Monday, November 25, 2024

ക്യൂബയില്‍ നിന്നുള്ള കൂട്ടപലായനം: കുടിയേറ്റത്തിന്റെ അലയടികള്‍ക്കിടെ ഒറ്റയ്ക്കാവുന്ന കുട്ടികള്‍

ക്യൂബ ഒരു കൂട്ട പലായനം അനുഭവിക്കുകയാണ്. കോവിഡ് സൃഷ്ടിച്ച ആഘാതവുംരാഷ്ട്രീയവും സാമ്പത്തികവുമായ പ്രതിസന്ധിയുമെല്ലാം രാജ്യത്ത് കൂടുതല്‍ വഷളായിരിക്കുന്ന സാഹചര്യത്തില്‍ വിദേശത്ത് മികച്ച അവസരങ്ങള്‍ തേടി തങ്ങളുടെ മാതൃഭൂമി വിട്ടുപോകുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് പല ക്യൂബക്കാര്‍ക്കും തോന്നി. ക്യൂബയിലെ യുവജനങ്ങളും പ്രത്യേകിച്ച് യുവ പ്രൊഫഷണലുകളും കുടിയേറുകയാണ്.

മെക്സിക്കോ അതിര്‍ത്തിയിലൂടെ കരമാര്‍ഗവും കടല്‍മാര്‍ഗവും ലക്ഷക്കണക്കിന് ക്യൂബക്കാര്‍ യുഎസിലെത്തുന്നുണ്ട്. യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്റെ കണക്കനുസരിച്ച്, അതിര്‍ത്തി ഉദ്യോഗസ്ഥര്‍ ക്യൂബന്‍ പൗരന്മാരുമായി നടത്തിയ ഏറ്റുമുട്ടലുകളുടെ എണ്ണം 2021 ല്‍ 39,000 ഉം 2022 ല്‍ 224,000 വുമാണ്. 1980-കളിലും 90-കളിലും ഉണ്ടായ ക്യൂബന്‍ കുടിയേറ്റത്തിന്റെ ഏറ്റവും വലിയ തരംഗങ്ങളെ അപേക്ഷിച്ച് ഈ കണക്ക് വളരെ കൂടുതലാണ്.

കടലിലൂടെയും കരയിലൂടെയുമുള്ള സാഹസിക യാത്ര വളരെ അപകടകരമായതിനാല്‍ കുടിയേറുന്നവരില്‍ പലരും തങ്ങളുടെ കുട്ടികളെ നാട്ടില്‍ തന്നെ നിര്‍ത്തിയിട്ടാണ് കുടിയേറുന്നത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. തങ്ങളുടെ മൈഗ്രേഷന്‍ സ്റ്റാറ്റസ് നിയമവിധേയമാക്കിക്കഴിഞ്ഞാല്‍ കുട്ടികളെ തങ്ങളോടൊപ്പം എത്തിക്കാന്‍ കഴിയുമെന്ന് കുടിയേറുന്ന മാതാപിതാക്കള്‍ പ്രതീക്ഷിക്കുന്നു. എന്നാല്‍ അതിന് വര്‍ഷങ്ങള്‍ എടുത്തേക്കാം. അതിനിടയില്‍, തങ്ങളുടെ അസാന്നിധ്യം അവര്‍ നികത്താന്‍ ശ്രമിക്കുന്നത് പണവും സമ്മാനങ്ങളും കഴിയുന്നത്ര കുട്ടികള്‍ക്ക് അയയ്ക്കാന്‍ ശ്രമിച്ചുകൊണ്ടാണ്. ഇങ്ങനെ മാതാപിതാക്കളുടെ അസാന്നിധ്യത്തില്‍ കഴിയുന്ന കുട്ടികളില്‍ പലരും അടുത്ത ബന്ധുക്കളോടൊപ്പമാണ് താമസിക്കുന്നത്.

ക്യൂബന്‍ സൈക്കോളജിസ്റ്റുകള്‍ നടത്തിയ 2017 ലെ ഒരു പഠനം വ്യക്തമാക്കുന്നത്, മാതാപിതാക്കള്‍ രാജ്യം വിട്ടതിനുശേഷം മറ്റ് ബന്ധുക്കള്‍ക്കൊപ്പം വളരുന്ന കുട്ടികള്‍ കൂടുതല്‍ ദേഷ്യവും സങ്കടവും കുടുംബ സ്വത്വ മൂല്യങ്ങളുടെ നഷ്ടവും അനുഭവിച്ചറിയുന്നു എന്നാണ്.

ഹവാനയിലെ ദരിദ്ര പ്രദേശത്തുള്ള ലോസ് പോസിറ്റോസില്‍ കാറ്റെറിന്‍ (7) എന്ന പെണ്‍കുട്ടിയും അവളുടെ ഇളയ സഹോദരിയും അവരുടെ മുത്തശ്ശനും മുത്തശ്ശിയ്ക്കുമൊപ്പമാണ് താമസിക്കുന്നത്. കാറ്ററിന് ഒരു മാസം പ്രായമുള്ളപ്പോള്‍ അവരുടെ പിതാവ് വ്ളാഡിമിര്‍ ക്യൂബ വിട്ടതാണ്. നാല് വര്‍ഷത്തിന് ശേഷം, അവരുടെ അമ്മ യാനെറ്റും യുഎസിലേയ്ക്ക് പോയി. ഇപ്പോള്‍ അവര്‍ ടെക്സാസിലെ ഓസ്റ്റിനില്‍ താമസിക്കുന്നു. തങ്ങള്‍ സമര്‍പ്പിച്ചിരിക്കുന്ന കുടുംബ പുനരേകീകരണ അഭ്യര്‍ത്ഥന അനുകൂലമായി ഭവിച്ചാല്‍ തങ്ങളുടെ പെണ്‍മക്കളെയും ഒപ്പം കൂട്ടാമെന്ന് ഈ മാതാപിതാക്കള്‍ കരുതുന്നു.

എല്ലാ മാസവും, വ്ളാഡിമിറും യാനെറ്റും യുഎസില്‍ നിന്ന് ക്യൂബയിലെ പെണ്‍മക്കളുടെ ചെലവുകള്‍ക്കായി പണം അയയ്ക്കുന്നുണ്ട്. വീഡിയോ കോളുകളിലൂടെ, പെണ്‍കുട്ടികള്‍ തന്നെ ഓസ്റ്റിനിലെ ഒരു സ്റ്റോറില്‍ നിന്ന് അമ്മ വാങ്ങുന്ന കളിപ്പാട്ടങ്ങള്‍ തിരഞ്ഞെടുക്കുന്നു, പിന്നീട് അവ ക്യൂബയിലേക്ക് അയയ്ക്കുന്നു.

‘പക്ഷേ ഈ കുട്ടികളുടെ അവസ്ഥ വളരെ കഷ്ടമാണ്. അവര്‍ക്ക് അവരുടെ മാതാപിതാക്കളുടെ സാമീപ്യവും പരിചരണവും നഷ്ടമാകുന്നു’. കുട്ടികളുടെ മുത്തച്ഛന്‍ അല്‍ഫോന്‍സോ പറഞ്ഞു. ‘ഞങ്ങള്‍ അവര്‍ക്ക് എത്ര സ്‌നേഹം നല്‍കിയാലും അത് മാതാപിതാക്കളുടേതിന് സമാനമല്ല. മാതാപിതാക്കള്‍ മാതാപിതാക്കളാണ്. കുട്ടികള്‍ക്ക് അവരെ വേണം’. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹവാനയുടെ പ്രാന്തപ്രദേശത്തുള്ള ഗ്വാനബാക്കോവയിലെ ഇരുനില വീട്ടിലാണ് അലക്‌സാണ്ടര്‍ ഗോണ്‍സാലെസ് ലിയോണ്‍ (9) താമസിക്കുന്നത്. മൂന്ന് വര്‍ഷം മുമ്പ് വരെ മാതാപിതാക്കളോടൊപ്പമാണ് അവന്‍ താമസിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍, അലക്‌സാണ്ടറിനെ അവന്റെ മുത്തശ്ശി മെഴ്സിഡസാണ് പരിപാലിക്കുന്നത്. കുടുംബത്തിലെ ബാക്കിയുള്ളവര്‍ ഇപ്പോള്‍ യുഎസിലാണ്.

അവന്റെ അമ്മ ലൂര്‍ദ്, മകനേയും യുഎസിലെത്തിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും അവള്‍ ഉദ്ദേശിച്ചതുപോലെ കാര്യങ്ങള്‍ നടന്നില്ല. ലൂര്‍ദ് തന്റെ രണ്ടാമത്തെ കുഞ്ഞിനെ പ്രസവിച്ചതും യുഎസിലാണ്. അമ്മയുടെ അസാന്നിധ്യം അലക്സാണ്ടറിന് കൂടുതലായി അനുഭവപ്പെടുന്നില്ലെന്ന് മെഴ്സിഡസ് പറയുന്നു. ‘ഞാന്‍ അവനെ ശകാരിക്കുമ്പോള്‍ മാത്രം, എന്റെ മമ്മിയുടെ കൂടെ പോകേണ്ടതായിരുന്നു എന്ന് അവന്‍ പറയും’. താന്‍ ഉടന്‍ തന്നെ യുഎസിലുള്ള അമ്മയുമായി വീണ്ടും ഒന്നിക്കുമെന്നും തന്റെ ചെറിയ സഹോദരനെ കാണുമെന്നും അലക്‌സാണ്ടറിന് ബോധ്യമുണ്ട്.

ഐക്കോ റോഡ്രിഗസ് ലാറ എന്ന ആണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മെച്ചപ്പെട്ട ജീവിതം തേടി ഒരു വര്‍ഷം മുമ്പ് റഷ്യയിലേക്ക് പോയി. ഇപ്പോള്‍ ഐക്കോ തന്റെ രണ്ട് വയസ്സുള്ള സഹോദരി എലിസബത്തിനും അവരുടെ രണ്ട് മുത്തശ്ശിമാരായ ലൂര്‍ദ്, റൈസ എന്നിവരോടൊപ്പമാണ് താമസിക്കുന്നത്. രണ്ട് സ്ത്രീകളും അവരുടെ പേരക്കുട്ടികളുടെ സംരക്ഷണ ചുമതലകള്‍ പങ്കിടുന്നു.

അവന്റെ മാതാപിതാക്കള്‍ റഷ്യയിലേക്ക് പോയതിനുശേഷം, ഐക്കോയ്ക്ക് ഒരു ചര്‍മ്മരോഗം ഉണ്ടാകാന്‍ തുടങ്ങി. അതോടെ അവന്‍ ആകെ മാറി. വലിയ ഉത്കണ്ഠ പ്രകടിപ്പിച്ചു തുടങ്ങി. അങ്ങനെ അമ്മൂമ്മമാര്‍ അവനെ ഒരു മനശാസ്ത്രജ്ഞനെ അടുക്കല്‍ കൊണ്ടുപോയി, മാതാപിതാക്കളുടെ അഭാവമാണ് ഐക്കോയുടെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ഡോക്ടര്‍ പറഞ്ഞു.

കുട്ടികളുടെ മാതാപിതാക്കള്‍ക്ക് റഷ്യയില്‍ നിയമപരമായ പദവി ലഭിക്കുമെന്നും അപ്പോള്‍ കുട്ടികളേയും കൂടെ കൊണ്ടുപോകുമെന്നും മുത്തശ്ശിമാര്‍ പ്രതീക്ഷിക്കുന്നു. എന്നാല്‍ അതിന് വര്‍ഷങ്ങളെടുക്കുമെന്നും അവര്‍ക്കറിയാം. പക്ഷേ ക്യൂബയില്‍ തന്നെ തുടര്‍ന്നിരുന്നെങ്കില്‍ തങ്ങളുടെ മക്കള്‍ക്ക് അവരുടെ കുഞ്ഞുങ്ങളെ വേണ്ടവിധത്തില്‍ സംരക്ഷിക്കാനും വളര്‍ത്താനും കഴിയുമായിരുന്നില്ല എന്ന യാഥാര്‍ത്ഥ്യവും അവര്‍ ചൂണ്ടിക്കാട്ടുന്നു.

 

 

 

Latest News