Sunday, November 24, 2024

എന്താണ് ബങ്കറുകള്‍? യുക്രൈനിലെ ബങ്കറുകള്‍ നല്‍കുന്ന സുരക്ഷയും അവയുടെ പ്രത്യേകതകളും

യുക്രൈനില്‍ യുദ്ധം രൂക്ഷമായതോടെ ബങ്കറുകളിലാണ് മലയാളി വിദ്യാര്‍ഥികള്‍ അടക്കമുള്ള ജനങ്ങള്‍ അഭയം തേടിയത്. പുറത്തു നടക്കുന്ന വെടിവയ്പ്പിലും ആക്രമണങ്ങളിലും നിന്ന് ഇത് അവര്‍ക്ക് സുരക്ഷ നല്‍കുകയും ചെയ്തിരുന്നു. എന്താണ് യഥാര്‍ത്ഥത്തില്‍ ബങ്കറുകള്‍, എന്താണ് അവയുടെ പ്രത്യേകതകള്‍….

ബങ്കറുകള്‍

പോരാട്ടം പതിവായ മേഖലകളില്‍ സംഘര്‍ഷം രൂക്ഷമാകാനുള്ള സാധ്യയുള്ളതിനാല്‍, ജനങ്ങള്‍ക്ക് സുരക്ഷിതകേന്ദ്രത്തിലേക്ക് മാറുന്നതിനാണ് ബങ്കറുകള്‍ മുന്‍കൂട്ടി
നിര്‍മിക്കുന്നത്. പലരാജ്യങ്ങളും പലരീതിയിലാണ് ഇവ നിര്‍മിക്കുക. പ്രദേശത്തെ ഭൂപ്രകൃതിക്കനുസരിച്ചാകും നിര്‍മാണം. ആണവയുദ്ധം, ഭൂമികുലുക്കം എന്നിവയെ ഈ ബങ്കറുകള്‍ക്ക് പ്രതിരോധിക്കാന്‍ സാധിക്കും. ഭിത്തിയോളം ശക്തിയുള്ളതാണ് വാതിലുകള്‍. താഴ്ചയിലായതിനാല്‍ ചൂടിനെ പ്രതിരോധിക്കാനും കഴിയും.

യുക്രൈനിലെ ബങ്കറുകള്‍

യുക്രൈനില്‍ എല്ലാ ബഹുനിലക്കെട്ടിടങ്ങളുടെയും അടിയില്‍ ബങ്കറുകളുണ്ട്. 50-ഓളം പേര്‍ക്ക് ഒരു ബങ്കറില്‍ കഴിയാം. ഫ്ലാറ്റിന്റെ വലിപ്പത്തിന് ആനുപാതിക
മായാണ് ഇവയുടെ എണ്ണം. അഞ്ചു ബങ്കര്‍ വരെയുള്ള ഫ്ലാറ്റുകളുണ്ട്. അടിയന്തരസാഹചര്യം കണക്കിലെടുത്ത് ഭൂഗര്‍ഭ മെട്രോസ്റ്റേഷനുകളും വലിയ ഫ്ലാറ്റുകളിലെ കനാലുകളും ബങ്കറായി ഉപയോഗിക്കുന്നുണ്ട്. അകത്തേക്കും പുറത്തേക്കും ഒരു വഴിമാത്രമേയുള്ളൂവെന്നത് അപകടകരമായ സാഹചര്യങ്ങളില്‍ രക്ഷപ്പെടല്‍ പ്രയാസകരമാക്കും. ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ നിലച്ചാല്‍ ആശയവിനിമയം തകരാറിലാകും.

സ്ഫോടനത്തില്‍നിന്നും ആണവ വികിരണങ്ങളില്‍നിന്നും സംരക്ഷിക്കുമെന്നതൊഴിച്ചാല്‍ പ്രാഥമിക സൗകര്യങ്ങളായി വൈദ്യുതിസൗകര്യം മാത്രമാണ് മിക്കവാറും ബങ്കറുകളിലുള്ളത്. ഭക്ഷണത്തിനും പ്രാഥമിക ആവശ്യങ്ങള്‍ക്കും കെട്ടിടത്തിലെ സൗകര്യങ്ങളെയാണ് ഇവര്‍ ആശ്രയിക്കുന്നത്. മൊബൈല്‍ ആപ്ലിക്കേഷനായ ടെലിഗ്രാമിലൂടെയാണ് യുക്രൈന്‍ അധികൃതര്‍ ഓരോപ്രദേശത്തെയും ആളുകള്‍ ഒളിച്ചിരിക്കേണ്ട ബങ്കറുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇപ്പോള്‍ കൈമാറുന്നത്.

ആഡംബരബങ്കറുകള്‍

ആഡംബരബങ്കറുകള്‍ ഇന്ന് പല സെലിബ്രിറ്റികള്‍ക്കും സ്വന്തമായുണ്ട് എന്നാണ് പറയുന്നത്. ഒരുവര്‍ഷം വരെയുള്ള ആഹാരം സംഭരിച്ചു വയ്ക്കാന്‍ സാധിക്കുന്നതും ഭൂമികുലുക്കത്തെ പോലും പ്രതിരോധിക്കാന്‍ സാധിക്കുന്നതുമാണ് ഈ ബങ്കറുകള്‍. ബില്‍ ഗേറ്റ്സിന് വരെ ഇത്തരം ബങ്കറുകള്‍ സ്വന്തമായി ഉണ്ടെന്ന് പറയപ്പെടുന്നു. ഒരു വര്‍ഷം വരെയുള്ള ആഹാരം ഇതിനുള്ളില്‍ സംഭരിക്കാന്‍ സാധിക്കും. ചില ബങ്കറുകളില്‍ ഹൈഡ്രോപോണിക്ക് ഗാര്‍ഡന്‍ വരെ ഉണ്ടാകും. ഒരു വലിയ കമ്മ്യൂണിറ്റിക്ക് കഴിയാന്‍ സാധിക്കുന്ന തരം ബങ്കറുകള്‍ വരെ നിര്‍മ്മിക്കുന്നുണ്ട് ചിലര്‍. ഒരു വിപത്ത് സംഭവിച്ചാല്‍ ഡോക്ടര്‍മാരും അധ്യാപകരും അടങ്ങിയ ഒരു കമ്മ്യൂണിറ്റിയെ സംരക്ഷിക്കാനാണിത്.

മികച്ച സൗകര്യങ്ങള്‍

മികച്ച പവര്‍ സിസ്റ്റം, വാട്ടര്‍ പ്യൂരിഫിക്കേഷന്‍ സിസ്റ്റം, ബ്ലാസ്റ്റ് വാല്‍വ്സ്, നുക്ലിയര്‍ ബയോളജിക്കല്‍ എയര്‍ ഫില്‍റ്ററെഷന്‍ സംവിധാനം എന്നിവ ആഡംബരബങ്കറുകളുടെ ഉള്ളിലുണ്ടാകും. ചെക്ക് റിപബ്ലിക്കിലെ ‘ദി ഒപ്പിഡിയം’ ആണ് നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ ബില്യണര്‍ ബങ്കര്‍ എന്നറിയപ്പെടുന്നത്. 1984 ലാണ് സോവിയറ്റ് യൂണിയനും ചെക്കോസ്ലോവാക്യയും ചേര്‍ന്ന് ഇതിന്റെ നിര്‍മ്മാണം ആരംഭിച്ചത്. 77,000 ചതുരശ്രയടിയുള്ള അണ്ടര്‍ ഗ്രൗണ്ട് ബങ്കര്‍ ആണിത്. അണ്ടര്‍ഗ്രൗണ്ട് ഗാര്‍ഡന്‍ , പൂള്‍, സ്പാ , സിനിമ ഹാള്‍ എന്നിവയെല്ലാം ഉള്ളിലുണ്ട്. 2016ല്‍ മാത്രം ഇത്തരം ഹൈ കസ്റ്റം ബങ്കറുകളുടെ ആവശ്യത്തില്‍ 70% വര്‍ധനവ് ഉണ്ടായി എന്നാണ് ഇത്തരം ബങ്കറുകള്‍ നിര്‍മ്മിച്ച് നല്‍കുന്ന ടെക്സാസ് ആസ്ഥാനമായുള്ള കമ്ബനിയുടെ തലവന്‍ ഗാരി ലിഞ്ച് പറയുന്നത്.

 

 

 

 

 

Latest News