Tuesday, November 26, 2024

ജോഷിമഠ് എന്ന ഇന്ത്യയുടെ ഹിമാലയന്‍ പട്ടണത്തിന്റെ ഭാവി എന്താണ്?

ദേവഭൂമിയായി കണക്കാക്കുന്ന ഉത്തരാഖണ്ഡിലെ ജോഷിമഠ് ഇന്ന് ഇടിഞ്ഞു താഴുന്ന നാടു കൂടിയാണ്. ഹിമാലയന്‍ പട്ടണമായ ജോഷിമഠില്‍ നിന്ന് നൂറുകണക്കിന് ആളുകളെയാണ് ഇതിനകം ഒഴിപ്പിച്ചത്. അവിടുത്തെ താമസക്കാരെല്ലാം അനിശ്ചിതത്വത്തില്‍ കാത്തിരിക്കുകയുമാണ്. വരും ദിവസങ്ങളിലും ആഴ്ചകളിലും മഴയോ മഞ്ഞോ പെയ്താല്‍ സ്ഥിതി കൂടുതല്‍ വഷളാകുമെന്ന ആശങ്കയിലാണ് താമസക്കാര്‍. പട്ടണത്തിന്റെ ഏകദേശം 25% പ്രദേശത്തെ മണ്ണിടിച്ചില്‍ ബാധിച്ചതായാണ് ജോഷിമഠ് സ്ഥിതി ചെയ്യുന്ന ഉത്തരാഖണ്ഡ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി പറഞ്ഞത്.

25,000 താമസക്കാരുള്ള ജോഷിമഠില്‍ 2.5 ചതുരശ്ര കിലോമീറ്ററില്‍ (0.96 ചതുരശ്ര മൈല്‍) വ്യാപിച്ചുകിടക്കുന്ന 4,500 കെട്ടിടങ്ങളുണ്ട്. 800-ലധികം കെട്ടിടങ്ങള്‍ക്ക് ഇതിനകം വിള്ളലുകള്‍ ഉണ്ടായിട്ടുണ്ട്. സുരക്ഷിതമല്ലാത്തവ അധികൃതര്‍ പൊളിച്ചുനീക്കിക്കൊണ്ടിരിക്കുന്നു.

സെറ്റില്‍മെന്റുകളും വീടുകളും മറ്റ് നിര്‍മ്മാണങ്ങളും ഉള്‍ക്കൊള്ളുന്ന ജോഷിമഠിന്റെ താഴ്ന്ന പ്രദേശങ്ങള്‍ നിലനില്‍ക്കുമെന്ന് തോന്നുന്നില്ല എന്നാണ് ജിയോളജിസ്റ്റ്, ഡോ. എസ് പി സതി പറയുന്നത്. ഭൂമി താഴ്ന്നിറങ്ങുന്നത് തടയാന്‍ ചരിവുകളില്‍ തടസ്സങ്ങളായി പച്ചപ്പുകളൊന്നുമില്ല എന്നും അദ്ദേഹം പരാമര്‍ശിച്ചു.

ഭൂകമ്പം മൂലമുണ്ടായ മണ്ണിടിച്ചിലിന്റെ അവശിഷ്ടങ്ങള്‍ക്ക് മുകളിലാണ് ജോഷിമഠ് നിര്‍മ്മിച്ചിരിക്കുന്നത്. ഇത് ഭൂചലന സാധ്യതയുള്ള മേഖലയിലാണ്. മണ്ണിനെ ദുര്‍ബലപ്പെടുത്തുന്ന ഉരുള്‍പൊട്ടലുകള്‍ ഇവിടെ പതിവുമാണ്. പരമാവധി താഴ്ന്ന നിലയിലെത്തുന്നത് വരെ ഈ തകര്‍ച്ച തുടരുമെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ ജിയോ സയന്റിസ്റ്റും പ്രൊഫസറുമായ സി പി രാജേന്ദ്രന്‍ മുന്നറിയിപ്പ് നല്‍കുന്നു. ‘ഇത് ഒടുവില്‍ സ്ഥിരത കൈവരിക്കും, പക്ഷേ അപ്പോഴേക്കും പല കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിക്കും’. അദ്ദേഹം പറയുന്നു.

വര്‍ഷങ്ങളായി നടക്കുന്ന ആസൂത്രിതമല്ലാത്ത നിര്‍മാണം, ജലവൈദ്യുത പദ്ധതികള്‍, ശരിയായ ഡ്രെയിനേജ് സംവിധാനത്തിന്റെ അഭാവം തുടങ്ങി നിരവധി ഘടകങ്ങളാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് വിദഗ്ധര്‍ പറയുന്നു.

1976-ല്‍, ഒരു ഗവണ്‍മെന്റ് റിപ്പോര്‍ട്ട് പ്രകാരം, ജോഷിമഠിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. മണ്ണിന്റെ ഭാരം വഹിക്കാനുള്ള ശേഷി പരിശോധിച്ചതിന് ശേഷം മാത്രമേ നിര്‍മ്മാണം അനുവദിക്കൂ എന്നും അന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞു. കൃത്യമായ ഡ്രെയിനേജ്, മലിനജല സംവിധാനങ്ങള്‍ നിര്‍മ്മിക്കുക, മണ്ണൊലിപ്പ് തടയാന്‍ കോണ്‍ക്രീറ്റ് സിമന്റ് കട്ടകള്‍ സ്ഥാപിക്കുക എന്നീ നിര്‍ദേശങ്ങളും റിപ്പോര്‍ട്ടില്‍ നല്‍കിയിരുന്നു. എന്നാല്‍ ഇത് ആരും തന്നെ നടപ്പാക്കിയില്ലെന്ന് ഏറെ നാളായി പരിസ്ഥിതി വാദികളില്‍ നിന്ന് പരാതികള്‍ ലഭിച്ചിരുന്നു.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള NTPC ലിമിറ്റഡ് എന്ന മുന്‍നിര പവര്‍ കമ്പനിക്കെതിരെയാണ് പ്രാദേശിക രോഷം കൂടുതല്‍ ഉയരുന്നത്. തപോവന്‍ വിഷ്ണുഗഡ് ജലവൈദ്യുത പദ്ധതി അവര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത് ദുര്‍ബലമായ ആവാസവ്യവസ്ഥയിലൂടെയാണെന്നാണ് ആരോപണം. ‘ചരിത്രപരവും സാംസ്‌കാരികവുമായി ഏറെ പ്രസിദ്ധിയുള്ള നഗരമായ ജോഷിമഠിന്റെ നാശത്തിന് കമ്പനി ഉത്തരവാദിയാണ്. ഇവിടുത്തെ താമസക്കാര്‍ക്ക് അവര്‍ നഷ്ടപരിഹാരം നല്‍കണം’. പട്ടണത്തെ സംരക്ഷിക്കാന്‍ പ്രതിഷേധം നടത്തുന്ന ഒരു ഗ്രൂപ്പിന്റെ കണ്‍വീനര്‍ അതുല്‍ സതി പറയുന്നു.

പക്ഷേ ഈ ആരോപണങ്ങള്‍ എന്‍ടിപിസി നിഷേധിച്ചു. പദ്ധതിയുടെ തുരങ്കം പട്ടണത്തിനടിയിലൂടെ കടന്നുപോകുന്നില്ലെന്നും ജോഷിമഠ് പട്ടണത്തിന്റെ പുറം അതിര്‍ത്തിയില്‍ നിന്ന് ഒരു കിലോമീറ്ററിലധികം തിരശ്ചീന ദൂരത്തിലാണെന്നും കമ്പനി പറഞ്ഞു. പവര്‍ പ്ലാന്റും നഗരത്തിന്റെ അവസ്ഥയും തമ്മിലുള്ള ബന്ധത്തെ ഫെഡറല്‍ പവര്‍ മന്ത്രി ആര്‍കെ സിംഗും തള്ളിക്കളഞ്ഞു.

നാല് ഹൈന്ദവ തീര്‍ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് നിലവിലുള്ള റോഡുകള്‍ വീതികൂട്ടാന്‍ ലക്ഷ്യമിട്ടുള്ള ഫെഡറല്‍ ഗവണ്‍മെന്റിന്റെ ചാര്‍ ധാം റോഡ് പദ്ധതിയും വിമര്‍ശനം നേരിടുന്നുണ്ട്. ജോഷിമഠിലൂടെ കടന്നുപോകുന്ന ബൈപ്പാസ് റോഡിന്റെ പണി നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചു. ഈ ആരോപണങ്ങള്‍ പ്രദേശത്തേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്കിനെ ബാധിക്കുമെന്നും പ്രാദേശിക സമ്പദ്വ്യവസ്ഥയെ തകര്‍ക്കുമെന്നും ഭരണാധികാരികള്‍ പറയുന്നു.

ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്ന ആളുകളെ പുനരധിവസിപ്പിക്കുകയാണ് അടിയന്തര ആവശ്യമെന്ന് വാഡിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയന്‍ ജിയോളജിയിലെ ജിയോളജിസ്റ്റ് ഡോ സ്വപ്നമിത വൈദേശ്വരന്‍ പറയുന്നു. ദീര്‍ഘകാലാടിസ്ഥാനത്തില്‍, കര്‍ശനമായ നിര്‍മ്മാണ നിയമങ്ങളുള്ള ഒരു പുതിയ ആസൂത്രിത നഗരം ആവശ്യമാണെന്നും അവര്‍ പറയുന്നു.

 

Latest News