്മ്യൂണിസ്റ്റ് പാർട്ടി മെമ്പറായത് മുതൽ അവസാനം വരെ ഈ ആവേശം കെടാതെ കാത്ത് സൂക്ഷിക്കാൻ വി എസ്സിന് സാധിച്ചത്, അദ്ദേഹം ജീവിച്ചുവന്ന സഹാചര്യങ്ങളും പാർട്ടി സേവനങ്ങൾക്കിടയിൽ അനുഭവിച്ച കൊടിയ പൊലീസ് മർദ്ദനങ്ങളിലും തളർന്ന് പോകാത്ത മനസ്സിന്റെ കുതിപ്പിലൂടെയാണ്.

സാധാരണക്കാരനിൽ നിന്നും നേതാവിലേക്ക്

1923 ഒക്ടോബർ 20ന് ആലപ്പുഴ പുന്നപ്രയിൽവേലിക്കകത്ത് വീട്ടിൽ ശങ്കരന്റെയും അക്കമ്മയുടെയും മകനായി വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്ന വി എസ്സ് അച്യുതാനന്ദൻ ജനിച്ചു. നാലാം വയസ്സിൽ അമ്മയും പതിനൊന്നാം വയസ്സിൽ അച്ഛനും മരിച്ചതോടെ അച്ഛന്റെ സഹോദരിയാണ് വി എസ്സിനെ വളർത്തിയത്. ഏഴാം ക്ലാസ്സിൽ പഠനം അവസാനിപ്പിച്ച് സഹോദരന്റെ തയ്യൽ കടയിൽ സഹായിയായി ജോലി നോക്കി. ഇതിനിടയിൽ നിവർത്തനപ്രക്ഷോഭം നാട്ടിൽ കൊടുമ്പിരികൊണ്ടിരുന്ന കാലത്ത് അതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട അച്യുതാനന്ദൻ 1938-ൽ സ്റ്റേറ്റ് കോൺഗ്രസ്സിൽ അംഗമായി ചേർന്നു. 1940-ൽ കമ്യൂണിസ്റ്റ് പാർട്ടി മെമ്പറായി മാറി. എന്നാൽ വി എസ്സിനുള്ളിൽ ഒരുനല്ല കമ്മ്യൂണിസ്റ്റുകാരനെ തിരിച്ചറിഞ്ഞത് പി. കൃഷ്ണപിള്ളയാണ്. അങ്ങനെ കുട്ടനാട്ടിലെ കർഷക തൊഴിലാളികൾക്കിടയിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വളർത്തുന്നതിനായി അച്യുതാനന്ദൻ നിയോ​ഗിക്കപ്പെട്ടു. പിന്നീടങ്ങോട്ട് വി എസ്സിന്റെ ഉള്ളിലെ കമ്മ്യൂണിസ്റ്റുകാരന്റെ വളർച്ചയുടെ കാലഘട്ടമായിരുന്നു.

കൊടിയ വേദനകളുടെ പുന്നപ്ര വയലാർ സമരം

തിരുവിതാംകൂർ ദിവാനായിരുന്ന സി പി രാമസ്വാമി അയ്യർക്കെതിരെ 1946 ഒക്ടോബറിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന പുന്നപ്ര വയലാർ സമരത്തിൽ പങ്കെടുത്ത നേതാക്കളിൽ പ്രധാനിയാണ് വി എസ്സ്. പുന്നപ്ര വയലാർ സമരത്തിന്റെ ഭാ​ഗമായുള്ള പ്രവർത്തനങ്ങളുടെ പേരിൽ 1946 ൽ വി എസ്സ് പൊലീസിന്റെ കസ്റ്റഡിയിൽ ആയി. പൊലീസ് ലോക്കപ്പിൽ വെച്ച് അദ്ദേഹം നേരിട്ട കൊടിയ പീഡിനങ്ങൾ ആർക്കും ചിന്തിക്കാവുന്നതിലും അപ്പുറമായിരുന്നു. രണ്ടു കാലുകളും ലോക്കപ്പിന്റെ അഴികളിലൂടെ പുറത്തെടുത്തു. തുടർന്ന് രണ്ടുകാലിലും ലാത്തിവെച്ച് കെട്ടി മർദ്ദിച്ചു. ഇ.എം.എസും കെ.വി. പത്രോസും എവിടെ ഒളിച്ചിരിക്കുന്നുവെന്ന ചോദ്യത്തിന് മറുപടിക്ക് വേണ്ടി വി എസ്സിനെ തലങ്ങും വിലങ്ങും തല്ലിച്ചതച്ചു. ബോധം പോയെന്ന അവസ്ഥയിലെത്തിയപ്പോൾ അവസാനം തോക്കിന്റെ ബയണറ്റ് ഉള്ളംകാലിലേക്ക് ആഞ്ഞുകുത്തി. ബയണറ്റ് പാദം തുളച്ച് അപ്പുറത്തിറങ്ങി. അതോടെ അവശനായ വി എസ്സിനെ മരിച്ചെന്ന് കരുതി പാലാ ആശുപത്രിയിൽ ഉപേക്ഷിച്ചു. പൊലീസിന്റെ ലാത്തിക്കും ബയണറ്റിനുമിടയിൽ ജീവനുവോണ്ടി പോരാടുമ്പോൾ വി എസ്സിന് അന്ന് പ്രായം വെറും 23 ആയിരുന്നു.

വി എസ്സിനുള്ളിലെ ആ സമര നേതാവിനെ ഊതിക്കാച്ചിയെടുക്കാൻ പുന്നപ്രവയലാർ സമരത്തിന് കഴിഞ്ഞിട്ടുണ്ട്. പിന്നീടങ്ങോട്ട് യൗവ്വനം ജയിലിലും തടവിലുമായപ്പോഴും സമരവീര്യം ഒട്ടും ചോർന്ന് പോകാതെ കത്തിജ്വലിച്ചുകൊണ്ടേ ഇരുന്നു. 2006-ലാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ വൻഭൂരിപക്ഷത്തോടെ ഇരുപതാമത് മുഖ്യമന്ത്രിയായി സ്ഥാനമേൽക്കുന്നത്. അഴിമതിക്കാരെയും കയ്യേറ്റക്കാരെയും ക്രിമിനലുകളെയും നിർദ്ദയം അമർച്ച ചെയ്ത അഞ്ച് വർഷക്കാലത്തെ മുഖ്യമന്ത്രിപദം. കുറച്ച് വർഷങ്ങളായി പാർട്ടിയിലും പൊതു പ്രവർത്തനങ്ങളിൽ നിന്നും മാറി വിശ്രമത്തിലായിരുന്നു. തികഞ്ഞ കമ്മ്യൂണിസ്റ്റുകാരനെന്ന് ഉറച്ച ശബ്ദത്തിൽ പറയാൻ വി എസ്സ് പാർട്ടിക്ക് നൽകിയ സംഭാവനകൾ മാത്രം മതി.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News