Monday, November 25, 2024

ഇറാനിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് വിഷബാധയേറ്റ സംഭവം; എങ്ങുമെത്താതെ അന്വേഷണം; ആശങ്കയില്‍ മാതാപിതാക്കളും

ഇറാനില്‍ പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകുന്നതും വിദ്യാഭ്യാസം നേടുന്നതും തടയാന്‍ അവരെ സ്‌കൂളില്‍ വച്ച് വിഷബാധയേല്‍പ്പിക്കുന്നതായുള്ള വാര്‍ത്തകളും റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. കഴിഞ്ഞ നവംബര്‍ മുതല്‍ ഇറാനില്‍ ഏകദേശം 700 പെണ്‍കുട്ടികള്‍ക്ക് വിഷബാധയേറ്റിട്ടുണ്ടെന്നാണ് അന്വേഷണ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പെണ്‍കുട്ടികളെ പഠിപ്പിക്കുന്ന സ്‌കൂളുകള്‍ അടച്ചുപൂട്ടാനുള്ള ബോധപൂര്‍വമായ ശ്രമമാണ് ഇതെന്നാണ് പലരും വിശ്വസിക്കുന്നത്.

വിഷബാധയേറ്റ പെണ്‍കുട്ടികള്‍ ആരും മരിച്ചിട്ടില്ല എന്നത് ആശ്വാസകരമാണെങ്കിലും നിരവധി പേര്‍ക്ക് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍, ഓക്കാനം, തലകറക്കം, ക്ഷീണം എന്നിവ അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.

എല്ലാ സ്‌കൂളുകളും, പ്രത്യേകിച്ച് പെണ്‍കുട്ടികളുടെ സ്‌കൂളുകള്‍ അടച്ചുപൂട്ടണമെന്ന് ചിലര്‍ ആഗ്രഹിക്കുന്നുവെന്ന് ഈ സംഭവത്തിലൂടെ വ്യക്തമായിട്ടുണ്ടെന്ന് ഡെപ്യൂട്ടി ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തെ ആധാരമാക്കി ക്രിമിനല്‍ അന്വേഷണം ആരംഭിക്കുന്നതായി പ്രോസിക്യൂട്ടര്‍ ജനറലും കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചു. സംശയാസ്പദമായ രീതിയില്‍ ആരെയും തിരിച്ചറിയാത്ത സാഹചര്യത്തില്‍ പൊതുജന രോഷം എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഭിന്നിപ്പുണ്ട്.

അതേസമയം, ഈ വിഷയത്തില്‍ പൊതുജനങ്ങളുടെ നിരാശ വര്‍ധിച്ചുവരികയാണ്. ഈ മാസം ആദ്യം കോമിലെ ഗവര്‍ണറുടെ ഓഫീസിന് പുറത്ത് നൂറുകണക്കിന് ആളുകള്‍ പ്രതിഷേധിച്ചിരുന്നു. വിഷം കഴിച്ച് ആഴ്ചകളോളം തങ്ങളുടെ കുട്ടികള്‍ അസുഖബാധിതരായിരുന്നുവെന്ന് ചില മാതാപിതാക്കള്‍ പറഞ്ഞു. ‘എനിക്ക് രണ്ട് പെണ്‍മക്കളുണ്ട്. എന്റെ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ നിങ്ങള്‍ ബാധ്യസ്ഥരാണ്. അവരുടെ ജീവന്‍ രക്ഷിക്കാന്‍ അവര്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കണോ?’ ഒരു പിതാവ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ചോദിക്കുന്നു. ‘ഇതൊരു യുദ്ധമാണ്. ഞങ്ങളെ വീട്ടില്‍ ഇരിക്കാന്‍ നിര്‍ബന്ധിക്കുന്നതിനാണ് അവര്‍ ഇത് ചെയ്യുന്നത്. പെണ്‍കുട്ടികള്‍ വീട്ടിലിരിക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നു’. ഒരു സ്ത്രീ പറഞ്ഞു.

നവംബര്‍ 30-ന് മതപരമായ നഗരമായ കോമിലെ നൂര്‍ ടെക്നിക്കല്‍ സ്‌കൂളിലെ 18 വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ആദ്യത്തെ വിഷബാധ ലോകം അറിഞ്ഞത്. അതിനുശേഷം, ചുറ്റുമുള്ള പ്രവിശ്യയില്‍ പത്തിലധികം പെണ്‍കുട്ടികളുടെ സ്‌കൂളുകള്‍ വിഷബാധയ്ക്ക് വിധേയമായി. പടിഞ്ഞാറന്‍ പ്രവിശ്യയായ ലോറെസ്താനിലെ ബോറുജെര്‍ഡ് നഗരത്തിലെ നാല് സ്‌കൂളുകളില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 194 പെണ്‍കുട്ടികളെങ്കിലും വിഷവാതകം ശ്വസിച്ചതായി റിപ്പോര്‍ട്ടുണ്ട്. തലസ്ഥാനമായ ടെഹ്റാനടുത്തുള്ള പാര്‍ഡിസിലെ ഖയ്യാം ഗേള്‍സ് സ്‌കൂളില്‍ ചൊവ്വാഴ്ച 37 വിദ്യാര്‍ത്ഥികള്‍ക്ക് വിഷബാധയേറ്റു. വിഷബാധയെത്തുടര്‍ന്നുള്ള അസ്വസ്ഥതകള്‍ ഉണ്ടാകുന്നതിന് മുമ്പ് ചീഞ്ഞ മത്സ്യത്തിന്റെ ഗന്ധം അനുഭവപ്പെട്ടതായി പല പെണ്‍കുട്ടികളും മൊഴി നല്‍കിയിട്ടുണ്ട്.

പ്രധാനപ്പെട്ട ഷിയ മുസ്ലീം ആരാധനാലയങ്ങളും ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ നട്ടെല്ല് രൂപപ്പെടുത്തുന്ന മത നേതൃത്വവും ഉള്ള നഗരമായ കോമിലാണ് വിഷബാധകള്‍ കൂടുതലും ഉണ്ടായിരിക്കുന്നത്.

ശിരോവസ്ത്രം ശരിയായി ധരിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നാരോപിച്ച് സദാചാര പോലീസ് കസ്റ്റഡിയിലെടുത്ത കുര്‍ദിഷ് യുവതി മഹ്‌സ അമിനിയുടെ കസ്റ്റഡി മരണത്തെത്തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട ബഹുജന പ്രതിഷേധം ഇതുവരെ രാജ്യത്ത് അവസാനിച്ചിട്ടില്ല. പ്രതിഷേധത്തിന്റെ ഭാഗമായി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ ഉള്‍പ്പെടെയുള്ളവര്‍ ശിരോവസ്ത്രം വലിച്ചുകീറുകയും സ്ഥാപന വിരുദ്ധ മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു. ഇതൊക്കെയാണോ തീവ്ര ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകളെ അവര്‍ക്കെതിരെ തിരിയാന്‍ പ്രേരിപ്പിച്ചതെന്നും സംശയിക്കുന്നു.

 

 

Latest News