ഉക്രൈനിൽ യുദ്ധം തുടങ്ങിയിട്ട് 300 ദിവസങ്ങൾ പിന്നിടുകയാണ്. അതിശൈത്യത്താൽ വിറങ്ങലിച്ചു നിൽക്കുന്ന ഈ രാജ്യം ഓരോ ദിവസവും ഉണരുന്നത് പ്രതീക്ഷയുടെ പൊൻപുലരികൾ ആഗ്രഹിച്ചുകൊണ്ടാണ്. എന്നാൽ, ദിവസം ചെല്ലുംതോറും ഉക്രൈനിൽ നിന്നും കേൾക്കുന്നത് അത്ര നല്ല വാർത്തകളല്ല. ക്രിസ്തുമസിനായി ഒരുങ്ങുന്ന ഈ നാളുകളിൽ, മാസങ്ങളായി എല്ലാം നഷ്ടപ്പെട്ട നൂറുകണക്കിന് ആളുകൾക്ക് അഭയം നൽകിയ മലയാളി സന്യാസിനി സി. ലിജി പയ്യപ്പിള്ളി ഉക്രൈനിലെ അവസ്ഥ വിവരിക്കുകയാണ്.
ഉക്രൈനിലെ മുകച്ചെവോയിലുള്ള സെന്റ് ജോസഫ് ഓഫ് സെന്റ് മാർക്ക് കോൺവെന്റിന്റെ വാതിലുകൾ, ബുദ്ധിമുട്ടുന്ന അഭയാർത്ഥികളെ സ്വീകരിക്കാനായി തുറന്നിട്ടിരിക്കുകയാണ്. അതിശൈത്യത്താൽ തണുത്തുറഞ്ഞുപോയ ഈ നാട്ടിൽ പ്രതീക്ഷയുടെ ചൂട് പകരാൻ ഈ സന്യാസിനിമാർ തങ്ങളാൽ കഴിയുംവിധം ശ്രമിക്കുന്നു. 20 വർഷമായി ഉക്രൈനിൽ സേവനം ചെയ്യുന്ന സിസ്റ്റർ, യുദ്ധം അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തിയിട്ടും ആ നാടിനെയും അവിടെയുള്ളവരെയും ഉപേക്ഷിച്ചിട്ട് പോരാൻ തയ്യാറല്ല. കൂടെയുള്ള 17 സന്യാസിനിമാരോടൊപ്പം സി. ലിജി, സത്രത്തിൽ ഇടമില്ലാതെ വിഷമിച്ച തിരുക്കുടുംബത്തെ അനുസ്മരിപ്പിക്കുന്ന ഉക്രൈൻ ജനതയോടൊപ്പം നിലകൊള്ളുന്നു.
അതിശൈത്യത്തിൽ പ്രതീക്ഷയുടെ ചൂട് പകർന്ന്
മുറികൾ ചൂടാക്കുന്ന ഉപകരണങ്ങൾ ഇല്ലാത്തതും വൈദ്യുതിയുടെ അഭാവവും മൂലം നിരവധി ജനങ്ങൾ ഇവിടെ ബുദ്ധിമുട്ടുകയാണ്. അവർക്ക് അഭയം കൊടുക്കാനും അയൽരാജ്യങ്ങളിൽ നിന്നും സുമനസുകളിൽ നിന്നും ലഭിക്കുന്ന ഭക്ഷണവും മറ്റ് സഹായങ്ങളും സ്വീകരിച്ച് അത് ആവശ്യമുള്ളവരിൽ എത്തിക്കാനും ഇവർ ശ്രമിക്കുന്നു. ഉക്രൈനിലെ സൈനികർക്കായി വസ്ത്രങ്ങളും ഭക്ഷണസാധനങ്ങളും മരുന്നുകളും മറ്റു രാജ്യങ്ങളിൽ നിന്നും ഇവർക്ക് ലഭിക്കുന്നുണ്ട്. അത് ആവശ്യക്കാരിൽ എത്തിക്കാനും ഇവർ മുൻപന്തിയിൽ തന്നെ. അഭയാർത്ഥികളായി വരുന്നവർക്ക് ഭക്ഷണവും വസ്ത്രവും ഒന്നുമില്ല. ഈ സന്യാസിനിമാർ ഇവർക്കുള്ളതെല്ലാം അവരുമായി പങ്കിടുന്നു. വിവിധ ഗുണഭോക്താക്കൾ, ഈ സന്യാസിനിമാരെ പരിചയമുള്ള ആളുകൾ, വിദേശരാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നെല്ലാം സഹായം ലഭ്യമാകുന്നുണ്ട്.
“ഖാർഖിവിൽ മെഡിസിൻ പഠിക്കുന്ന രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾ പഠനം പൂർത്തിയാക്കാൻ ആഗ്രഹിച്ചതിനാൽ ഞങ്ങളോടൊപ്പം ഇവിടെയുണ്ട്. ആദ്യം ഞങ്ങൾ അവരെ ഒരു ഹോസ്റ്റലിൽ പാർപ്പിച്ചു, പക്ഷേ, ഹീറ്റിംഗ് സംവിധാനങ്ങൾ പ്രവർത്തിക്കാത്തതിനാലും ഭക്ഷണമില്ലാത്തതിനാലും അവർ രണ്ട് ദിവസം മാത്രമേ അവിടെ താമസിച്ചുള്ളൂ. ഇപ്പോൾ അവർ ഞങ്ങളുടെ കൂടെയുണ്ട്” – സി. ലിജി പറയുന്നു.
അതിജീവിതം തന്നെ അത്ഭുതം
ഉക്രൈനിൽ ജീവിതം വളരെ അപകടകരമാണ്. ഇവിടെ അതിജീവിക്കാൻ കഴിയുന്നതു തന്നെ ഒരു അത്ഭുതമാണ്. റഷ്യ നിരവധി മിസൈലുകളാണ് ഈ രാജ്യത്തിന്റെ മേൽ ഓരോ ദിവസവും തൊടുത്തുവിടുന്നത്. ഉക്രേനിയൻ സൈനികർ വളരെ ധീരരാണ്. കഴിഞ്ഞ ദിവസം 35 ഡ്രോണുകളുടെ ഒരു ആക്രമണം നടന്നു. അതിൽ 33 എണ്ണം ഉക്രേനിയൻ സൈനികർ നശിപ്പിച്ചു. രണ്ടെണ്ണം മാത്രം ലക്ഷ്യത്തിലെത്തി. എല്ലാ ആഴ്ചയും റഷ്യ 70 മുതൽ 100 വരെ മിസൈലുകൾ ഉക്രൈനു നേരെ തൊടുത്തുവിടുന്നു.
യുദ്ധം മുറുകുകയാണ്. ഇത് നിമിഷവും എന്തും സംഭവിക്കാം. എങ്കിലും ദൈവത്തിൽ ആശ്രയിച്ചുകൊണ്ട് മുന്നോട്ട് പോവുകയാണ് ഈ സന്യാസിനിയും ഒപ്പം ഉക്രേനിയൻ ജനതയും. നിരവധി ആളുകൾ ഇവരുടെ അടുത്ത് പ്രാർത്ഥിക്കാനായി വരുന്നു. യുദ്ധമുന്നണിയിലായിരിക്കുന്ന നിരവധി സൈനികരുടെ കുടുംബങ്ങൾ ഇവിടെ എത്തുന്നുണ്ട്. അവർക്ക് പ്രതീക്ഷ നൽകുന്നത് ദൈവത്തിലുള്ള ആശ്രയത്വം മാത്രമാണ്. ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും സമാധാനത്തിനും വേണ്ടി പലരുടെയും ജീവൻ ബലികഴിക്കേണ്ടി വന്നു. ഈ സംഘർഷത്തിൽ നിരപരാധികളായ നിരവധി കുട്ടികളും സ്ത്രീകളുമാണ് കൊല്ലപ്പെട്ടത്. കൺമുൻപിൽ എല്ലാം നഷ്ടമാകുമ്പോഴും പ്രതീക്ഷ പകരുന്നത് ദൈവത്തിലുള്ള ആശ്രയത്വം മാത്രമാണ്.