“മഴയത്ത് കളിക്കാനോ വെള്ളത്തില്‍ ഇറങ്ങാനോ ഒന്നും നിക്കരുത്. മക്കളാരും മഴയത്ത് ഇറങ്ങി പനി പിടിക്കരുത്.” സാധാരണ ഇത്തരം വാക്യങ്ങൾ പറയാറുള്ളത് അപ്പനോ അമ്മയോ അധ്യാപകരോ ആയിരിക്കും. പക്ഷേ, ഇവിടെ പറഞ്ഞിരിക്കുന്നത് തൃശ്ശൂർ കളക്‌ടറാണ്. മഴ കാരണം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിക്കൊണ്ട് അദ്ദേഹം എഴുതിയ കുറിപ്പ് ആളുകളെ ഏറെ ആകർഷിച്ചു. സ്നേഹവും കരുതലുമായി പെയ്തിറങ്ങിയ ഒരു കപ്പിത്താന്റെ കയ്യൊപ്പാണ് ആ കുറിപ്പെന്നാണ് ഇപ്പോൾ കേരളത്തിനു പുറത്തുള്ള ഒരു തൃശ്ശൂർകാരി എഴുതിയിരിക്കുന്നത്. തുടർന്നു വായിക്കുക
നാട്ടിലെ വാർത്തകൾ എന്നും എനിക്ക് പ്രിയപ്പെട്ടതായിരുന്നു. ജനിച്ച നാടും കളിച്ചു നടന്ന ഇടനാഴികളും അക്ഷരങ്ങളെ കണ്ടുമുട്ടിയ വിദ്യാലയും സ്നേഹിക്കാത്ത ആരും തന്നെ ഉണ്ടാക്കില്ല. തൃശ്ശൂർ – അതൊരു ജില്ലയേക്കാൾ ഉപരി ഒരു വികാരം തന്നെയായിരുന്നു. അതുകൊണ്ടൊക്കെയാകും തൃശ്ശൂരിലെ കളക്ടർ അറിയിക്കുന്ന വസ്തുതകൾ വിട്ടുപോകാതിരിക്കാൻ ഫേസ് ബുക്ക് പേജ് ലൈക് ചെയ്തതും.
ഇന്നലെ കളക്‌ടർ മഴ കാരണം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിക്കൊണ്ട് ഒരു പോസ്റ്റ് ഇട്ടിരുന്നു. മനോഹരവും സ്നേഹനിർഭരവുമായിരുന്നു അത്. അറിയിപ്പിലുപരി അതിൽ സ്നേഹവും കരുതലും നിറഞ്ഞിരുന്നു. ഇങ്ങനെയായിരുന്നു ആ കുറിപ്പ്:
പ്രിയപ്പെട്ട കുട്ടികളെ,
രണ്ട് ദിവസമായിട്ട് നല്ല ഗംഭീര മഴയാണല്ലോ.. അതുകൊണ്ട് നിങ്ങടെ സുരക്ഷ മുന്‍നിര്‍ത്തി പ്രൊഫഷണൽ കോളേജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിക്കുകയാണ്. എന്ന് വെച്ച് മഴയത്ത് കളിക്കാനോ വെള്ളത്തില്‍ ഇറങ്ങാനോ ഒന്നും നിക്കരുത്. പുഴയിലൊക്കെ വെള്ളം കൂടുതലാണ്.
അച്ഛനും അമ്മയും പറയുന്നത് കേട്ട് വീട്ടില്‍ തന്നെ ഇരിക്കണം. മക്കളാരും മഴയത്ത് ഇറങ്ങി പനി പിടിക്കരുത്.
നാട്ടിലെങ്ങും പെയ്തിറങ്ങുന്ന മഴ, അവിടെ ജീവിക്കുന്നവരേക്കാൾ ഭീതി ജനിപ്പിക്കുന്നത് കേരളത്തിനു പുറത്തുള്ള മലയാളികളെയാണ്. 2018 – ലെ പ്രളയം ഇന്നും മനസ്സിലെ ഏതോ കോണിൽ ഒളിഞ്ഞിരിപ്പുണ്ട്. ആ ഓർമ്മയിൽ നിറയുന്ന ഭീതിയുണ്ട്. നിർത്താതെ പെയ്യുന്ന മഴയെന്നു കേൾക്കുമ്പോൾ ഒളിഞ്ഞു നോക്കുന്ന ഒരു കള്ളനെപ്പോലെയാണെന്ന് ചിലപ്പോഴൊക്കെ തോന്നിപ്പോകാറുണ്ട്.
“കൊഴപ്പങ്ങൾ ഒന്നുമില്ലലോ; എല്ലാവർക്കും സുഖമല്ലേ” എന്നൊക്കെ കൂടെ കൂടെ വിളിച്ചന്വേഷിക്കുന്നതിനിടയ്ക്കാണ് കളക്ടറുടെ ഫേസ് ബുക്ക് പോസ്റ്റ് വായിക്കാനിടയായത്. ആശയവിനിമയത്തിന്റെ അനന്തസാധ്യതകൾ സ്നേഹവും കരുതലുമായി പെയ്തിറങ്ങിയ ഒരു കപ്പിത്താന്റെ കയ്യൊപ്പുകളെന്നു ആ അറിയിപ്പിനെ വിലയിരുത്തിയാൽ ഒട്ടും തന്നെ അതിശയോക്തി ആകില്ല.
കുഞ്ഞുമക്കളോടുള്ള ചില സമീപനങ്ങൾ ചിലപ്പോൾ അത്ഭുതങ്ങൾ സൃഷ്ടിച്ചെന്നുവരാം . നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയെന്നു ഒറ്റവാക്കിൽ പറഞ്ഞവസാനിപ്പിക്കാമായിരുന്നു. പക്ഷേ, അതിനേക്കാളുപരി പങ്കുവയ്ക്കപ്പെടേണ്ടതിന്റെ സ്നേഹമായിരുന്നു ആ അക്ഷരങ്ങളിൽ തെളിഞ്ഞു നിന്നത്. കരുതലോടെ നമ്മെ ചേർത്തുപിടിക്കുന്ന ഒരു രക്ഷിതാവിന്റെയും അദ്ധ്യാപകന്റെയും വേഷം അണിഞ്ഞ ജില്ലാ കളക്ടർക്കു പ്രണാമം. കൃഷ്ണ തേജാ സാർ, അങ്ങൊരു തേജസാണ്!
മിനു മഞ്ഞളി