ഇറാനിലെ ഏറ്റവും പ്രമുഖ വനിതാ ആക്ടിവിസ്റ്റുകളിലൊരാളായ സെപിഡെ കോലിയന്‍ അവിടുത്തെ കുപ്രസിദ്ധമായ എവിന്‍ ജയിലിനുള്ളില്‍ വച്ച് എഴുതിയ കത്തില്‍, എങ്ങനെയാണ് തടവുകാരെക്കൊണ്ട് കുറ്റസമ്മതം നടത്തിക്കുന്നതെന്ന് വ്യക്തമാക്കുന്നു.
ഒരു സമരത്തെ പിന്തുണച്ചതിന്, അതുവഴി ‘ദേശീയ സുരക്ഷയ്ക്കെതിരെ’ പ്രവര്‍ത്തിച്ചതിന് കുറ്റക്കാരിയെന്ന് മുദ്രകുത്തപ്പെട്ടാണ് 2018 മുതല്‍ സെപിഡെ കോലിയന്‍ അഞ്ച് വര്‍ഷത്തെ തടവ് അനുഭവിച്ചു വരുന്നത്. ചോദ്യം ചെയ്യുന്നവര്‍ തന്നോടും മറ്റ് തടവുകാരോടും എങ്ങനെയാണ് പെരുമാറുന്നതെന്നും എത്രമാത്രം ക്രൂരമായ പെരുമാറ്റമാണ് അവരില്‍ നിന്നുണ്ടാകുന്നതെന്നും അവര്‍ വിവരിക്കുന്നു.
കോലിയന്‍ ഇപ്പോള്‍ ജയിലില്‍ നിയമം പഠിക്കുകയാണ്. തങ്ങള്‍ പരീക്ഷ എഴുതുന്ന മുറിയുടെ സമീപത്തു നിന്ന് കേട്ടിട്ടുള്ള നിലവിളികളെക്കുറിച്ചും അവള്‍ എഴുതുന്നു.
2022 ഡിസംബര്‍ 28-ന് പരീക്ഷയ്ക്കായി അവളെ കൂട്ടിക്കൊണ്ടുപോയപ്പോള്‍ താന്‍ കണ്ട ഒരു രംഗം കോലിയന്‍ വിവരിക്കുന്നു.
‘മരവിപ്പിക്കുന്ന തണുപ്പും മഞ്ഞുവീഴ്ചയുമുള്ള ഒരു ദിവസമായിരുന്നു അത്. കെട്ടിടത്തിന്റെ പുറത്തേയ്ക്കുള്ള വാതിലിനടുത്ത്, ഒരു ആണ്‍കുട്ടി കണ്ണടച്ച്, ചാരനിറത്തിലുള്ള ടി-ഷര്‍ട്ട് മാത്രം ധരിച്ച് ചോദ്യം ചെയ്യുന്നയാളുടെ മുന്നില്‍ ഇരിക്കുകയാണ്.
അവന്‍ വിറയലോടെ അപേക്ഷിക്കുകയാണ്, ‘ഞാന്‍ ആരെയും അടിച്ചിട്ടില്ലെന്ന് ദൈവനാമത്തില്‍ സത്യം ചെയ്യുന്നു’. പക്ഷേ അവന്‍ കുറ്റസമ്മതം നടത്തണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്.
നിര്‍ബന്ധിതമായി ചെയ്യിപ്പിക്കുന്ന കുറ്റസമ്മതം പിന്നീട് സര്‍ക്കാര്‍ നടത്തുന്ന ടെലിവിഷനില്‍ സംപ്രേക്ഷണം ചെയ്യുന്നു.
ഇതുവരെ, 69 കുട്ടികള്‍ ഉള്‍പ്പെടെ കുറഞ്ഞത് 519 പ്രതിഷേധക്കാര്‍ കൊല്ലപ്പെടുകയും 19,300 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ആയിരങ്ങള്‍ ഇതിനകം തടവിലുമായി. അറസ്റ്റിലായവരില്‍ പലരും വധശിക്ഷയാണ് നേരിടുന്നത്. അവരുടെ കുറ്റസമ്മതം ടിവിയില്‍ കാണിച്ചതിന് ശേഷം ഇതുവരെ നാല് പ്രതിഷേധക്കാരെ തൂക്കിലേറ്റിയിട്ടുണ്ട്. വധശിക്ഷ നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് ഇറാനികള്‍ ജയിലിന് പുറത്ത് പ്രതിഷേധിക്കുന്നുണ്ട്.
മനുഷ്യാവകാശ പ്രവര്‍ത്തകരും അഭിഭാഷകരും പറയുന്നത്, അറസ്റ്റ് ചെയ്യപ്പെടുന്നവര്‍ പീഡിപ്പിക്കപ്പെട്ടതിന് ശേഷമാണ് വിചാരണ നടത്തുന്നതെന്നും അതാകട്ടെ നിയമപരമായ പ്രാതിനിധ്യമില്ലാതെയാണ് നടക്കുന്നതെന്നുമാണ്. എന്നാല്‍ ഈ അവകാശവാദങ്ങള്‍ അധികൃതര്‍ നിഷേധിക്കുന്നു.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഇറാനില്‍ ബഹുജന പ്രതിഷേധം ആരംഭിച്ചതു മുതല്‍, തടങ്കലില്‍ വച്ചിരിക്കുന്ന പ്രതിഷേധക്കാരുടെ നിര്‍ബന്ധിത കുറ്റസമ്മതം ധാരാളം പ്രക്ഷേപണം ചെയ്തിട്ടുണ്ട്.
ഇറാനിലെ ഖുസെസ്ഥാന്‍ പ്രവിശ്യയിലെ ഒരു പഞ്ചസാര ഫാക്ടറിയിലെ തൊഴിലാളികളുടെ സമരത്തെയും പ്രതിഷേധത്തെയും പിന്തുണച്ചതിനാണ് 2018 ല്‍ സെപിഡെ കോലിയന്‍ അറസ്റ്റിലായത്. അതിനു ശേഷമുള്ള ചോദ്യം ചെയ്യലിനേയും നിര്‍ബന്ധിത കുറ്റസമ്മതത്തേയും അവള്‍ കത്തില്‍ വിവിരിക്കുന്നുണ്ട്.
തന്നെ ചോദ്യം ചെയ്യുന്ന പുരുഷന്‍മാരേക്കാള്‍ മൃദുവായിരിക്കുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്ന ഒരു സ്ത്രീയുടെ ചോദ്യം ചെയ്യലിനെക്കുറിച്ച് മിസ് കോലിയന്‍ വിവരിക്കുന്നത് ഇങ്ങനെയാണ്, ‘അവര്‍ എന്നെ ലൈംഗികമായി പീഡിപ്പിച്ചില്ല എന്ന് മാത്രമേയുള്ളു’.
മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ടോയ്ലറ്റിലേക്ക് കൊണ്ടുപോകാന്‍ അപേക്ഷിച്ചതായി അവള്‍ വിവരിക്കുന്നു. സ്ത്രീകളുടെ ടോയ്ലറ്റിലെത്തിയപ്പോള്‍ വനിതാ ഉദ്യോഗസ്ഥ അവളെ അകത്തേക്ക് തള്ളിയിടുകയും പൂട്ടുകയും ചെയ്തു. ആ ടോയ്ലറ്റ് മറ്റൊരു ചോദ്യം ചെയ്യല്‍ മുറിക്കുള്ളിലായിരുന്നുവെന്നും അവിടെ ഒരാളെ പീഡിപ്പിക്കുകയും ചാട്ടവാറടി അടിക്കുകയും ചെയ്യുന്നത് തനിക്ക് കേള്‍ക്കാമായിരുന്നുവെന്നും കോലിയന്‍ പറയുന്നു.
34 വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിക്കുന്ന വനിതാ മനുഷ്യാവകാശ പ്രവര്‍ത്തകയായ നര്‍ഗസ് മുഹമ്മദി, സമീപകാല പ്രതിഷേധങ്ങളില്‍ അറസ്റ്റിലായ സ്ത്രീകള്‍ ജയിലില്‍ എങ്ങനെ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെടുന്നു എന്നതിനെക്കുറിച്ച് വിശദമായ വിവരണം നല്‍കിയിരുന്നു.
ഉറക്കം കെടുത്തിയ ടോയ്ലറ്റില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം ക്യാമറ സ്ഥാപിച്ച മുറിയിലേക്ക് കൊണ്ടുപോയി എന്ന് കോലിയന്‍ വിശദീകരിക്കുന്നു. പാതി ബോധാവസ്ഥയിലായതിനാല്‍ അവര്‍ എഴുതി തയാറാക്കിയ കുറ്റപത്രത്തില്‍ ഒപ്പിട്ടു കൊടുത്തതായും ആ കുറ്റസമ്മതത്തിന്റെ അടിസ്ഥാനത്തില്‍, അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷ ലഭിച്ചതായും കോലിയന്‍ വെളിപ്പെടുത്തുന്നു.
ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സുമായി ബന്ധമുള്ള ഒരു ‘ഇന്റര്‍റോഗേറ്റര്‍-ജേണലിസ്റ്റ്’ ആയ അമേനെ സാദത്ത് സാബിഹ്പൂര്‍ ആണ് ചോദ്യം ചെയ്യുന്നവരില്‍ പ്രധാനിയെന്നും കോലിയന്‍ പറയുന്നു.
ഇപ്പോള്‍ നടക്കുന്ന പ്രതിഷേധങ്ങളെ ‘വിപ്ലവം’ എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് മിസ് കോലിയന്‍ തന്റെ കത്ത് അവസാനിപ്പിക്കുന്നത്.
‘എന്റെ ജയില്‍വാസത്തിന്റെ നാലാം വര്‍ഷത്തില്‍, ഇറാനിലുടനീളം വിമോചനത്തിന്റെ കാല്‍പ്പെരുമാറ്റം എനിക്ക് കേള്‍ക്കാനാകുന്നു. ‘സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം’ എന്നതിന്റെ പ്രതിധ്വനികള്‍ എവിന്‍ ജയിലിന്റെ കട്ടിയുള്ള മതിലുകള്‍ക്കിടയിലൂടെ പോലും എനിക്ക് കേള്‍ക്കാം’. രാജ്യത്തുടനീളം നടക്കുന്ന നിലവിലെ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങളെ സൂചിപ്പിച്ചുകൊണ്ട്, മിസ് കോലിയന്‍ എഴുതുന്നു.
‘ഇന്ന് മരിവാന്‍, ഇസെഹ്, രാഷ്ത്, സിസ്റ്റാന്‍, ബലൂഷെസ്താന്‍ തെരുവുകളിലും ഇറാനിലുടനീളം നാം കേള്‍ക്കുന്ന ശബ്ദങ്ങള്‍ ചോദ്യം ചെയ്യല്‍ മുറികളിലെ ശബ്ദങ്ങളേക്കാള്‍ ഉച്ചത്തിലാണ്, ഇത് ഒരു വിപ്ലവത്തിന്റെ ശബ്ദമാണ്, സ്ത്രീയുടെ, ജീവിതത്തിന്റെ, സ്വാതന്ത്ര്യത്തിന്റെ യഥാര്‍ത്ഥ ശബ്ദം’. അവര്‍ പറയുന്നു.