Monday, November 25, 2024

ആഴ്ചയില്‍ 30 മിനിറ്റില്‍ കൂടൂതല്‍ ഫോണില്‍ സംസാരിക്കുന്നവര്‍ അറിയാന്‍; മുന്നറിയിപ്പുമായി പഠന റിപ്പോര്‍ട്ട്

കോവിഡ് മഹാമാരിക്കു പിന്നാലെയുള്ള പൊതുവായ ഒരു കാഴ്ചയാണ് പ്രായഭേദമന്യേയുള്ള മൊബൈല്‍ ഉപയോഗം. ഒരു ദിവസത്തിന്റെ ഭൂരിഭാഗം സമയവും ഫോണിൽ ചിലവഴിക്കുകയും അതിലെ ആപ്പുകളിൽ മുഴുകി ദിവസം തീര്‍ക്കുകയും ചെയ്യുന്ന പ്രവണത. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ചൈനയിലെ ഗ്വാങ്ഷൂവിലുള്ള സതേണ്‍ മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠന റിപ്പോര്‍ട്ട് പറയുന്ന ചിലകാര്യങ്ങള്‍ പരിശോധിക്കാം.

ആഴ്ചയില്‍ 30 മിനിറ്റോ അതില്‍ കൂടുതലോ അടുപ്പിച്ച് മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നത് രക്തസമ്മര്‍ദ്ദം ഉയരാന്‍ സാധ്യതയുണ്ടെന്നാണ് ഇവരുടെ പഠനം പറയുന്നത്. യൂറോപ്യന്‍ ഹാര്‍ട്ട് ജേണല്‍ ആയ ഡിജിറ്റല്‍ ഹെല്‍ത്തിലാണ് ഇതു സംമ്പന്ധിച്ച പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഹൈപ്പര്‍ ടെന്‍ഷനുള്ള മുതിര്‍ന്നവരെയും ടെന്‍ഷന്‍ ഇല്ലാത്തവരെയും നിരീക്ഷിച്ച് ശാസ്ത്രീയമായിട്ടായിരുന്നു ഇവരുടെ പഠനം.

ഫോണ്‍ കോളുകളിലൂടെ സംസാരിക്കുന്നതും ഒരാളില്‍ പുതുതായി ആരംഭിക്കുന്ന ഹൈപ്പര്‍ടെന്‍ഷനും തമ്മിലുള്ള ബന്ധം പരിശോധിക്കാന്‍ 2,12,046 മുതിര്‍ന്ന ആളുകളെയും ഹൈപ്പര്‍ടെന്‍ഷനില്ലാത്ത 37 മുതല്‍ 73 വയസ്സ് വരെ പ്രായമായവരേയും ഗവേഷകര്‍ ഈ പഠനത്തിന്റെ ഭാഗമാക്കി. ഏകദേശം 12 വര്‍ഷത്തോളം നീണ്ട പഠനത്തിനൊടുവിലാണ് സതേണ്‍ മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ പഠനം പൂര്‍ത്തിയാക്കിയത്. പഠനത്തിന്‍റെ വെളിച്ചത്തില്‍ 30 മിനിറ്റില്‍ അധികമായി കോള്‍ ചെയ്യുന്നത് രക്തസമ്മര്‍ദ്ദം ഉയരാന്‍ ഇടയാക്കും എന്നാണ് കണ്ടെത്തിയത്. അപകട സാധ്യത സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സമാനമാണന്നും പഠനം പറയുന്നു.

രക്തസമ്മര്‍ദ്ദം ഉയരുന്നതിനെ നിസാരപ്രശ്‌നമായി കണ്ട് തള്ളിക്കളയാനാകില്ലെന്നും പഠനം വ്യക്തമാക്കുന്നുണ്ട്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും സാധ്യത ഉയര്‍ത്തുന്ന ഒരു പ്രധാന ഘടകമാണ്, മാത്രമല്ല ആഗോളതലത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന അകാല മരണങ്ങളുടെ പ്രധാന കാരണവും ഇതാണെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. കൂടുതല്‍ സമയം മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുമ്പോള്‍ കുറഞ്ഞ അളവിലുള്ള റേഡിയോ ഫ്രീക്വന്‍സി ഊര്‍ജ്ജം മനുഷ്യരിലൂടെ കടന്ന് പോകുന്നു. ഇത് ഹൈപ്പര്‍ ടെന്‍ഷന്‍ അഥവാ രക്തസമ്മര്‍ദ്ദം ഉയരാന്‍ കാരണമാകുന്നുവെന്നാണ് പഠനങ്ങള്‍ പറയുന്നത്.

Latest News