Sunday, November 24, 2024

മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് എന്ന പൗരാവകാശ പ്രതീകത്തെകുറിച്ചുള്ള അതിശയിപ്പിക്കുന്ന വസ്തുതകള്‍

ഡോ. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയറിന്റെ പൈതൃകത്തെ അമേരിക്ക ആദരിക്കുമ്പോള്‍ ദാരിദ്ര്യത്തിനും അസമത്വത്തിനുമെതിരായ അദ്ദേഹത്തിന്റെ പോരാട്ടം യുഎസ് പൗരാവകാശ പ്രസ്ഥാനത്തിന്റെ കാലത്തെന്നപോലെ ഇന്നും പ്രസക്തമാണെന്ന് വിദഗ്ധര്‍ പറയുന്നു. ഈയവസരത്തില്‍, ഡോ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയറിന്റെ ജീവിതത്തെയും പാരമ്പര്യത്തെയും കുറിച്ച് അറിയപ്പെടാത്ത ചില വസ്തുതകള്‍ അറിഞ്ഞിരിക്കാം…

‘എനിക്കൊരു സ്വപ്നമുണ്ട്’

1963-ലെ തന്റെ ഒരു പ്രസംഗത്തില്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് അമേരിക്കന്‍ സ്വപ്നത്തിന്റെ ഒരു പതിപ്പ് വിവരിച്ചു. അത് എല്ലാ പൗരന്മാര്‍ക്കും ഒരുപോലെ ഉള്‍ക്കൊള്ളാനാവുന്നതുമായിരുന്നു.

‘എന്റെ നാല് കുട്ടികളും അവരുടെ ചര്‍മ്മത്തിന്റെ നിറം കൊണ്ടല്ല, മറിച്ച് അവരുടെ സ്വഭാവത്തിന്റെ മഹിമയാല്‍ വിലയിരുത്തപ്പെടുന്ന ഒരു രാജ്യത്ത് ഒരു ദിവസം ജീവിക്കുമെന്ന് എനിക്ക് സ്വപ്നമുണ്ട്’. ഡോ. കിംഗ് തന്റെ പ്രസംഗത്തില്‍ പറഞ്ഞു. ആ മഹത്തായ നിമിഷം പിന്നീട് ‘എനിക്കൊരു സ്വപ്നമുണ്ട്’ എന്ന പ്രസംഗത്തിന്റെ പേരില്‍ അറിയപ്പെട്ടു.

ഡോ കിംഗിന്റെ ആ സമത്വ സ്വപ്നം സാക്ഷാത്കരിക്കാന്‍ ഇനിയും ഏറെ ജോലികള്‍ ചെയ്യാനുണ്ടെന്ന് സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയര്‍ റിസര്‍ച്ച് ആന്‍ഡ് എജ്യുക്കേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ലെറോണ്‍ മാര്‍ട്ടിന്‍ പറഞ്ഞു.

ആദ്യ നാമം

1929 ജനുവരി 15 ന് ജനിച്ചപ്പോള്‍, പിതാവ് മൈക്കല്‍ കിംഗിന്റെ പേരാണ് മാര്‍ട്ടിന് ലഭിച്ചത്. എന്നാല്‍ ആറുവര്‍ഷത്തിനുശേഷം, അദ്ദേഹത്തിന്റെ പിതാവ് ജര്‍മ്മനി സന്ദര്‍ശിക്കുകയും പ്രൊട്ടസ്റ്റന്റ് നവീകരണത്തിന്റെ നേതാവായ മാര്‍ട്ടിന്‍ ലൂഥറിനെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്തു. തിരിച്ച് വീട്ടിലെത്തിയ അദ്ദേഹം തന്റെയും മൂത്ത മകന്റെയും പേരുകള്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് എന്ന് ഔദ്യോഗികമായി മാറ്റുകയും ചെയ്തു.

പ്രസംഗകനാകാനുള്ള തീരുമാനം

1944-ല്‍, മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയറിനെ 15-ാം വയസ്സില്‍ മോര്‍ഹൗസ് കോളേജില്‍ പ്രവേശിപ്പിച്ചു. ജോര്‍ജിയയിലെ അറ്റ്‌ലാന്റയിലുള്ള കറുത്തവര്‍ഗ്ഗക്കാരായ പുരുഷന്‍മാര്‍ക്ക് മാത്രമുള്ള പ്രശസ്തമായ കോളേജില്‍ നിന്നാണ് കിംഗ് കുടുംബത്തിലെ തലമുറകള്‍ ബിരുദം നേടിയത്.

പൗരാവകാശ വാദത്തിന് പേരുകേട്ട ഈ നേതാവ് പക്ഷേ ഒരു സാധാരണ വിദ്യാര്‍ത്ഥിയായിരുന്നു. എന്നാല്‍ മോര്‍ഹൗസിലെ അദ്ദേഹത്തിന്റെ ജീവിതം സാമൂഹികവും രാഷ്ട്രീയവുമായ സമത്വത്തോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശം ഉണര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുകയും ഒരു പ്രസംഗകനാകാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുകയും ചെയ്തു.

അറസ്റ്റ് ചെയ്യപ്പെട്ടത് 30 തവണ

പൗരാവകാശ നേതാവെന്ന നിലയിലുള്ള 13 വര്‍ഷത്തിനിടയില്‍, കിംഗ് 30 തവണ അറസ്റ്റിലായി. 1960 ഒക്ടോബറില്‍ അറ്റ്ലാന്റയിലെ ഒരു ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറില്‍ കുത്തിയിരിപ്പ് സമരം നടത്തിയതിന് ശേഷം അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ജോര്‍ജിയ സ്റ്റേറ്റ് ജയിലില്‍ അടയ്ക്കുകയും ചെയ്തു.

‘നമ്മുടെ കുടുംബത്തിന് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്ന അമിതമായ കഷ്ടപ്പാടുകള്‍ അറ്റ്‌ലാന്റയെ മികച്ച നഗരമാക്കുന്നതിനും ജോര്‍ജിയയെ മികച്ച സംസ്ഥാനമാക്കുന്നതിനും അമേരിക്കയെ മികച്ച രാജ്യമാക്കുന്നതിനും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി’ അദ്ദേഹം ജയിലില്‍ നിന്ന് തന്റെ ഭാര്യ കോറെറ്റയ്ക്ക് കത്തെഴുതി.

അഞ്ച് പുസ്തകങ്ങള്‍

മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് തന്റെ ജീവിതകാലത്ത് അഞ്ച് പുസ്തകങ്ങള്‍ എഴുതുകയും അദ്ദേഹത്തിന്റെ കത്തുകളുടെയും പ്രഭാഷണങ്ങളുടെയും നിരവധി ശേഖരങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. 1964-ലെ അദ്ദേഹത്തിന്റെ പുസ്തകം, ‘വൈ വി കാന്റ് വെയ്റ്റ’്, അലബാമയിലെ ബിര്‍മിംഗ്ഹാമിലെ വേര്‍തിരിവ് അവസാനിപ്പിക്കുന്നതിനുള്ള പ്രചാരണത്തിലേക്ക് നയിച്ച സംഭവങ്ങള്‍ വിവരിക്കുന്നതാണ്.

നിരവധി വധശ്രമങ്ങളെ അതിജീവിച്ചയാള്‍

1958 സെപ്റ്റംബറില്‍, ന്യൂയോര്‍ക്ക് സിറ്റിയിലെ ഹാര്‍ലെമില്‍ വെച്ച്, തന്റെ ഏറ്റവും പുതിയ പുസ്തകമായ ‘സ്‌ട്രൈഡ് ടുവേര്‍ഡ് ഫ്രീഡ’ത്തിന്റെ പകര്‍പ്പുകളില്‍ ഒപ്പിടുമ്പോള്‍ ഒരു മാനസികരോഗിയായ സ്ത്രീ കിംഗിനെ സമീപിച്ചു. ഏഴ് ഇഞ്ച് നീളമുള്ള ബ്ലേഡ് ഉപയോഗിച്ച് അവര്‍ തന്നെ കുത്തുന്നതിന് മുമ്പ് ഇയാള്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗാണെന്ന് യുവതി സ്ഥിരീകരിച്ചിരുന്നു. പക്ഷേ അദ്ദേഹം അന്ന് കഷ്ടിച്ച് രക്ഷപെട്ടു. സമാനമായ നിരവധി വധശ്രമങ്ങളെ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് അതിജീവിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

അമ്മ ആല്‍ബര്‍ട്ടയും കൊല്ലപ്പെട്ടു

1974 ജൂണ്‍ 30 ന്, മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് കൊല്ലപ്പെട്ട് ആറ് വര്‍ഷത്തിന് ശേഷം, എബനേസര്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ ഒരു ശുശ്രൂഷയ്ക്കിടെ ഓര്‍ഗന്‍ വായിക്കുന്നതിനിടയില്‍, ഒരു 23-കാരന്‍, കിംഗിന്റെ അമ്മ ആല്‍ബെര്‍ട്ട വില്യംസ് കിംഗിനെ വെടിവെച്ചു കൊന്നു. വെടിവെച്ചയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി കോടതി വധശിക്ഷയ്ക്ക് വിധിച്ചു, എന്നാല്‍ പിന്നീട് വധശിക്ഷയെ കിംഗിന്റെ കുടുംബം എതിര്‍ത്തതിനെ തുടര്‍ന്ന് ജീവപര്യന്തം തടവിന് മാറ്റി വിധിക്കപ്പെട്ടു.

കൊല്ലപ്പെടുമ്പോള്‍ 39 വയസ്സ് മാത്രം

1968 ഏപ്രില്‍ 4-ന് കൊല്ലപ്പെടുമ്പോള്‍ ഡോ. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന് 39 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പൗരാവകാശങ്ങള്‍ക്കും വംശീയ സമത്വത്തിനും വേണ്ടിയുള്ള പ്രചാരണത്തില്‍ 13 വര്‍ഷത്തില്‍ താഴെ മാത്രമാണ് അദ്ദേഹം പൊതുരംഗത്ത് ചെലവഴിച്ചത്.

എന്നാല്‍ വിവിധ കേന്ദ്രങ്ങള്‍ പറയുന്നതനുസരിച്ച്, കഴിഞ്ഞ 350 വര്‍ഷങ്ങളെ അപേക്ഷിച്ച് യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ വംശീയ സമത്വത്തിലേക്ക് കൂടുതല്‍ പുരോഗതി കൈവരിക്കാന്‍ ആ ചുരുങ്ങിയ സമയത്തിനുള്ളില്‍ അദ്ദേഹത്തിന് കഴിഞ്ഞു.

Latest News