വിദ്യാഭ്യാസരംഗത്തെ പ്രവർത്തനത്തിന് ഇന്ത്യയിലെ പരമോന്നത സിവിൽ ബഹുമതിയായ പത്മശ്രീ ലഭിച്ച ഐറിഷ് കന്യാസ്ത്രീ സി. സിറിൽ മൂണി, ഐ.ബി.വി.എം അന്തരിച്ചു. ദീർഘനാളായി രോഗബാധിതയായി ചികിത്സയിലായിരുന്നു. 86 വയസായിരുന്നു അന്തരിച്ച സന്യാസിനിക്ക്.
1936 ജൂലൈ 21-ന് അയർലണ്ടിലെ ബ്രേയിൽ ജനിച്ചു. ലൊറെറ്റോ കോൺവെന്റിലെ വിദ്യാർത്ഥിനിയായിരിക്കെ ദൈവവിളി തിരിച്ചറിഞ്ഞു. പതിമൂന്നാം വയസിലാണ് സി. സിറിൽ മൂണി തന്റെ വിളി തിരിച്ചറിയുന്നത്. 1956-ൽ അവർ അയർലൻഡ് വിട്ട് കപ്പൽമാർഗ്ഗം കൊൽക്കത്തയിലെത്തി. 1979-ൽ സുവോളജിയിൽ ഡോക്ടറൽ ബിരുദം പൂർത്തിയാക്കിയ അവർ കൊൽക്കത്തയിലെ സീൽദായിലെ ലൊറെറ്റോ ഡേ സ്കൂളിന്റെ പ്രിൻസിപ്പലായി.
മാറ്റം സൃഷ്ടിക്കുന്നതിനും ഇന്ത്യയിലെ ഏറ്റവും ദരിദ്രരായ ജനങ്ങളെ ശാക്തീകരിക്കുന്നതിനുമുള്ള ഒരു മാർഗ്ഗമായി വിദ്യാഭ്യാസം ഉപയോഗിക്കാൻ മൂണി റെയിൻബോ സ്കൂൾ പ്രോഗ്രാം സ്ഥാപിച്ചു. അന്ന് മികച്ച നിലവാരം പുലർത്തിയിരുന്ന കുട്ടികളെ മാത്രമേ സ്‌കൂളുകളിൽ എടുത്തിരുന്നുള്ളൂ. എന്നാൽ സിസ്റ്റർ മൂണി ആരംഭിച്ച പുതിയ പദ്ധതിയിലൂടെ, സമൂഹത്തിൽ തീർത്തും ദരിദ്രരായ കുട്ടികൾക്കും വിദ്യാഭ്യാസം നേടാൻ കഴിഞ്ഞു. പ്രോഗ്രാമിനു കീഴിൽ, സ്കൂളിൽ ചേരുന്ന 700 കുട്ടികൾ ഫീസ് അടയ്ക്കുന്നു; ആ ഫീസ് അടയ്ക്കാൻ കഴിയാത്ത മറ്റ് 700 കുട്ടികൾക്ക് സൗജന്യ സ്കൂൾ വിദ്യാഭ്യാസം നൽകുന്നു.
കുടുംബമില്ലാത്ത 200-ഓളം തെരുവുകുട്ടികൾക്കായി സി. മൂണി സ്കൂളിൽ ഒരു വീട് നിർമ്മിച്ച് അവരെ അവിടെ താമസിപ്പിച്ചു. ഈ സന്യാസിനിയുടെ പ്രവർത്തനങ്ങളിൽ നിന്ന് പ്രചോദനം ഉൾകൊണ്ട സർക്കാർ, ഇന്ത്യയുടെ മുഴുവൻ സംസ്ഥാനങ്ങളിലും ഈ പാത പിന്തുടരാൻ തീരുമാനിച്ചു. 2010 മുതൽ, വിദ്യാഭ്യാസ അവകാശ നിയമപ്രകാരം പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കുള്ള 25% ക്വാട്ട സ്വകാര്യ സ്കൂളുകൾ പിന്തുടരുന്നത് നിർബന്ധമാണ്