‘മൃതദേഹങ്ങള്‍ ഷീറ്റുകള്‍ കൊണ്ട് പൊതിഞ്ഞ നിലയില്‍ നിലത്തുകിടക്കുന്നു. മരിച്ചവരെ പുറത്തെടുക്കനുളള ശ്രമത്തില്‍ മറ്റു ചിലര്‍. അക്രമത്തില്‍ അംഗഭംഗം സംഭവിച്ച് ഗുരുതരമായി പരിക്കേറ്റവര്‍ സഹായത്തിനായി നിലവിളിക്കുന്നു’ സൈനിക ഏറ്റുമുട്ടല്‍ തുടരുന്ന സുഡാനില്‍ നിന്നുമുള്ള ഏറ്റവും പുതിയ വീഡിയോ ദൃശ്യങ്ങളാണ് ഇത്. മൂന്നുമാസത്തിനിടെ രാജ്യത്തുണ്ടായ ഏറ്റവും മാരകമായ വ്യോമാക്രമണ പോരാട്ടത്തിനാണ് ശനിയാഴ്ച സുഡാന് സാക്ഷ്യം വഹിച്ചത്. “ഒരു ശ്മശാനഭൂമിയായി രാജ്യം മാറി. യഥാര്‍ഥത്തില്‍ ഇത് നരകമാണ്” – ഒംദുര്‍മാന്‍ നിവാസികള്‍ പറയുന്നു.
തലസ്ഥാന നഗരമായ ഖാര്‍ത്തൂമിന്റെ സമീപപ്രദേശമായ ഒംദുര്‍മാനിലെ ഡാര് എസ് സലാം പരിസരത്ത് ശനിയാഴ്ച നടന്ന ആക്രമണത്തില്‍ 22 പേരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ മാസം ഖാര്‍ത്തൂമില്‍ നടന്ന വ്യോമാക്രമണത്തില്‍ 5 കുട്ടികളടക്കം 17 പേര് കൊല്ലപ്പെട്ടിരുന്നു. കൂടാതെ, ഗുരുതരമായി പരിക്കേറ്റവര്‍ക്ക് കണക്കുകളില്ല. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട വീഡിയോയില്‍ കലാപം ആരംഭിച്ചിട്ട് ഇന്നുവരെ കാണാത്ത അനുഭവങ്ങളാണ് പങ്കുവയ്ക്കപ്പെടുന്നത്. മൃതദേഹങ്ങള്‍ പൊതിഞ്ഞ നിലയില്‍ നിലത്തുകിടക്കുന്നതും ആളുകള്‍, മരിച്ചവരെ പുറത്തെടുക്കാന്‍ ശ്രമിക്കുന്നതായും മറ്റുള്ളവര്‍ പരിക്കേറ്റവരെ സഹായിക്കുന്നതായും കാണാം. തലസ്ഥാനത്തെ നഗരപ്രദേശങ്ങളിലും സുഡാനിലെ മറ്റിടങ്ങളിലും നടന്ന ഏറ്റവും മാരകമായ ആക്രമണങ്ങളിലൊന്നായിരുന്നു ഇന്നലെ നടന്ന ആക്രമണമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.
ആക്രമണത്തിന് ഉത്തരവാദി ഏത് വിഭാഗമാണെന്ന് നിര്ണ്ണയിക്കാനാകുന്നില്ലെന്ന് ഒംദുര്‍മാന്‍ നിവാസികള്‍ പറയുന്നു. സൈന്യവും അര്‍ധസൈനിക വിഭാഗവും ഒരുപോലെ സംഘര്‍ഷം തുടരുകയാണ്. ശനിയാഴ്ച പുലര്‍ച്ചെ ആക്രമണസമയത്ത് സൈന്യം, ആളുകളുടെ വീടുകള്‍ ഷീല്‍ഡുകളായി ഉപയോഗിച്ച് ആര്‍എസ്എഫിനെ ( Rapid Support Forces) ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ആര്‍എസ്എഫ് തിരിച്ചടിച്ചുവെന്നും പ്രദേശത്തെ താമസക്കാരില്‍ ഒരാളായ അബ്ദുള്‍-റഹ്മാന് പറയുന്നു. ഈ പ്രദേശം നരകതുല്യമാണെന്നും 24 മണിക്കൂറും യുദ്ധം നടക്കുന്നതിനാൽ ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സായുധകലാപം ആരംഭിച്ചതിനു പിന്നാലെ സ്ത്രീകളെയും പെണ്‍കുട്ടികളെയും ബലാത്സംഗം ചെയ്യുന്നതുള്‍പ്പെടെയുള്ള ലൈംഗികാതിക്രമങ്ങള്‍ ഖാര്‍ത്തൂമിലും പടിഞ്ഞാറന്‍ ഡാര്‍ഫൂര്‍ മേഖലയിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരായ ലൈംഗീകാതിക്രമങ്ങള്‍ നിരീക്ഷിക്കുന്ന സര്‍ക്കാര്‍ സ്ഥാപനമായ സുഡാനീസ് യൂണിറ്റ് ഫോര്‍ കോംബാറ്റിംഗ് വയലന്‍സ് എഗെയിന്‍, നിലവിലുള്ള സംഘര്‍ഷവുമായി ബന്ധപ്പെട്ട് 88 ബലാത്സംഗ കേസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നു പറഞ്ഞു. അതില്‍ 42 ഖാര്‍ത്തൂമിലും 46 ഡാര്ഫറിലുമാണുളളത്. എന്നാല്‍ ഈ കണക്ക് 2% മാത്രമേ പ്രതിനിധീകരിക്കുന്നുള്ളൂവെന്ന് യൂണിറ്റ് പറഞ്ഞു. അതായത് ഏപ്രില്‍ 15-ന് പോരാട്ടം ആരംഭിച്ചതിനു ശേഷം 4,400 ലൈംഗിക അതിക്രമ കേസുകള്‍ ഉണ്ടായിട്ടുണ്ടെന്നാണ് സേവ് ദി ചില്‍ഡ്രന്‍ ചാരിറ്റി പറയുന്നത്. സുഡാനിലെ സ്ത്രീകളെയും കുട്ടികളെയും ഭയപ്പെടുത്തുന്നതിനുള്ള ഒരു ഉപകരണമായി ലൈംഗിക അതിക്രമങ്ങള്‍ ഉപയോഗിക്കുന്നത് തുടരുന്നുവെന്ന് സുഡാനിലെ സേവ് ദി ചില്‍ഡ്രന്‍ ഡയറക്ടര്‍ ആരിഫ് നൂര്‍ പറഞ്ഞു.