Monday, November 25, 2024

ഫിലിപ്പീന്‍സില്‍ ആഡംബരവസ്തുവായി, ഉള്ളി!

ഫിലിപ്പീന്‍സിലെ ഏത് റസ്റ്ററന്റില്‍ കയറിയാലും മനസിലാവും, അവിടെയെല്ലാം അവര്‍ ഉള്ളി ക്ഷാമം നേരിടുകയാണെന്ന്. കാരണം വിളമ്പുന്ന ഭക്ഷണ വിഭവങ്ങളിലെല്ലാം ഉള്ളിയുടെ അഭാവം വ്യക്തമാണ്.

ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം, ഫിലിപ്പീന്‍സില്‍ ഉള്ളിയുടെ വില കഴിഞ്ഞ മാസം കിലോയ്ക്ക് 700 പെസോ ($12.80; £10.40) ആയി ഉയര്‍ന്നു. അതാകട്ടെ, മാംസത്തിന്റെ വിലയേക്കാള്‍ കൂടുതലുമാണ്. തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യത്തിന്റെ പ്രതിദിന മിനിമം വേതനത്തിന് തുല്യവുമാണ് ഇപ്പോഴത്തെ ഒരു കിലോ ഉള്ളിയുടെ വിലയെന്ന് ചുരുക്കം.

ഇക്കഴിഞ്ഞ ആഴ്ചകളില്‍ വില കുറഞ്ഞിട്ടുണ്ടെങ്കിലും, ഉള്ളി ഇപ്പോഴും പല ഉപഭോക്താക്കള്‍ക്കും ഒരു ആഡംബരവസ്തുവാണെന്ന് സെന്‍ട്രല്‍ സെബു നഗരത്തില്‍ റസ്റ്ററന്റ് നടത്തുന്ന റിസാല്‍ഡ മൗണ്‍സ് പറയുന്നു.

‘ഞങ്ങള്‍ ഒരു ദിവസം മൂന്ന് മുതല്‍ നാല് കിലോഗ്രാം ഉള്ളി വരെ വാങ്ങാറുണ്ടായിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ അര കിലോ മാത്രമാണ് വാങ്ങുന്നത്. അതേ ഞങ്ങള്‍ക്ക് താങ്ങാനാവുകയുള്ളൂ’. മിസ് മൗനെസ് പറഞ്ഞു.

”ഞങ്ങളുടെ ഉപഭോക്താക്കള്‍ ഇക്കാര്യം മനസ്സിലാക്കുന്നുണ്ട്. കാരണം ഇത് റെസ്റ്റോറന്റുകള്‍ മാത്രം നേരിടുന്ന പ്രശ്‌നമല്ലല്ലോ…പല വിഭവങ്ങളും ഉള്ളി ഉപയോഗിച്ച് പാകം ചെയ്യുന്ന വീട്ടുകാരും ഇക്കാര്യത്തില്‍ ബുദ്ധിമുട്ട് നേരിടുകയാണല്ലോ’ മൗനെസ് കൂട്ടിച്ചേര്‍ത്തു.

വര്‍ദ്ധിച്ചുവരുന്ന ജീവിതച്ചെലവിന്റെ പ്രതീകമായി ഫിലിപ്പിനോ പാചകരീതി മാറിയിരിക്കുന്നു. ഭക്ഷണം മുതല്‍ ഇന്ധനം വരെയുള്ള എല്ലാറ്റിനെയും വിലക്കയറ്റം ബാധിച്ചിരിക്കുന്ന ഈ ഉഷ്ണമേഖലാ രാജ്യത്ത്, കഴിഞ്ഞ മാസം 14 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലായിരുന്നു പണപ്പെരുപ്പം.

കാര്‍ഷിക സെക്രട്ടറി കൂടിയായ പ്രസിഡന്റ് ഫെര്‍ഡിനാന്‍ഡ് മാര്‍ക്കോസ് ജൂനിയര്‍ ഭക്ഷ്യവിലക്കയറ്റത്തെ ‘അടിയന്തര സാഹചര്യം’ എന്നാണ് വിശേഷിപ്പിച്ചത്. ഈ മാസം ആദ്യം അദ്ദേഹം ഉള്ളി ഇറക്കുമതിക്ക് അനുമതിയും നല്‍കിയിരുന്നു. ഫിലിപ്പീന്‍സ് സമ്പദ്വ്യവസ്ഥ വീണ്ടും തുറക്കുന്നത് ഡിമാന്‍ഡ് വര്‍ദ്ധിപ്പിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതേസമയം മോശം കാലാവസ്ഥയും ഉള്ളി ഉള്‍പ്പെടെയുള്ള ഭക്ഷണത്തിന്റെ ഉല്‍പാദനത്തെ ബാധിക്കുന്നുണ്ട്. ഫിലിപ്പീന്‍സില്‍ അടുത്തിടെയുണ്ടായ രണ്ട് ശക്തമായ കൊടുങ്കാറ്റുകളും ഗണ്യമായ വിളനാശത്തിന് കാരണമായതായി ഐഎന്‍ജി ബാങ്കിലെ മുതിര്‍ന്ന സാമ്പത്തിക വിദഗ്ധനായ നിക്കോളാസ് മാപ്പ പറയുന്നു.

വ്യാപകമായ ആഘാതം

നാട്ടുകാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും പ്രിയപ്പെട്ട സിബുവിലെ സ്ട്രീറ്റ് ഫുഡ് സ്റ്റാളുകളിലും വിലക്കയറ്റം തിരിച്ചടിയായി. ഉണക്കിയ പച്ചക്കറികള്‍, മാംസം, സീഫുഡ് എന്നിവ സാധാരണയായി ഉള്ളി, വിനാഗിരി ഡിപ്പിംഗ് സോസ് എന്നിവയ്ക്കൊപ്പമാണ് വിളമ്പുന്നത്.

‘ഞങ്ങളുടെ വിഭവങ്ങളുടെ വലിയൊരു ഭാഗമാണ് ഉള്ളി. നമ്മുടെ ഭക്ഷണത്തിന്റെ ഉപ്പുരസത്തിന് ആനുപാതികമായി അത് ഒരു രുചികരമായ ക്രഞ്ചും മധുരവും നല്‍കുന്നു’. അലക്‌സ് ചുവ എന്ന കച്ചവടക്കാരന്‍ പറയുന്നു. ‘വിലക്കയറ്റം തടയുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്നതില്‍ ഞങ്ങള്‍ നന്ദിയുള്ളവരാണ്. വില ഇനിയും കുറയ്ക്കുന്നതിനുള്ള അത്തരം നടപടികള്‍ അവര്‍ തുടരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു’. അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ബൊക്കെയില്‍ പൂക്കള്‍ക്ക് പകരം ഉള്ളി

ഇലോയിലോ സിറ്റിയില്‍ നടന്ന തന്റെ വിവാഹത്തില്‍ പൂച്ചെണ്ടിന് പകരം ഉള്ളി കൊണ്ടുള്ള ബൊക്കെയാണ് ലൈക്ക ബിയോറി എന്ന വധു തിരഞ്ഞെടുത്തത്. അതുകൊണ്ടു തന്നെ ആഢംബരത്തിന്റെ പ്രതീകമായി ആ വിവാഹം മാറി.

‘പൂക്കള്‍ക്ക് പകരം ഉള്ളി ഉപയോഗിക്കാമോ എന്ന് ഞാന്‍ എന്റെ വരനോട് ചോദിച്ചു, കാരണം വിവാഹത്തിന് ശേഷം പൂക്കള്‍ വാടുകയും പിന്നീട് അവ വലിച്ചെറിഞ്ഞ് കളയുകയും ചെയ്യും. അങ്ങനെ ആലോചിച്ചപ്പോള്‍ ബൊക്കെയില്‍ ഉള്ളി ഉപയോഗിച്ചാല്‍ അത് കല്യാണത്തിനു ശേഷവും ഉപയോഗിക്കാവുന്ന രീതിയില്‍ പ്രായോഗികമാണ്’. അവള്‍ പറഞ്ഞു.

ഉള്ളി രാജ്യത്തേക്ക് കടത്തിയതിന്റെ പേരില്‍ കുഴപ്പത്തിലായവരും ഉണ്ട്. ഈ മാസമാദ്യം ലഗേജ് ബാഗുകള്‍ വഴി 40 കിലോ ഉള്ളിയും മറ്റ് പഴങ്ങളും കടത്താന്‍ ശ്രമിച്ചതിന് ഫിലിപ്പൈന്‍ എയര്‍ലൈന്‍സിലെ 10 ജീവനക്കാര്‍ക്കെതിരെ അന്വേഷണം നടത്തിയിരുന്നു. പെര്‍മിറ്റില്ലാതെ ഉല്‍പ്പന്നങ്ങള്‍ കൊണ്ടുപോകുന്നതിനെതിരെ യാത്രക്കാര്‍ക്ക് മുന്നറിയിപ്പും നല്‍കിയിരുന്നു.

ഉയരുന്ന പ്രതിസന്ധി

കാര്‍ഷിക സെക്രട്ടറി എന്ന നിലയില്‍ ഭക്ഷ്യ ഉല്‍പ്പാദനം വര്‍ധിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്ത മാര്‍ക്കോസിന്റെ മേല്‍ ഈ പ്രതിസന്ധി വലിയ സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ട്. അദ്ദേഹത്തിന് പകരക്കാരനെ നിയമിക്കണമെന്ന് ചില നിയമനിര്‍മ്മാതാക്കള്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്.

കാലാവസ്ഥാ വ്യതിയാനവും രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്ന് കാന്താര്‍ വേള്‍ഡ്പാനല്‍ കണ്‍സള്‍ട്ടന്‍സിയില്‍ നിന്നുള്ള മേരി-ആന്‍ ലെസോറൈന്‍ പറയുന്നു.

‘അവശ്യവസ്തുക്കള്‍ മാത്രം വാങ്ങുന്ന മിക്ക ഉപഭോക്താക്കള്‍ക്കും നിലവില്‍ വാങ്ങല്‍ ശേഷി വളരെ കുറവാണ്. കാലാവസ്ഥാ വ്യതിയാനം ക്ഷാമം ഉണ്ടാക്കുകയും വില കുതിച്ചുയരുകയും ചെയ്താല്‍, ഫിലിപ്പീന്‍സിലെ വലിയൊരു വിഭാഗം ഉപഭോക്താക്കളെ അത് വളരെ ദോഷകരമായി ബാധിക്കും’. മിസ് ലെസോറൈന്‍ പറയുന്നു.

എന്നാല്‍ സര്‍ക്കാര്‍ കൂടുതല്‍ വിളകള്‍ ഇറക്കുമതി ചെയ്യുന്നതിനാല്‍ ഉള്ളിയുടെ വില സ്ഥിരത കൈവരിക്കുമെന്ന് മിസ്റ്റര്‍ മാപ്പ വിശ്വസിക്കുന്നു. വിളവെടുപ്പും ഇറക്കുമതിയും ഏതാണ്ട് ഒരേസമയം വിപണിയില്‍ എത്തിയാല്‍ വിലകള്‍ ഗണ്യമായി കുറഞ്ഞേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest News