Monday, November 25, 2024

വജ്രവ്യാപാര കുടുംബത്തിലെ കോടികളുടെ സ്വത്തുപേക്ഷിച്ച് സന്യാസിനിയായി മാറിയ എട്ടുവയസുകാരി; ദേവാന്‍ഷി എന്ന പെണ്‍കുട്ടിയുടെ ജീവിതകഥ

ഒന്നുമില്ലായ്മയില്‍ നിന്ന് സമ്പത്തുണ്ടാക്കിയ ആളുകളെക്കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ സമ്പന്നമായ ജീവിതം നയിച്ചിരുന്ന ആളുകള്‍, ഒരു സന്യാസിയായി ജീവിതം നയിക്കാന്‍ എല്ലാ ലൗകിക സുഖങ്ങളും ത്യജിക്കുന്ന കഥകള്‍ താരതമ്യേന വളരെ കുറവാണ്. ഇപ്പോള്‍ ഒരു 8 വയസുകാരി തനിക്കവകാശപ്പെട്ട സ്വത്തുക്കള്‍ ഉപേക്ഷിച്ച് സന്യാസിനിയായിരിക്കുകയാണ്.

ഗുജറാത്തിലെ സൂറത്തിലെ വെസു എന്ന പ്രദേശത്താണ് സംഭവം. വജ്രവ്യാപാരിയായ ധനേഷിന്റെയും അമി സാംഘ്വിയുടെയും രണ്ട് പെണ്‍മക്കളില്‍ മൂത്തവളാണ് ദേവാന്‍ഷി. 100 കോടി രൂപ വാര്‍ഷിക വിറ്റുവരവുള്ള സാംഘ്വി ആന്‍ഡ് സണ്‍സ് എന്ന പേരില്‍ രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന വജ്രനിര്‍മ്മാണ കമ്പനികളിലൊന്ന് ആരംഭിച്ച മോഹന്‍ സംഘ്വിയുടെ ഏക മകനായ ധനേഷ് സംഘ്വിയുടെ മകളാണ് ദേവാന്‍ഷി. ദേവാന്‍ഷിയുടെ അനുജത്തിയുടെ പേര് കാവ്യ, അവള്‍ക്ക് അഞ്ച് വയസ്സ്.

ജൈന സന്യാസിയായ ആചാര്യ വിജയ് കീര്‍ത്തിയാഷൂരിയുടെ സാന്നിധ്യത്തിലാണ് ദേവാന്‍ഷി സന്യാസ ജീവിതം സ്വീകരിച്ചത്. ചടങ്ങിന് പ്രദേശത്തെ നൂറുകണക്കിനാളുകളും എത്തിയിരുന്നു. നാലു ദിവസം നീണ്ട ചടങ്ങുകള്‍ക്കൊടുവിലാണ് കുട്ടി സന്യാസ ദീക്ഷ സ്വീകരിച്ചത്. ദീക്ഷ സ്വീകരിക്കുന്നതിന്റെ തൊട്ടുമുമ്പ് അവളുടെ കുടുംബം നഗരത്തില്‍ വലിയൊരു ഘോഷയാത്ര തന്നെ സംഘടിപ്പിച്ചു. ആനകളും ഒട്ടകങ്ങളും കുതിരകളും അടക്കമുണ്ടായിരുന്ന പരിപാടിയില്‍ അനവധി പേരാണ് പങ്കെടുത്തത്. നേരത്തെ ബെല്‍ജിയത്തിലും ഇത്തരം ഒരു ഘോഷയാത്ര കുടുംബം സംഘടിപ്പിച്ചിരുന്നു. അനേകരാണ് അതിലും പങ്കു കൊണ്ടത്. ജൈനമതത്തില്‍ പെട്ട അനേകം വജ്രവ്യാപാരികള്‍ ഉള്ള സ്ഥലമാണ് ബെല്‍ജിയം.

ദേവാന്‍ഷി തീരെ ചെറുപ്പം മുതലേ തെരഞ്ഞെടുത്തിരുന്നത് വളരെ ലളിതമായ ജീവിതമായിരുന്നു എന്ന് കുടുംബം പറയുന്നു. ചെറുപ്പം മുതലേ ദേവാന്‍ഷി ദിവസം മൂന്നു പ്രാവശ്യം പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു, രണ്ടാം വയസ്സില്‍ ഉപവാസം പോലും അനുഷ്ഠിച്ചിരുന്നു. ഇതുവരെ അവള്‍ ടിവിയോ സിനിമയോ കണ്ടില്ല, റെസ്റ്റോറന്റില്‍ പോയില്ല, വിവാഹങ്ങളില്‍ പങ്കെടുത്തിട്ടില്ല. സന്യാസം സ്വീകരിക്കുന്നതിന്റെ ഭാഗമായി നാടന്‍ വെള്ള സാരി ധരിച്ച്, നഗ്‌നപാദനായി, ഭിക്ഷ തേടി വീടുതോറും അവള്‍ കയറിയിറങ്ങി. അങ്ങനെ ദീക്ഷയ്ക്ക് മുമ്പ് പൂര്‍ത്തിയാക്കേണ്ടതെല്ലാം അവള്‍ വളരെ വേഗം തന്നെ പൂര്‍ത്തിയാക്കി എന്ന് അവളുടെ ബന്ധുക്കള്‍ പറയുന്നു. ചടങ്ങിന് ശേഷം, മുണ്ഡനം ചെയ്ത തലയും അത് മറച്ചുകൊണ്ട് വെള്ള സാരിയുമുടുത്ത് മറ്റ് സന്യാസിനികള്‍ക്കൊപ്പം അവള്‍ നിന്നു. ക്ഷേത്രത്തിലെത്തി തന്റെ പട്ടുകുപ്പായങ്ങളും ആഭരണങ്ങളും സമര്‍പ്പിച്ചു.

ജൈന സന്യാസിമാര്‍ താമസിക്കുന്ന ഒരു ആശ്രമത്തിലാണ് ഇപ്പോള്‍ അവളുടെ താമസം. ഒരു ജൈന സന്യാസിനിയുടെ ജീവിതം ശരിക്കും കഠിനമാണ്. അവര്‍ക്ക് ഒരു തരത്തിലുള്ള വാഹനവും ഉപയോഗിക്കാന്‍ കഴിയില്ല. തറയില്‍ വെള്ള ഷീറ്റിലാണ് ഉറങ്ങേണ്ടത്. സൂര്യാസ്തമയത്തിനുശേഷം ഭക്ഷണം കഴിക്കാന്‍ കഴിയില്ല.

ത്യാഗത്തിന്റെ വഴി തിരഞ്ഞെടുത്തില്ലായിരുന്നെങ്കില്‍ ദേവാന്‍ഷി ദശലക്ഷങ്ങളുടെ ആസ്തിയുള്ള വജ്രവ്യാപാര ശൃഖലയുടെ ഉടമയായി വളരുമായിരുന്നു. മൂന്നു വയസില്‍ തന്നെ ദേവാന്‍ഷി ശ്ലോകങ്ങള്‍ മനപാഠമാക്കിയിരുന്നെന്നും ഗണിതശാസ്ത്രത്തില്‍ മിടുക്കിയാണെന്നും മാതാപിതാക്കള്‍ പറയുന്നു. 15 സെക്കന്‍ഡിനുള്ളില്‍ റൂബിക്‌സ് ക്യൂബ് സോള്‍വ് ചെയ്ത് സ്വര്‍ണ മെഡലും നേടിയിട്ടുണ്ട്.

ദേവാന്‍ഷിയുടെ ദീക്ഷാ ദാനത്തിന്റെ ചിത്രങ്ങള്‍ ഇതേ പേരിലുള്ള ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചിട്ടുണ്ട്. പ്രായത്തില്‍ കവിഞ്ഞ പക്വത കുട്ടിയ്ക്കുണ്ടെന്നും അവളുടെ ആഗ്രഹം മനസിലാക്കി അത് സാധിച്ചു കൊടുക്കാനായി ഒപ്പം നിന്ന മാതാപിതാക്കളെ അഭിനന്ദിക്കുന്നതായും പലരും അഭിപ്രായപ്പെടുന്നുണ്ട്. എന്നാല്‍ ഒരു എട്ടു വയസുകാരിക്ക് ജീവിതത്തെക്കുറിച്ച് കൃത്യമായ തീരുമാനമെടുക്കാനുള്ള പക്വത ഉണ്ടാകില്ല എന്നും അവളുടെ അവകാശങ്ങള്‍ ലംഘിക്കുകയാണ് ചെയ്തതെന്നും അഭിപ്രായപ്പെടുന്നവരും കുറവല്ല.

 

Latest News