Monday, November 25, 2024

നേപ്പാള്‍ വിമാനാപകടം; ഇരകളായവരില്‍ ചിലര്‍ ഇവരൊക്കെ

മൂന്ന് പതിറ്റാണ്ടിനിടെ രാജ്യം നേരിട്ട ഏറ്റവും വലിയ വ്യോമ ദുരന്തമായ നേപ്പാള്‍ വിമാനാപകടത്തില്‍ എഴുപത്തിരണ്ട് പേര്‍ മരിച്ചതായി കരുതപ്പെടുന്നു. യാത്രക്കാരില്‍ 53 പേര്‍ നേപ്പാളികളും അഞ്ച് ഇന്ത്യക്കാരും നാല് റഷ്യക്കാരും രണ്ട് കൊറിയക്കാരുമാണെന്ന് അധികൃതര്‍ പറഞ്ഞു. വിമാനത്തിലുണ്ടായിരുന്ന മറ്റുള്ളവരില്‍ യുകെ, ഓസ്ട്രേലിയ, അര്‍ജന്റീന, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോ യാത്രക്കാരും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

വിനോദസഞ്ചാര നഗരമായ പൊഖാറ വിമാനത്താവളത്തിന് സമീപമുള്ള മലയിടുക്കിലാണ് വിമാനം വീണത്. എന്താണ് തകര്‍ച്ചയ്ക്ക് കാരണമെന്ന് ഇതുവരെ അറിവായിട്ടില്ല. എന്നിരുന്നാലും, തിരച്ചില്‍ നടത്തിയവര്‍ യെതി എയര്‍ലൈന്‍സ് വിമാനത്തിന്റെ വോയ്സ്, ഫ്‌ലൈറ്റ് ഡാറ്റ റെക്കോര്‍ഡറുകള്‍ കണ്ടെടുത്തിട്ടുണ്ട്.

നേപ്പാള്‍ വിമാനാപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരില്‍ ചിലര്‍ ഇവരാണ്..

മൈറോണ്‍ ലവ് (ഓസ്ട്രേലിയ)

കൊല്ലപ്പെട്ടവരില്‍ സിഡ്നിയിലെ അധ്യാപകനും സൈക്ലിസ്റ്റുമായ മൈറോണ്‍ ലവ് (29) ഉണ്ടെന്ന് ഓസ്ട്രേലിയന്‍ അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ‘എല്ലാവരോടും ദയയുള്ള, രസകരമായി ഇടപെടുന്ന, ഊര്‍ജ്ജസ്വലനായ ഒരു മനുഷ്യന്‍’ എന്ന നിലയിലാണ് സുഹൃത്തുക്കള്‍ അദ്ദേഹത്തെ അനുസ്മരിക്കുന്നത്. മൈറോണ്‍ തങ്ങളുടെ ആശാകേന്ദ്രവും പ്രതീക്ഷയുമായിരുന്നുവെന്ന് അദ്ദേഹത്തിന്റെ കുടുംബം ഒരു പ്രസ്താവനയില്‍ പറഞ്ഞു.

ദക്ഷിണ കൊറിയന്‍ സൈനികനും മകനും

ഹിമാലയത്തില്‍ കാല്‍നടയാത്ര നടത്താനായി ജനുവരി 14 ന് ദക്ഷിണ കൊറിയയില്‍ നിന്ന് പുറപ്പെട്ടതായിരുന്നു 45 കാരനായ ദക്ഷിണ കൊറിയന്‍ സൈനികനും അദ്ദേഹത്തിന്റെ പതിനാലുകാരനായ മകനും. സംഭവം നടന്ന ദിവസം യാത്ര പുറപ്പെട്ടപ്പോള്‍ മുതല്‍ അവര്‍ തങ്ങളുടെ കുടുംബാംഗങ്ങള്‍ക്ക് മെസേജ് അയയ്ക്കുന്നുണ്ടായിരുന്നു. എന്നാല്‍ വിമാനത്തിന്റെ ഷെഡ്യൂള്‍ ചെയ്ത എത്തിച്ചേരല്‍ സമയം കഴിഞ്ഞതിന് ശേഷം അവരില്‍ നിന്ന് ഒരു വിവരവും ലഭിച്ചില്ലെന്ന് വീട്ടുകാര്‍ അറിയിച്ചതായി ദക്ഷിണ കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നേപ്പാളിലെ നിരവധി സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സോനു ജയ്സ്വാള്‍, അഭിഷേക് കുശ്വാഹ, അനില്‍ രാജ്ഭര്‍, വിശാല്‍ ശര്‍മ്മ

ഇന്ത്യയിലെ ഉത്തര്‍പ്രദേശ് സംസ്ഥാനത്തെ ഗാസിപ്പൂരില്‍ നിന്നുള്ള നാലു പേരാണിവര്‍. എല്ലാവരും 20 നും 30 നുമിടയില്‍ മാത്രം പ്രായമുള്ളവര്‍. അപകടത്തില്‍ പെട്ട വിമാനത്തിലുണ്ടായിരുന്ന അഞ്ച് ഇന്ത്യക്കാരില്‍ ഇവരും ഉള്‍പ്പെടുന്നു. കാഠ്മണ്ഡുവിന്റെ പ്രാന്തപ്രദേശത്തുള്ള ശിവ ക്ഷേത്രമായ പശുപതിനാഥ് ക്ഷേത്രം സന്ദര്‍ശിക്കാന്‍ ജനുവരി 13 ന് നേപ്പാളിലേക്ക് പോയതാണിവര്‍.

മൂന്ന് കുട്ടികളുടെ പിതാവായ ജയ്സ്വാളിന്റെ ആശയമായിരുന്നു ഈ യാത്ര. പൊഖാറയില്‍ പാരാഗ്ലൈഡിംഗ് നടത്താനും ഇവര്‍ പദ്ധതിയിട്ടിരുന്നു. വിമാനം ലാന്‍ഡ് ചെയ്യുന്ന സമയത്ത് ജയ്‌സ്വാള്‍ സോഷ്യല്‍മീഡിയയില്‍ ലൈവ് സ്ട്രീം ചെയ്തു. അത് പിന്നീട് വൈറലുമായി. മിടുക്കരായ നാല് ചെറുപ്പക്കാരായിരുന്നു അവരെന്ന് ഗ്രാമവാസികള്‍ അനുസ്മരിച്ചു.

കോ-പൈലറ്റ് അഞ്ജു ഖതിവാഡ

അഞ്ജു ഖാതിവാഡ യെതി എയര്‍ലൈന്‍സ് ഫ്‌ലൈറ്റ് 691 ലെ കോ-പൈലറ്റായിരുന്നു. എയര്‍ലൈന്‍ പൈലറ്റുമാരായി നിയമിച്ച ആറ് സ്ത്രീകളില്‍ ഒരാളായിരുന്നു അഞ്ജു. കരിയറില്‍ ഇതുവരെ ഏകദേശം 6,400 മണിക്കൂര്‍ അവര്‍ പറന്നിട്ടുണ്ട്. ‘അവള്‍ ഒരു ധീരയായ വനിതയായിരുന്നു.’ യെതി എയര്‍ലൈന്‍സില്‍ നിന്നുള്ള സുദര്‍ശന്‍ ബര്‍തൗള പറഞ്ഞു.

2006-ല്‍ യെതി എയര്‍ലൈന്‍സ് വിമാനം തകര്‍ന്നപ്പോള്‍ അവളുടെ ഭര്‍ത്താവ് ദീപക് പൊഖ്റേലും സഹ പൈലറ്റായിരുന്നു. അദ്ദേഹത്തിന്റെ മരണമാണ് അഞ്ജുവിനെ വ്യോമയാനരംഗത്തേക്ക് തിരിയാന്‍ പ്രേരിപ്പിച്ചത്.

ഗായിക നീരാ ചന്ത്യാല്‍

യെതി എയര്‍ലൈന്‍സിനൊപ്പം പലപ്പോഴും യാത്ര ചെയ്തിട്ടുള്ള ഗായികയായിരുന്നു നീര. കാഠ്മണ്ഡുവിലേക്ക് താമസം മാറിയ നീര പൊഖാറയിലെ ഒരു സംഗീതോത്സവത്തില്‍ പങ്കെടുക്കാന്‍ പോകും വഴിയാണ് മരണത്തിന് പിടികൊടുത്തത്.

‘അവള്‍ വളരെ കഴിവുള്ള ഒരു കലാകാരിയായിരുന്നു, നാടന്‍ പാട്ടുകള്‍ ധാരാളം പാടുമായിരുന്നു’ അവളുടെ സുഹൃത്ത് ഭീംസെന്‍ പറഞ്ഞു. ‘ഈ നഷ്ടം വിവരിക്കാന്‍ എനിക്ക് വാക്കുകളില്ല’. അവര്‍ കൂട്ടിച്ചേര്‍ത്തു.

Latest News