‘എല്ലാ ദിവസവും ഞാന്‍ ഉണരുന്നത് സ്‌കൂളില്‍ തിരിച്ചെത്താമെന്ന പ്രതീക്ഷയോടെയാണ്. സ്‌കൂളുകള്‍ തുറക്കുമെന്ന് താലിബാന്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നു. എന്നാല്‍ ഇപ്പോള്‍ ഏകദേശം രണ്ട് വര്‍ഷമായി. ഇനി ഞാന്‍ അവരെ വിശ്വസിക്കുന്നില്ല. സ്‌കൂളില്‍ പോകാനാകാത്ത അവസ്ഥ എന്റെ ഹൃദയത്തെ തകര്‍ക്കുന്നു’. പതിനേഴുകാരിയായ അഫ്ഗാനിസ്ഥാന്‍ പെണ്‍കുട്ടി, ഹബീബയുടെ കണ്ണുനീരോടെയുള്ള വാക്കുകളാണിത്.
സ്‌കൂളില്‍ പോയി വിദ്യാഭ്യാസം നേടാന്‍ കഴിയാത്ത അഫ്ഗാനിസ്ഥാനിലെ ലക്ഷക്കണക്കിന് പെണ്‍കുട്ടികളുടെ പ്രതിനിധികളാണ് ഹബീബയും അവളുടെ മുന്‍ സഹപാഠികളായ മഹ്താബും തമനയും. കാരണം അഫ്ഗാനിസ്ഥാനിലെ മിക്കയിടത്തും സെക്കന്‍ഡറി സ്‌കൂളില്‍ ചേരുന്നതില്‍ നിന്ന് പെണ്‍കുട്ടികള്‍ക്ക് താലിബാന്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നു.
‘ആണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകുന്നതും അവര്‍ക്കിഷ്ടമുള്ളത് ചെയ്യുന്നതും കാണുമ്പോള്‍ ഞങ്ങളുടെ വേദന ഇരട്ടിക്കുന്നു. എന്റെ സഹോദരന്‍ സ്‌കൂളിലേക്ക് പോകുന്നത് കാണുമ്പോള്‍ ഞാന്‍ തകര്‍ന്നുപോകും. ഞങ്ങള്‍ക്കും ഇതേ അവകാശങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍…’. കണ്ണുനീര്‍ തുടച്ചുകൊണ്ട് തമന പറയുന്നു.
സെക്കന്‍ഡറി സ്‌കൂള്‍ നിരോധനത്തെ തുടര്‍ന്നുള്ള ആദ്യ നിയന്ത്രണം 2021 ഡിസംബറില്‍ വന്നു. 72 കിലോമീറ്ററില്‍ കൂടുതല്‍ (48 മൈല്‍) യാത്ര ചെയ്യാന്‍ സ്ത്രീകള്‍ക്കൊപ്പം ഒരു പുരുഷ ബന്ധുവും ഉണ്ടായിരിക്കണമെന്ന് താലിബാന്‍ ഉത്തരവിട്ടു. 2022 മാര്‍ച്ചില്‍, പെണ്‍കുട്ടികള്‍ക്കായി സെക്കന്‍ഡറി സ്‌കൂളുകള്‍ വീണ്ടും തുറക്കുമെന്ന് താലിബാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പക്ഷേ മണിക്കൂറുകള്‍ക്കകം സ്‌കൂളുകള്‍ അടച്ചുപൂട്ടി. രണ്ട് മാസത്തിനുള്ളില്‍, സ്ത്രീകള്‍ തല മുതല്‍ കാല്‍ വരെ മൂടുന്ന വസ്ത്രം ധരിക്കണമെന്ന് ഒരു ഉത്തരവ് പാസാക്കി.
നവംബറില്‍ പാര്‍ക്കുകളിലും ജിമ്മുകളിലും നീന്തല്‍ക്കുളങ്ങളിലും സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും വിലക്കേര്‍പ്പെടുത്തി. സര്‍വ്വകലാശാലയില്‍ സാമ്പത്തിക ശാസ്ത്രം, എഞ്ചിനീയറിംഗ്, ജേണലിസം തുടങ്ങിയ വിഷയങ്ങള്‍ തിരഞ്ഞെടുക്കാന്‍ പെണ്‍കുട്ടികള്‍ക്ക് അനുവാദമില്ലെന്നും ഉത്തരവിട്ടു. ഒരു മാസത്തിനുശേഷം, സര്‍വ്വകലാശാലകളില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും ആരോഗ്യമേഖലയിലൊഴികെയുള്ള ആഭ്യന്തര, അന്തര്‍ദേശീയ എന്‍ജിഒകളില്‍ ജോലി ചെയ്യുന്നതില്‍ നിന്ന് സ്ത്രീകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തു.
‘ഇത്തരത്തിലുള്ള പരിമിതികള്‍ വര്‍ദ്ധിക്കുകയാണെങ്കില്‍, സ്ത്രീകള്‍ക്ക് ഇനി ജീവിക്കാന്‍ പോലും അര്‍ഹതയുണ്ടാകുമെന്ന് ഞാന്‍ കരുതുന്നില്ല. മനുഷ്യനെന്ന നിലയിലുള്ള നമ്മുടെ അടിസ്ഥാന അവകാശങ്ങള്‍ നമുക്ക് പ്രാപ്യമല്ല. വിദ്യാഭ്യാസം കൂടാതെ ജീവിതത്തിന് അര്‍ത്ഥമില്ല. ഇതുപോലുള്ള ജീവിതത്തേക്കാള്‍ മികച്ചത് മരണമാണെന്ന് ഞാന്‍ കരുതുന്നു’. മഹ്താബ് പറയുന്നു. അന്തസ്സില്ലാത്ത ജീവിതം നയിക്കുന്നതിനേക്കാള്‍ മരിക്കുന്നതാണ് നല്ലതെന്ന് കരുതുന്നവരാണ് അഫ്ഗാനിസ്ഥാനിലെ ഭൂരിഭാഗം സ്ത്രീകളും പെണ്‍കുട്ടികളും.
പെണ്‍കുട്ടികളെ പഠിക്കാന്‍ അനുവദിക്കണമെന്ന് വിശ്വസിക്കുന്നവരുടെ ഒരു ശ്രമവും രാജ്യത്ത് ഇതുവരെ ഫലം കണ്ടിട്ടില്ല. കൂടാതെ ഇത്തരം നിയന്ത്രണങ്ങള്‍ ഭയത്തിന്റെയും ആശയക്കുഴപ്പത്തിന്റെയും അന്തരീക്ഷം രാജ്യത്തുടനീളം സൃഷ്ടിക്കുകയും ചെയ്യുന്നു. താലിബാന്റെ നയങ്ങള്‍ക്കെതിരെ പോരാടാന്‍ ശക്തമായ മാര്‍ഗങ്ങള്‍ തേടുകയാണിപ്പോള്‍ മനുഷ്യാവകാശ സംഘടനകള്‍.