Monday, November 25, 2024

നദി വേണം, ഒപ്പം മത്സ്യങ്ങളും: പ്രകൃതി സംരക്ഷണത്തിനായി ഡാമുകൾ പൊളിക്കുന്ന അമേരിക്ക

നദി വേണോ? സാൽമൺ മൽസ്യങ്ങൾ വേണോ? അതോ അണക്കെട്ട് വേണോ? നിങ്ങൾക്ക് തീരുമാനിക്കാം. ആധുനിക ലോകത്തിന്റെ വ്യവസായവൽക്കരണത്തിന്റെ ഭാഗമായി നദികളിൽ ഡാമുകൾ ഉയർന്നു വന്നപ്പോൾ, അവ പ്രകൃതിയുടെ തനത് ആവാസവ്യവസ്ഥയെ ഇല്ലാതാക്കുന്നു എന്ന തിരിച്ചറിവ് ഉണ്ടായി. വളരെ വൈകി വന്ന ഒരു തിരിച്ചറിവ്. ആ തിരിച്ചറിൽ നേരിനൊപ്പം നിൽക്കാൻ തയ്യാറായ അമേരിക്കൻ നീതിന്യായ സംവിധാനം നദികൾക്കും മൽസ്യക്കുഞ്ഞുങ്ങൾക്കും അനുകൂലമായി വോട്ടു ചെയ്തു. ഡാമുകൾ പൊളിച്ചു മാറ്റുവാൻ തീരുമാനിച്ചു.

ഡാമുകളെ കുറിച്ചുള്ള കാഴ്ചപ്പാടിൽ ലോകത്തിനു മാറ്റം വരികയാണോ? അതോ കാലാവസ്ഥയും ജീവജാലങ്ങളുടെ വംശനാശവും ലോകത്തെ ഭയപ്പെടുത്തുന്നുവോ? എന്തായാലും ഈ മാറ്റത്തിലേയ്ക്ക് നയിച്ച അമേരിക്കയിലെ സംഭവങ്ങളെ അറിയാം.

അടുത്തിടെ കലിഫോർണിയയിലെ ക്ലാമത്ത് നദിയിലെ നാല് വലിയ അണക്കെട്ടുകൾ പൊളിച്ചു കളയാൻ അമേരിക്ക തീരുമാനിച്ചിരുന്നു. വംശനാശം നേരിടുന്ന ചിനൂക്ക് വിഭാഗത്തിൽ പെട്ട സാൽമൺ മത്സ്യങ്ങളെ രക്ഷിക്കാൻ വേണ്ടിയാണ് ഈ അണക്കെട്ടുകൾ പൊളിച്ചു നീക്കുന്നത്. കാലിഫോർണിയയിൽ വൈദ്യുതി നൽകുന്നതിൽ വലിയ പങ്കു വഹിക്കുന്നത് ഈ അണക്കെട്ടുകളെ ആശ്രയിച്ച് പ്രവർത്തിക്കുന്ന ജല വൈദ്യുത പദ്ധതികളാണ്. എന്നിട്ടും വ്യവസായ മേഖലയുടെ കടുത്ത എതിർപ്പ് മറികടന്ന് യുഎസ് ഫെഡറൽ എനർജി റെഗുലേറ്ററി കമ്മിഷൻ ഇത്തരമൊരു തീരുമാനമെടുക്കുകയായിരുന്നു.

ക്ലാമത്ത് നദിയും സാൽമൺ സംരക്ഷണവും

കാലിഫോർണിയയിലെ രണ്ടാമത്തെ വലിയ നദിയാണ് ക്ലാമത്ത്. മരൂഭൂമിയിൽ നിന്ന് ആരംഭിച്ച് പർവതനിരകളിലൂടെ ഒഴുകി ശാന്ത സമുദ്രത്തിൽ പതിക്കുന്ന ക്ലാമത്തിന് 414 കിലോമീറ്റർ നീളമുണ്ട്. നദിയൊഴുകുന്ന വഴി മഴക്കാടുകളും ജൈവ വൈവിധ്യത്തിന്റെ കലവറയുമാണ്. 41,000 ചതുരശ്ര കിലോമീറ്റർ മേഖലയിൽ കൃഷിയും ജീവിതവും ഈ നദിയെ ആശ്രയിച്ചിരുന്നു. ചിനൂക്ക് സാൽമൺ എന്ന മത്സ്യത്തിന്റെ ആവാസ വ്യവസ്ഥയാണ് ക്ലാമത്ത് നദി. ഉപ്പുവെള്ളത്തിലും ശുദ്ധജലത്തിലും ജീവിക്കാൻ കഴിയുന്ന ഈ മീനുകൾ പ്രജനനത്തിനായി ക്ലാമത്ത് നദിയുടെ ഉൽഭവ സ്ഥാനങ്ങളിൽ എത്തും. പ്രജനന ശേഷം മത്സ്യവും കുഞ്ഞുങ്ങളും ശാന്ത സമുദ്രത്തിലേക്ക് മടങ്ങിയെത്തും.

വർഷങ്ങളായി മൽസ്യ സമ്പത്തിലൂടെ പേരുകേട്ട ഈ നദിക്കു ഇരുവശങ്ങളിലുമായി നഗരങ്ങൾ വളർന്നു. അത് നദിയുടെ ശോഷണത്തിനും മലിനീകരണത്തിനും കാരണമായി. കാലങ്ങൾ കഴിഞ്ഞപ്പോൾ നദിയിൽ ജലസേചനത്തിനും വൈദ്യുതി ഉൽപാദനത്തിനുമായി അണക്കെട്ടുകൾ നിർമ്മിച്ചു തുടങ്ങി. അതോടെ നദി മെലിയുകയും നദിയെ ആശ്രയിച്ചു ജീവിക്കുന്ന ജീവജാലങ്ങളുടെ തനതായ ആവാസ വ്യവസ്ഥകളിൽ മാറ്റം വരുകയും ചെയ്തു. ശാന്ത സമുദ്രത്തിൽ നിന്ന് പ്രജനനത്തിനായി സാൽമൺ മത്സ്യങ്ങൾക്ക് പുഴയുടെ മേൽഭാഗങ്ങളിലേക്ക് പോകാൻ അണക്കെട്ടുകൾ തടസമായി. പ്രജനനം മുടങ്ങിയതോടെ മത്സ്യം വംശനാശത്തിലേക്ക് നീങ്ങി.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ യുഎസിൽ സാൽമൺ ഉൽപാദനത്തിൽ മൂന്നാം സ്ഥാനം ക്ലാമത്ത് നദിക്കായിരുന്നു. അണക്കെട്ടുകൾ വന്നതോടെ അതിൽ 90% ഉൽപാദനവും ഇല്ലാതായി. സാൽമൺ സമ്പത്ത് ആശ്രയിച്ചു നദീ തീരത്ത് താമസിച്ച ആദിവാസി സമൂഹത്തിന്റെ ജീവിതം വഴിമുട്ടി. അവർ സമരം ആരംഭിച്ചു.

കാലാവസ്ഥാ മാറ്റം പകർന്ന അവബോധവും പുതിയ അമേരിക്കൻ മോഡലും

പ്രധാന നദികളിലെ അണക്കെട്ടുകൾ പൊളിച്ചു നീക്കാൻ അമേരിക്ക തയ്യാറായതിന് സാൽമൺ മാത്രമല്ല കാരണം. വൈകിയെത്തിയ പരിസ്ഥിതി ബോധവും കാലാവസ്ഥാ മാറ്റവും നൽകിയ ഭീതിപ്പെടുത്തുന്ന തിരിച്ചറിവും കൂടിയായിരുന്നു. ജൈവ വ്യവസ്ഥയുടെ നാശത്തിന്റെ പ്രധാന കാരണമായി അവർ അണക്കെട്ടുകളെ കണക്കാക്കി. അതിൽ പ്രധാനവും എളുപ്പത്തിൽ മനസ്സിലാക്കുവാൻ സാധിക്കുന്നതുമായ ഒരു ഘടകം മാത്രമായിരുന്നു വംശനാശത്തിന്റെ വക്കിൽ എത്തിയ സാൽമൺ. ഇതോടെ ജന്തു ജീവജാലങ്ങളുടെ തനത് ആവാസവ്യവസ്ഥയെ ഇല്ലാതാക്കുന്ന മനുഷ്യ നിർമ്മിതമായ അണക്കെട്ടുകൾ പൊളിച്ചു നീക്കുവാൻ അവർ തീരുമാനിച്ചു. അതോടെ ചരിത്രം മറ്റൊരു മോഡലിന് വഴിമാറുകയായിരുന്നു.

അണക്കെട്ടുകൾ മാറട്ടെ, പുഴ ഒഴുകട്ടെ

പ്രകൃതി സംരക്ഷണത്തിനായി തടയണകളും മറ്റും പൊളിച്ചു നീക്കുന്ന സംഭവം ആദ്യമായിട്ടല്ല അമേരിക്കയിൽ അരങ്ങേറുന്നത്. അടുത്ത കാലത്തായി അമേരിക്ക പൊളിച്ചു നീക്കിയത് 1700 അണക്കെട്ടുകളാണ്. കാലാവസ്ഥാ വ്യതിയാനവും പ്രകൃതി നാശവുമാണ് വികസനം സംബന്ധിച്ച ചിന്ത മാറ്റാൻ അമേരിക്കയെ നിർബന്ധിച്ചത്. അണക്കെട്ടുകൾ നൽകുന്ന വികസനത്തേക്കാൾ ശ്രദ്ധിക്കേണ്ടത് അവ സൃഷ്ടിക്കുന്ന പ്രകൃതി നശീകരണത്തെയാണെന്ന വേറിട്ട ചിന്തയാണ് ഇതിനു പിന്നിൽ.

ഏതാനും അണക്കെട്ടുകൾ പൊളിച്ചു നീക്കിയതോടെ മത്സ്യ സമ്പത്ത് അടക്കം നദികളിലെ ജൈവ സമ്പത്തും പ്രകൃതി സമ്പത്തും മെച്ചപ്പെട്ടു. അതോടെ ചെറുതും വലുതുമായ 1700 അണക്കെട്ടുകൾ അമേരിക്ക പൊളിച്ചു നീക്കി. അതിൽ തന്നെ ഏറ്റവും വലിയ ഡാം പൊളിക്കൽ പദ്ധതിയാണ് ക്ലാമത്ത് നദിയിൽ നടപ്പാക്കുന്നത്.

അമേരിക്കയിൽ മാത്രമല്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ഇത്തരത്തിൽ പ്രകൃതിക്കു ദോഷമായി നിൽക്കുന്നതും കാലപ്പഴക്കം ഉള്ളതുമായ ഡാമുകൾ പൊളിക്കുന്നു. ശാസ്ത്രത്തെ മുറുകെപിടിച്ചു നടത്തിയ നിർമ്മിതികൾ, പ്രാഗൽഭ്യത്തിന്റേയും സാങ്കേതികതയുടെയും പേരിൽ പ്രശസ്തമായ അണക്കെട്ടുകൾ ഇവയെല്ലാം പ്രകൃതിക്കായി തലതാഴ്ത്തുകയാണ്. അതിനു കാരണമാകുന്നത് ചില അവബോധങ്ങളും ഒപ്പം അൽപ്പം നേർക്കാഴ്ചകളും. മാറട്ടെ, മാറ്റങ്ങൾ വരട്ടെ. പ്രകൃതി സംരക്ഷണം ലക്ഷ്യം വച്ചുകൊണ്ടുള്ള വികസനങ്ങൾക്കു ഊന്നൽ നൽകുന്ന പുതിയ ഒരു ലോകത്തിനായി നമുക്കും കൈകോർക്കാം.

Latest News