Monday, November 25, 2024

“മണ്ണുമൂടിയ കെട്ടിടത്തിനുള്ളിൽ നിന്നും ഒരു ഫോൺ വിളി”: പ്രിയപ്പെട്ടവരുടെ വേർപാടിൽ നൊന്ത് ഇറ്റാലിയൻ ദ്വീപ്

“അപ്രതീക്ഷിതമായ സമയത്താണ് വീടുകൾക്കും വാഹനങ്ങൾക്കും മുകളിലേയ്ക്കു മണ്ണിടിഞ്ഞു വീണത്. മണ്ണിനടിയിൽപ്പെട്ട വീട്ടിൽ നിന്നും രക്ഷപ്പെടുന്നതിനായി ആ മുപ്പതുകാരി അകലെ താമസിക്കുന്ന തന്റെ പിതാവിനെ വിളിച്ചു. ദുരന്തമുഖത്തേയ്‌ക്ക്‌ ഓടിയെത്തിയ ആ പിതാവിന് കാണുവാൻ കഴിഞ്ഞത് മണ്ണും ചെളിയും മൂടിക്കിടക്കുന്ന ഒരു പ്രദേശം മാത്രം. മകളുടെ വീടോ, സ്ഥലമോ എവിടെയാണെന്ന് കണ്ടെത്തുവാൻ കഴിയാത്ത സാഹചര്യം. സുരക്ഷാ സേനയോടൊപ്പമുള്ള തിരച്ചിലിനു ഒടുവിൽ മകളെ കണ്ടെത്തുമ്പോൾ ഇഹലോകവാസം വെടിഞ്ഞു അവൾ യാത്രയായിരുന്നു,”- ഇറ്റലിയിലെ ദ്വീപായ ഇഷിയയിൽ മണ്ണിടിച്ചിലിൽപ്പെട്ട ആളുകളെ കുറിച്ചുള്ള വേദന നിറഞ്ഞ അനുഭവങ്ങളാണ് പുറത്തു വരുന്നത്.

തെക്കൻ ഇറ്റലിയിൽ ദിവസങ്ങളോളം തുടർച്ചയായി മഴ പെയ്തിരുന്നു. ആർത്തലച്ചെത്തുന്ന മഴയുടെ തീവ്രതയിലും ഒരിക്കൽ പോലും ഇത്തരത്തിൽ ഒരു മണ്ണിടിച്ചിൽ അപകടം അവർ പ്രതീക്ഷിച്ചിരുന്നില്ല. ശനിയാഴ്ച അപ്രതീക്ഷിതമായി ആണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഞായറാഴ്ച മഴ കുറഞ്ഞതിന് ശേഷമാണു രക്ഷാ പ്രവർത്തനം പോലും ഊർജ്ജിതമാക്കുവാൻ സാധിച്ചത്. ഇതുവരെ നടത്തിയ തിരച്ചിലിൽ അഞ്ചു പേരുടെ മൃതദേഹം കണ്ടെടുത്തു. ഇനിയും കാണാതായ ധാരാളം ആളുകളെ കണ്ടെത്തേണ്ടതുണ്ട്. നൂറോളം അഗ്നിശമനാ സേനാംഗങ്ങൾ സംഭവ സ്ഥലത്ത് തിരച്ചിൽ തുടരുകയാണ്. അതിനാൽ തന്നെ ഇനിയും മരണ സംഖ്യ ഉയർന്നേക്കാം.

ടൈറേനിയൻ കടലിലെ ഇഷിയ, വിദേശികൾക്കും ഇറ്റലിക്കാർക്കും ഒരുപോലെ അവധിക്കാല കേന്ദ്രമാണ്. എലീന ഫെരാന്റെയുടെ നെപ്പോളിറ്റൻ നോവൽസ് എന്ന പുസ്തക പരമ്പരയിൽ ഇത് പ്രത്യക്ഷപ്പെട്ടു, 1999-ൽ പുറത്തിറങ്ങിയ ദ ടാലന്റഡ് മിസ്റ്റർ റിപ്ലി എന്ന ചിത്രത്തിന്റെ പശ്ചാത്തലമായിരുന്നു ഇത്. ഈ ദ്വീപിലെ പ്രധാന പ്രശ്നം ഇവിടെയുള്ള ഭൂരിഭാഗം കെട്ടിടങ്ങളും അനധികൃതമായി നിർമ്മിച്ചവയാണ് എന്നതാണ്. മതിയായ സുരക്ഷയില്ലാത്ത സ്ഥലങ്ങളിൽ നിർമ്മിക്കപ്പെട്ടതിനാൽ തന്നെ ഈ കെട്ടിടങ്ങൾ ഒന്നും മണ്ണിടിച്ചിലിന്റെയും ഭൂകമ്പത്തിന്റെയും ശക്തിയെ നേരിടുകയും ഇല്ല.

കനത്ത മഴ പോലുള്ള പതിവ് പ്രതിഭാസങ്ങളെ നേരിടാൻ കെട്ടിടങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും കഴിയുമെന്ന് ഉറപ്പാക്കാൻ ഇറ്റലിക്ക് “കാലാവസ്ഥാ വ്യതിയാനവുമായി പൊരുത്തപ്പെടാനുള്ള ദേശീയ പദ്ധതി” ആവശ്യമാണെന്ന് സിവിൽ പ്രൊട്ടക്ഷൻ മന്ത്രി നെല്ലോ മുസുമെസി പറഞ്ഞു. “നമ്മുടെ പ്രദേശം സുരക്ഷിതമാക്കുക എന്നത് അടുത്ത കുറച്ച് വർഷത്തിനുള്ളിൽ ഞങ്ങൾ പൂർത്തിയാക്കേണ്ട ഏറ്റവും വലിയ പൊതുപ്രവർത്തനമാണ്. ഇല്ലെങ്കിൽ, ഞങ്ങൾ ഇനിയും കൂടുതൽ ആളുകളെ വിലപിക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു.

Latest News