‘എന്നെ സഹായിക്കൂ, ഞാന്‍ എന്റെ തൊഴിലുടമയാല്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുന്നു. എല്ലാ ദിവസവും ഞാന്‍ രക്തം ചിന്തുന്നു..എന്നെ സഹായിക്കൂ’. തൊഴിലുടമയാല്‍ വീട്ടുതടങ്കലിലായിരുന്ന മെറിയന്‍സ് കാബു എന്ന സ്ത്രീയെ മരണത്തിന്റെ വക്കില്‍ നിന്ന രക്ഷിച്ച വാചകമാണിത്. അവര്‍ ഇത് ഒരു ചെറിയ പേപ്പര്‍ കഷണത്തില്‍ എഴുതി, മടക്കി താന്‍ ജോലി ചെയ്യുന്ന ക്വാലാലംപൂരിന്റെ പ്രാന്തപ്രദേശത്തുള്ള അപ്പാര്‍ട്ട്‌മെന്റിന്റെ പൂട്ടിയ ഇരുമ്പ് ഗേറ്റില്‍ നിന്ന് പുറത്തേക്കെറിഞ്ഞു.
അതുവഴി പോയ ഒരു സ്ത്രീ അതെടുത്തു. അവര്‍ അത് വായിച്ചശേഷം ഒരു റിട്ടയേര്‍ഡ് പോലീസ് ഉദ്യോഗസ്ഥന്റെ അടുത്ത് ചെന്ന് കാര്യം പറഞ്ഞു. അദ്ദേഹം ഇടപെട്ട് മെറിയന്‍സ് കാബുവിനെ രക്ഷിക്കുകയും ചെയ്തു. ‘അവള്‍ അവിടെ കുറച്ചുകൂടി താമസിച്ചിരുന്നെങ്കില്‍, തീര്‍ച്ചയായും മരിക്കുമായിരുന്നു’ എന്ന് പിന്നീട് അദ്ദേഹം പറഞ്ഞു.
രേഖകളില്ലാത്ത കുടിയേറ്റ തൊഴിലാളികള്‍ എത്രമാത്രം ദുര്‍ബലരാണെന്നും അതിജീവിക്കുന്നവര്‍ക്കുപോലും നീതി എത്രമാത്രം അന്യമാണെന്നും വെളിപ്പെടുത്തുന്നതാണ് മെറിയന്‍സ് കാബുവിന്റെ ജീവിത കഥ.
2014 ഡിസംബര്‍ 20 ന്, മെറിയന്‍സ് വീട്ടുതടങ്കലില്‍ നിന്ന് മലേഷ്യന്‍ പോലീസിന്റെ സഹായത്തോടെ രക്ഷപെട്ടശേഷം 2015-ല്‍, മെറിയന്‍സിന്റെ തൊഴിലുടമയായ ഓങ് സു പിംഗ് സെറീനെതിരെ പോലീസ് കുറ്റം ചുമത്തി. കൊലപാതകശ്രമം, മനുഷ്യക്കടത്ത്, ഇമിഗ്രേഷന്‍ ലംഘനങ്ങള്‍ എന്നിവയെല്ലാം കേസില്‍ ഉള്‍പ്പെടുത്തിയിരുന്നു. എങ്കിലും അവര്‍ കുറ്റം സമ്മതിച്ചില്ല. മെറിയന്‍സ് കോടതിയില്‍ വ്യക്തമായ മൊഴി നല്‍കിയെങ്കിലും രണ്ട് വര്‍ഷത്തിന് ശേഷം മതിയായ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി കേസ് ഒഴിവാക്കിയതായി ഇന്തോനേഷ്യന്‍ എംബസിയില്‍ നിന്ന് അറിയിക്കുകയായിരുന്നു. 2018 ല്‍ ഇന്തോനേഷ്യന്‍ കോടതി മെറിയന്‍സിനെ മലേഷ്യയിലേയ്ക്ക് കടത്തിക്കൊണ്ടു പോയതിന്റെ പേരില്‍ രണ്ട് പേരെ ജയിലിലടച്ചു എന്നത് മാത്രമാണ് മെറിയന്‍സിന് അനുകൂലമായി ഉണ്ടായ ഏക നടപടി. സംഭവം നടന്ന് ഒമ്പത് വര്‍ഷം പിന്നിട്ടിട്ടും മെറിയന്‍സ് ഇപ്പോഴും നീതിക്കുവേണ്ടി പോരാടുകയാണ്.
തൊഴിലുടമ മെറിയന്‍സിനെ നിരന്തരം കഠിനമായി മര്‍ദിക്കുകയും ഒരു സന്ദര്‍ഭത്തില്‍ അവളുടെ മൂക്ക് ഇടിച്ചു തകര്‍ക്കുകയും പലപ്പോഴും ചൂടുള്ള ഇരുമ്പ്, ട്വീസറുകള്‍, ചുറ്റിക, ബാറ്റണ്‍, പ്ലയര്‍ എന്നിവ ഉപയോഗിച്ച് അവളെ പീഡിപ്പിക്കുകയും ചെയ്തിരുന്നു. എട്ട് വര്‍ഷം കഴിഞ്ഞിട്ടും അവളുടെ ശരീരത്തില്‍ ആ പീഡനത്തിന്റെ പാടുകള്‍ ഉണ്ട്. അവളുടെ മേല്‍ച്ചുണ്ടില്‍ ആഴത്തിലുള്ള മുറിവ് ഇപ്പോഴുമുണ്ട്. അവളുടെ നാല് പല്ലുകളും തൊഴിലുടമയുടെ ആക്രമണത്തില്‍ നഷ്ടപ്പെട്ടിരുന്നു. ഒരു ചെവിയും വികൃതമായി. അവളെ രക്ഷപ്പെടുത്തിയതിന് ശേഷം തനിക്ക് അവളെ തിരിച്ചറിയാന്‍ പോലും കഴിഞ്ഞില്ലെന്ന് അവളുടെ ഭര്‍ത്താവ് കാര്‍വിയസ് പറഞ്ഞു.
‘എന്നെ പീഡിപ്പിച്ച തൊഴിലുടമ സ്വതന്ത്രയായി നടക്കുന്നു. എവിടെ നീതി’. മെറിയന്‍സ് ചോദിക്കുന്നു. അവരുടെ നിരന്തരമായ പോരാട്ടത്തെ തുടര്‍ന്ന് അടുത്തിടെ എംബസി അവര്‍ക്ക് നിയമോപദേശം നല്‍കുകയും മെറിയന്‍സിന്റെ തൊഴിലുടമയ്ക്കെതിരായ കേസ് പുനരാരംഭിക്കുന്നതിന് അനുമതി നല്‍കുകയും ചെയ്തിട്ടുണ്ട്.
മലേഷ്യയില്‍ വളരെയധികം ദുരുപയോഗ കേസുകള്‍ പ്രോസിക്യൂഷനില്‍ മാത്രം അവസാനിക്കുന്നുണ്ട്. അത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല. മലേഷ്യയില്‍ വീട്ടുജോലിക്കാരായി എത്തുന്നവര്‍ക്ക് (ഭൂരിഭാഗവും ഇന്തോനേഷ്യക്കാരാണ്) മലേഷ്യക്കാരുടെ അതേ തലത്തിലുള്ള സംരക്ഷണത്തിന് യോഗ്യതയില്ല. അവരെ രണ്ടാം ക്ലാസ് പൗരന്മാരായി വീക്ഷിക്കുന്ന ഒരു സംസ്‌കാരമാണുള്ളത്. എന്നാല്‍ മലേഷ്യയുടെ വിദേശകാര്യ മന്ത്രാലയം അവകാശപ്പെടുന്നത്, നിയമപ്രകാരം ആര്‍ക്കും നീതി ലഭിക്കുമെന്നാണ്.
തങ്ങളുടെ രാജ്യത്ത് 63,000-ലധികം ഇന്തോനേഷ്യന്‍ വീട്ടുജോലിക്കാര്‍ ഉണ്ടെന്നും എന്നാല്‍ അതില്‍ രേഖകളില്ലാത്ത തൊഴിലാളികള്‍ ഉള്‍പ്പെടുന്നില്ലെന്നും മലേഷ്യയിലെ മാനവശേഷി മന്ത്രാലയം പറയുന്നു. അവരുടെ എണ്ണം സംബന്ധിച്ച് വ്യക്തമായ കണക്കുകളില്ല. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 500 ഓളം ദുരുപയോഗ കേസുകളുടെ റിപ്പോര്‍ട്ടുകള്‍ ലഭിച്ചതായി ഇന്തോനേഷ്യന്‍ എംബസി അറിയിച്ചു. എന്നാല്‍ നിരവധി കേസുകള്‍, പ്രത്യേകിച്ച് രേഖകളില്ലാത്ത തൊഴിലാളികള്‍ ഉള്‍പ്പെട്ടവ, ഇപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്നു എന്നതാണ് വാസ്തവം.
രാജ്യത്തെ ഇന്തോനേഷ്യന്‍ ഗാര്‍ഹിക തൊഴിലാളികളുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതിനുള്ള കരാറില്‍ കഴിഞ്ഞ വര്‍ഷം മലേഷ്യയും ഇന്തോനേഷ്യയും ഒപ്പുവച്ചിരുന്നു. മെറിയന്‍സിന്റെ തൊഴിലുടമയ്ക്കെതിരായ കേസ് പുനരാരംഭിക്കുന്നതിനായി ഇന്തോനേഷ്യ ഇപ്പോള്‍ ശ്രമിക്കുന്നുണ്ട്.
‘ഞാന്‍ മരിക്കും വരെ പോരാടും’
‘ഞാന്‍ മരിക്കുന്നതുവരെ നീതിക്കുവേണ്ടി പോരാടും’ എന്ന് മെറിയന്‍സ് പറയുന്നു. ‘എന്റെ മുന്‍ തൊഴിലുടമയോട് നിങ്ങള്‍ എന്തിനാണ് എന്നെ പീഡിപ്പിച്ചത് എന്ന് എനിക്ക് ചോദിക്കണം’. മെറിയന്‍സ് പറഞ്ഞു.
‘എന്റെ മക്കള്‍ക്ക് ഭക്ഷണം കൊടുക്കാനുള്ള വകയുണ്ടാക്കാനാണ് വിദേശത്ത് ജോലി തേടാന്‍ തീരുമാനിച്ചത്. അപ്പോള്‍ എനിക്ക് 32 വയസ്സായിരുന്നു. വെസ്റ്റ് ടിമോറിലെ ഞങ്ങളുടെ ഗ്രാമത്തില്‍ വൈദ്യുതിയോ ശുദ്ധമായ വെള്ളമോ ഇല്ലായിരുന്നു. ദിവസവേതനക്കാരനായ ഭര്‍ത്താവിന്റെ കൂലി ആറുപേരടങ്ങുന്ന ഞങ്ങളുടെ കുടുംബത്തെ പോറ്റാന്‍ പര്യാപ്തമായിരുന്നില്ല. അങ്ങനെയിരിക്കെയാണ് മലേഷ്യയില്‍ ജോലി വാഗ്ദാനം ലഭിച്ചത്. മക്കളെ നന്നായി വളര്‍ത്തുന്നതും ഒരു വീട് പണിയുന്നതുമെല്ലാം ഞാന്‍ സ്വപ്നം കണ്ടു. 2014 ഏപ്രിലില്‍ കോലാലംപൂരിലെത്തിയപ്പോള്‍, ഏജന്റ് എന്റെ പാസ്പോര്‍ട്ട് തൊഴിലുടമയ്ക്ക് കൈമാറി. ഇന്തോനേഷ്യയിലെ റിക്രൂട്ടര്‍മാര്‍ അതിനകം എന്റെ ഫോണ്‍ കൈക്കലാക്കിയിരുന്നു. തൊഴിലുടമയുടെ 93 വയസുള്ള അമ്മയെ നോക്കുക എന്നതായിരുന്നു എന്റെ ജോലി. ജോലി തുടങ്ങി മൂന്നാഴ്ച കഴിഞ്ഞപ്പോള്‍ മുതല്‍ മര്‍ദ്ദനം തുടങ്ങി. തുടര്‍ന്ന് എല്ലാ ദിവസവും ക്രൂരമായ പീഡനമായിരുന്നു. തറയിലും ഭിത്തിയിലും തെറിച്ച സ്വന്തം രക്തം വൃത്തിയാക്കേണ്ടിയും വന്നു. അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് പുറത്തിറങ്ങാന്‍ ഒരിക്കലും അനുവദിച്ചിട്ടില്ല. ഫ്‌ലാറ്റിലേക്കുള്ള ഇരുമ്പ് ഗേറ്റ് എപ്പോഴും പൂട്ടിയിട്ടിരിക്കുകയായിരുന്നു. അയല്‍വാസികള്‍ക്ക് പോലും ഞാന്‍ അവിടെ ഉള്ളതായി അറിയില്ലായിരുന്നു. ജീവിതം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിച്ച സമയങ്ങളുണ്ടായിരുന്നു, എന്നാല്‍ മക്കളെക്കുറിച്ചുള്ള ചിന്തയാല്‍ എല്ലാം സഹിച്ചു. ഒരിക്കലെങ്കിലും തിരിച്ച് അടിച്ചിരുന്നെങ്കില്‍ ഞാന്‍ ജീവനോടെ ഇരിക്കില്ലായിരുന്നു. എങ്ങനെയും അതിജീവിക്കണം എന്ന ചിന്ത ഉണ്ടായപ്പോഴാണ് കത്ത് എഴുതിയത്’. മെറിയന്‍സ് തന്റെ അനുഭവം പറഞ്ഞു. വര്‍ഷങ്ങള്‍ ഇത്രയധികം കഴിഞ്ഞിട്ടും നീതിക്ക് വേണ്ടിയുള്ള തന്റെ പോരാട്ടം തന്നെപ്പോലുള്ള മറ്റുള്ളവര്‍ക്ക് വേണ്ടിയാണെന്ന് മെറിയന്‍സ് പറയുന്നു.