ഒരു ശൈത്യകാലം ആരംഭിച്ചിരിക്കുകയാണ്. അതിനിടയിൽ അൽപ്പം ആശ്വാസമെന്നോണം റഷ്യ- ഉക്രൈൻ യുദ്ധത്തിന് താത്കാലിക ശമനമായതായി വെളിപ്പെടുത്തുന്ന റിപ്പോർട്ടുകൾ എത്തുകയാണ്. ഉക്രൈൻ നഗരമായ കെർസൺ തിരിച്ചു പിടിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഊർജ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളിൽ ഉക്രൈനിലെ വൈദ്യുതി ബന്ധം വിശ്ചേദിക്കുന്നതിൽ റഷ്യ വിജയിച്ചു. ഇത് വീണ്ടെടുക്കാനുളള ശ്രമത്തിലാണ് ഉക്രൈൻ.
ജി 20 യിലും, യുഎൻ പൊതുസഭയിലും ലോകരാജ്യങ്ങൾ ഉക്രൈനെ പിന്തുണച്ചതിൽ റഷ്യ അസ്വസ്ഥമാണ്. ഉക്രൈനിൽ റഷ്യൻ മിസൈലുകൾ വരുന്നതായി ഓർമിപ്പിച്ചുകൊണ്ട് അപായ സൈറണുകൾ മുഴങ്ങുന്നത് ഇപ്പോൾ സ്ഥിരം സംഭവമാണ്. എന്നാൽ ശൈത്യകാലം യുദ്ധത്തിന് താൽക്കാലിക ശമനം നൽകും എന്നതായാണ് വിലയിരുത്തപ്പെടുന്നത്. യുദ്ധമുന്നണിയിൽ റഷ്യൻ സേന ഒളിച്ചിരിക്കുന്ന ഇടങ്ങൾ കണ്ടെത്തി റോക്കറ്റുകൾ വിക്ഷേപിക്കുന്ന രീതിയാണ് ഇപ്പോൾ ഉക്രൈൻ പിന്തുടരുന്നത്.
അതേസമയം മഞ്ഞ് മൂടിക്കഴിയുമ്പോൾ ഇതായിരിക്കില്ല അവസ്ഥ. റഷ്യൻ സൈന്യത്തിനും ഉക്രൈനും ഈ നാളുകളെ അതിജീവിക്കുക അൽപം ശ്രമകരമായ കാര്യമാണ്. ഉക്രൈൻകാർക്ക് ശൈത്യകാലം ആക്രമണങ്ങളിൽ നിന്നുളള താത്കാലിക മോചനമാണെങ്കിലും യുദ്ധത്തിനായി തയ്യാറെടുക്കുന്നതിനുള്ള ഇടവേളകളാണ് ഇത് സൈന്യത്തിന് സമ്മാനിക്കുന്നത്. യുദ്ധത്തിൽ നേരിട്ട് പങ്കെടുക്കാത്ത അമേരിക്ക, ജർമ്മനി, കാനഡ എന്നീ രാജ്യങ്ങൾ ഉക്രൈൻ സൈന്യത്തിന് ശൈത്യകാലത്തെ അതിജീവിക്കാൻ സഹായങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.
എന്നാൽ ശൈത്യകാലത്ത് ഉക്രൈനിൽ പകൽ വെളിച്ചം ഒമ്പത് മണിക്കൂർ മാത്രം ആയിരിക്കും. പൂജ്യം ഡിഗ്രി സെൽഷ്യസിലേക്ക് താപനില എത്തുന്ന സാഹചര്യവും ഉണ്ടാകും. ഇതിനാൽ തന്നെ യുദ്ധം അത്ര എളുപ്പമാകില്ല. ഒപ്പം സാധാരണ ജനജീവിതവും. ആദ്യം കീവിലാണ് മഞ്ഞ് മൂടിയിരിക്കുന്നത്. റഷ്യ കീഴടക്കിയ മരിയുപോളിൽ മിസൈൽ വീഴുന്നില്ല എങ്കിലും നാശനഷ്ടങ്ങളുടെ കൂമ്പാരമാണ് ഇവിടം. എത്രയാളുകൾ ഇവിടെ അവശേഷിക്കുന്നുണ്ട് എന്നതും ഉക്രൈൻ സൈന്യത്തിന് വ്യക്തമല്ല.
പിടിച്ചെടുത്ത ഉക്രൈൻ നഗരങ്ങളിൽ ആധിപത്യം ഉറപ്പിക്കാനാണ് റഷ്യയുടെ ലക്ഷ്യം എന്നാണ് വിലയിരുത്തൽ. എന്നാൽ ശൈത്യകാലത്ത് റഷ്യൻ ആക്രമണം ഉണ്ടാകില്ലെന്ന് ഉറപ്പിക്കാനും ഉക്രൈയ്നു കഴിയില്ല. ഊർജ കേന്ദ്രങ്ങൾ തകർത്ത റഷ്യയുടെ അടുത്ത നീക്കം ഉക്രൈനിൻറെ ജലവിതരണ സംവിധാനത്തിന് നേരെ ആകുമോ എന്ന ആശങ്കയും തുടരുകയാണ്.
ശൈത്യം നൽകുന്ന ഇടവേളയ്ക്കിടയിലും ആശങ്കകൾ ഏറുകയാണ്. ഇവിടെ റഷ്യയ്ക്കോ ഉക്രൈനോ സ്വസ്ഥതയില്ല. ഒരിടത്ത് സമാധാനത്തിനായി ആഗ്രഹിക്കുന്ന രാജ്യം. മറ്റൊരിടത്ത് ശത്രുസംഹാരത്തിനായി കെണികൾ ഒരുക്കുന്ന രാജ്യവും. രണ്ടായാലും പടക്കോപ്പുകൾ ഒരുക്കപ്പെടുകയാണ്. അതിനിടയിൽ ജീവനും ജീവിതവും മുറുകെ പിടിച്ചു കാത്തിരിക്കുകയാണ് ഒരു ജനത. ഒരു ശൈത്യം അതിജീവിക്കുന്നത് പോലെ ഈ യുദ്ധത്തെയും പ്രതിസന്ധികളെയും അതിജീവിക്കുവാൻ കഴിയും എന്ന പ്രതീക്ഷയിൽ.