ഓരോരുത്തരുടെയും ജീവിതത്തിൽ വിധി കരുതിവച്ചിരിക്കുന്ന ഓരോ വഴിത്തിരിവുകൾ ഉണ്ടാവും. ഒരുപക്ഷേ ലോകം ‘മണ്ടത്തരം’ എന്നു കണക്കാക്കുന്ന ഇത്തരം പോയിന്റുകൾ ആയിരിക്കും ഓരോരുത്തരെയും പ്രശസ്തിയുടെയും പെരുമയുടെയും ലോകത്തിലേക്ക് ആനയിക്കുന്നത്. അത്തരമൊരു വഴിത്തിരിവ് ജീവിതത്തിലുണ്ടായ വ്യക്തിയാണ് ഗില്ലെർമോ മാർട്ടിനെസ് ഗുവാന-വിവാസ്. ഒരു ടോയ് ഡിസൈനർ ആയിരുന്ന ഗില്ലെർമോ, അംഗവൈകല്യമുള്ളവർക്ക് കൃത്രിമക്കാലുകൾ നിർമ്മിച്ചു നൽകുന്ന ആളായി മാറി. ആ മാറ്റത്തിന്റെ കഥ വായിക്കാം.
ഒരു യുവ ഇൻഡസ്ട്രിയൽ എഞ്ചിനീയർ ആയ ഗില്ലെർമോ, ടോയ് ഡിസൈനറായാണ് തന്റെ കരിയർ ആരംഭിച്ചത്. എന്നും പുതുമയും കൗതുകവുമുള്ള കാര്യങ്ങൾ രൂപകൽപ്പന ചെയ്യാൻ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നു. ഒപ്പം അതിനായി ആത്മാർത്ഥമായി പരിശ്രമിക്കുകയും ചെയ്തിരുന്നു. 2016- ൽ പൊതുജനങ്ങൾക്ക് കൂടുതൽ എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുംവിധത്തിലും ചെറിയ വിലയിലും എത്തിയ 3D പ്രിന്ററുകളുടെ കണ്ടുപിടുത്തം അദ്ദേഹത്തിന്റെ ജിജ്ഞാസയെ ഉദ്ദീപിപ്പിച്ചു; സ്വന്തം ഡിസൈനുകൾ എളുപ്പത്തിൽ സൃഷ്ടിക്കുന്നതിനുള്ള ഒരു മാർഗ്ഗമായി അദ്ദേഹം അവയെ കണ്ടു.
ഗില്ലെർമോയ്ക്ക് അത് വാങ്ങാതിരിക്കാൻ കഴിഞ്ഞില്ല. ഈ പ്രിന്ററിന്റെ സഹായത്തോടെയും മറ്റും തന്റെ ബിരുദപഠനത്തിനായുള്ള പ്രോജക്ട് പൂർത്തിയാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. തകർന്ന കെട്ടിടങ്ങളിലെ രക്ഷാപ്രവർത്തനം പോലുള്ള ദുരന്തസാഹചര്യങ്ങളിൽ ആളുകളെ സഹായിക്കുന്ന ഒരു ഡ്രോൺ ആയിരുന്നു പ്രോജക്ടിനായി അവൻ നിർമ്മിച്ചത്. ഇത് നല്ല രീതിയിൽ അഭിനന്ദനം ഏറ്റുവാങ്ങുന്നതിന് ഗില്ലെർമോയെ സഹായിച്ചു. ആ അഭിനന്ദനങ്ങൾ, കൂടുതൽ കാര്യങ്ങൾ സമൂഹത്തിനു ഗുണകരമാകുന്ന രീതിയിൽ ചെയ്യണം എന്ന ആശയത്തിലേയ്ക്ക് അദ്ദേഹത്തെ എത്തിച്ചു.
2017- ൽ കെനിയയിലേക്ക് പോകാൻ അദ്ദേഹം പദ്ധതിയിട്ടിരുന്നു. കൈമുട്ടുകളില്ലാത്ത, അംഗവിച്ഛേദിക്കപ്പെട്ടവർക്ക് അവിടെ കൃത്രിമ അവയവങ്ങളൊന്നും ലഭ്യമല്ലെന്ന് കണ്ടെത്തി. കൂടാതെ, കൃത്രിമമായി നിർമ്മിക്കുന്ന അവയവങ്ങൾ വളരെ ചെലവേറിയതും സാധാരണക്കാർക്ക് താങ്ങാനാവാത്തതുമാണെന്നു ഗില്ലെർമോയ്ക്ക് മനസിലായി. ഈ തിരിച്ചറിവ് അദ്ദേഹത്തിന്റെ ജീവിതത്തിൽ ഒരു വഴിത്തിരിവായി മാറുകയായിരുന്നു. ഗില്ലെർമോ തിരികെയെത്തി തന്റെ പ്രിന്ററിന്റെ സഹായത്തോടെയും മറ്റും കൃത്രിമ അവയവങ്ങൾ നിർമ്മിച്ചു. അൽപം പ്രയാസകരമെങ്കിലും തന്റെ ഉദ്യമത്തിൽ നിന്നും പിന്നോട്ട് പോകാൻ അദ്ദേഹം തയ്യാറായിരുന്നില്ല. താൻ നിർമ്മിച്ച കൃത്രിമ അവയവങ്ങൾ റിഫ്റ്റ് വാലിയിലെ 5 പേർക്ക് എത്തിച്ചുനൽകി. ഈ പുതിയ ജോലിയും പുതിയ കരിയറും തിരഞ്ഞെടുക്കുമ്പോൾ അദ്ദേഹത്തിന് വെറും 22 വയസ് ആയിരുന്നു.
തന്റെ നൂതന ആശയം വിജയകരമായി മാറുന്നത് തിരിച്ചറിഞ്ഞ ഗില്ലെർമോ ഇത്തരം കൃത്രിമ അവയവങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിനായി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു സംഘടന തുടങ്ങാൻ ആഗ്രഹിച്ചു. അങ്ങനെ ആയുഡാമേ 3ഡി എന്ന സംഘടനയ്ക്ക് രൂപം നൽകി.
“എന്റെ ആദ്യത്തെ 3D പ്രിന്റർ കിട്ടിയപ്പോൾ, അത് കൂടുതൽ കാര്യങ്ങൾക്കായി ഉപയോഗിക്കാമെന്ന് ഞാൻ കണ്ടെത്തി. അതിനാൽ ഞാൻ അത് പ്രയോഗത്തിൽ വരുത്തുകയും എന്റെ സാങ്കേതിക പരിജ്ഞാനം ഉപയോഗിച്ച് മറ്റുള്ളവരെ സഹായിക്കുന്നത് വളരെ സംതൃപ്തി നൽകുന്നതാണെന്ന് മനസ്സിലാക്കുകയും ചെയ്തു. കെനിയയിലെ ഒരു ടീച്ചർക്കാണ് ആദ്യമായി കൃത്രിമ അവയവം നിർമ്മിച്ചുനൽകിയത്. ജീവിതത്തിൽ ആദ്യമായി പേനയും ബുക്കും കൈകൾ കൊണ്ട് എടുക്കാൻ പറ്റിയ സന്തോഷം ആ അദ്ധ്യാപിക പങ്കുവച്ചപ്പോൾ എന്റെ കണ്ണുകളും ഒപ്പം മനസും നിറഞ്ഞു” – തന്റെ ആദ്യസേവനം വിജയകരമായി പൂർത്തിയാക്കിയ ഗില്ലെർമോ പറയുന്നു.
അതൊരു തുടക്കം മാത്രമായിരുന്നു. പിന്നീടങ്ങോട്ട് ആയിരക്കണക്കിന് ആളുകൾക്ക്, പ്രത്യേകിച്ചും ശാരീരിക പരിമിതികൾ മൂലം പ്രതീക്ഷയറ്റവർക്ക് താങ്ങാകാൻ ഗില്ലെർമോയ്ക്ക് കഴിഞ്ഞു. ഒരു ക്രൗഡ് ഫണ്ടിംഗ് കാമ്പെയ്നായി ആരംഭിച്ച ഈ സംഘടന ഇപ്പോൾ ലോകമെമ്പാടുമുള്ള 55- ലധികം രാജ്യങ്ങളിൽ എത്തിക്കഴിഞ്ഞു. ഇന്ന് ഗില്ലെർമോ ഈ മേഖലയിലെ മറ്റ് പ്രൊഫഷണലുകളിൽ നിന്ന് സഹായം അഭ്യർത്ഥിക്കുകയും സ്വന്തം അറിവും അനുഭവവും പങ്കിടുകയും ചെയ്യുന്നു.
സാങ്കേതികവിദ്യയ്ക്ക് അംഗപരിമിതികളുള്ള ആളുകൾ അഭിമുഖീകരിക്കുന്ന അസമത്വം കുറയ്ക്കാനും അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും തൊഴിലവസരത്തിനും സ്കൂൾ വിദ്യാഭ്യാസത്തിനും മികച്ച അവസരങ്ങൾ നൽകാനും കഴിയുമെന്ന് ഗില്ലെർമോ വിശ്വസിക്കുകയാണ്. ആ വിശ്വാസം പ്രവർത്തിയിലും വിജയത്തിലും എത്തിച്ചിരിക്കുകയാണ് ഗില്ലെർമോ.