ഇന്ത്യന്‍ ഭൗതികശാസ്ത്രജ്ഞനായ സി വി രാമന്റെ (സര് ചന്ദ്രശേഖര വെങ്കിട രാമന്) ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളെ അനുസ്മരിക്കാന്‍ എല്ലാ വര്‍ഷവും ഫെബ്രുവരി 28 ന് ഇന്ത്യ ദേശീയ ശാസ്ത്ര ദിനം (National Science Day) ആഘോഷിക്കുന്നു. സ്കൂളിലും യൂണിവേഴ്സിറ്റിയിലും ഒന്നാമനായിരുന്ന സി. വി രാമന് പഠിക്കുന്ന കാലത്തും ഏറെ പ്രശസ്തനായിരുന്നു. ശബ്ദശാസ്ത്രത്തിലും ഒപ്റ്റിക്സിലും അദ്ദേഹം ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. 1917-ല്‍ രാജാബസാര്‍ സയന്‍സ് കോളേജില്‍ പാലിറ്റ് ഫിസിക്സ് പ്രൊഫസറായി നിയമിതനായ ആദ്യ വ്യക്തിയാണ് രാമന്.
1930 ല്‍ ഭൗതികശാസ്ത്രത്തില്‍ നൊബേല്‍ സമ്മാനം നേടിയ രാമന് പ്രഭാവത്തിന്റെ കണ്ടെത്തലിനെ അനുസ്മരിക്കാന്‍ ഇന്ത്യ എല്ലാ വര്‍ഷവും ദേശീയ ശാസ്ത്ര ദിനം ആഘോഷിക്കുന്നു. 1928 ഫെബ്രുവരി 28 നാണ് സര് സി. വി. രാമന് നോബല്‍ പുരസ്കാരം നേടിയ രാമന് പ്രതിഭാസം (രാമന് എഫെക്റ്റ്) കണ്ടെത്തിയത്. 1986 ലെ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി കമ്മ്യൂണിക്കേഷന്റെ (NCSTC) അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് 1987 മുതല്‍ ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനമായി ആഘോഷിക്കാന്‍ തുടങ്ങിയത്.
നൊബേലിന് കാരണമായ കണ്ടെത്തല്‍
1921ല്‍ യൂറോപ്പിലേക്കുള്ള തന്റെ യാത്രയ്ക്കിടെ, മെഡിറ്ററേനിയന്‍ കടലിന്റെ നീല നിറം കണ്ട് രാമന് കൗതുകത്തിലായി. സുതാര്യമായ പ്രതലങ്ങള്‍, ഐസ് ബ്ലോക്കുകള്‍, പ്രകാശം എന്നിവ ഉപയോഗിച്ച് വിവിധ പരീക്ഷണങ്ങള്‍ അദ്ദേഹം നടത്തി. അതുവരെ ആളുകള്‍ ധരിച്ചിരുന്നത് ആകാശത്തിന് നീലനിറമാണ് ആ നിറമാണ് കടലില്‍ പ്രതിഫലിക്കുന്നത് എന്നായിരുന്നു. അങ്ങനെ അല്ല എന്ന് കണ്ടെത്തുന്നത് സിവി രാമനാണ്. തന്റെ പരീക്ഷണങ്ങളിലൂടെ അദ്ദേഹം ഇത് ആകാശ നിറം പ്രതിഫലിക്കുന്നതല്ല എന്ന് കണ്ടെത്തി. മറിച്ച് പ്രകാശം ജലത്തില്‍ വീഴുമ്പോള്‍ സംഭവിക്കുന്നത് എന്താണെന്ന് വിശദീകരിക്കുകയും ചെയ്തു. ഇത്തരത്തില്‍ വളരെ ലളിതമായൊരു ചോദ്യത്തിന് ഉത്തരം കണ്ടെത്താനായി ശ്രമിച്ചതിലൂടെ പിന്നീട് സംഭവിച്ചത് വലിയ മാറ്റങ്ങളായിരുന്നു. ആ അറിവ് ഇന്ന് രാമന് സ്പെക്ട്രോസ്കോപി എന്ന് പറയുന്ന ഒരു ശാസ്ത്ര വിഷയത്തിന്റെ ഉദയത്തിന് കാരണമായി.
ശാസ്ത്ര ദിനാചരണം എന്തിന്?
ജനങ്ങളുടെ ദൈനംദിന ജീവിതത്തിലുടനീളം ശാസ്ത്രത്തിന്റെ പ്രാധാന്യത്തെകുറിച്ചുള്ള സന്ദേശം പ്രചരിപ്പിക്കുന്നതിനാണ് ശാസ്ത്ര ദിനാചരണം. ശാസ്ത്രമേഖലയിലെ വികസനത്തിനായി എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യുന്നതിനും, പുതിയ സാങ്കേതികവിദ്യകളെക്കുറിച്ച് അവബോധം ഉണ്ടാക്കുന്നതിനും കൂടിയാണ് ശാസ്ത്ര ദിനാഘോഷം. ഈ ദിനത്തില്‍ ശാസ്ത്രബോധമുള്ള പൗരന്മാര്ക്ക് ശാസ്ത്ര വിഷയങ്ങള്‍ അവതരിപ്പിക്കാന്‍ അവസരം നല്‍കുക എന്നതും ശാസ്ത്ര സാങ്കേതിക വിദ്യകള്‍ ജനകീയമാക്കുന്നതും കൂടിയാണ് ദേശീയ ശാസ്ത്രദിനാഘോഷത്തിലൂടെ ലക്ഷ്യം വെക്കുന്നത്. ശാസ്ത്രചിന്തയും, അറിവും എല്ലാവരിലേക്കും എത്തിക്കുന്നതിനായി ഇന്ത്യയൊട്ടാകെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്.
ദേശീയ ശാസ്ത്ര ദിനം 2023; പ്രമേയം
ഓരോ വര്‍ഷവും, ശാസ്ത്ര സാങ്കേതിക വകുപ്പ് ദേശീയ ശാസ്ത്ര ദിനാചരണങ്ങള്‍ക്കായി ഒരു തീം പ്രഖ്യാപിക്കുന്നു, അത് ഇന്ത്യയുടെ ശാസ്ത്രീയ പരിശ്രമത്തിന്റെയും അതിന്റെ സാമൂഹിക പ്രത്യാഘാതങ്ങളുടെയും നിര്‍ണായക വശം ഉയര്‍ത്തിക്കാട്ടുന്നു. സമകാലിക വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതില്‍ ശാസ്ത്രം വഹിക്കുന്ന ബഹുമുഖമായ പങ്ക് ഈ തീമുകള്‍ പ്രതിഫലിപ്പിക്കുന്നു.
2024 ലെ ദേശീയ ശാസ്ത്ര ദിനാചരണത്തിന്റെ തീം ‘വിക്ഷിത് ഭാരതിനുള്ള തദ്ദേശീയ സാങ്കേതികവിദ്യകള്‍’ എന്നതാണ്.