Sunday, November 24, 2024

15,000 അടി താഴേക്കു പതിച്ച് അമേരിക്കന്‍ വിമാനം: അനുഭവം പങ്കുവച്ച് ഫ്ലോറിഡ സർവകലാശാലയിലെ പ്രൊഫസര്‍ ഹാരിസൺ ഹോവ്

“അത് ഭയാനകമായിരുന്നു! അമേരിക്കൻ എയർലൈൻസിന്റെ ഫ്ലൈറ്റ് 5916-ലെ യാത്രയില്‍ അത്ഭുതകരമായി, മരണത്തില്‍ നിന്നും ഞങ്ങളുടെ ജീവന്‍ രക്ഷിച്ച ക്യാബിൻ-ക്രൂ സ്റ്റാഫിനും പൈലറ്റുമാർക്കും നന്ദി.” യാത്ര ആരംഭിച്ച് 43-ാം മിനിറ്റില്‍ 15,000 അടിയോളം താഴേക്കു പതിച്ച അമേരിക്കന്‍ വിമാനത്തിലെ യാത്രികനും ഫ്ലോറിഡ സർവകലാശാലയിലെ പ്രൊഫസറുമായ ഹാരിസൺ ഹോവ് മരണത്തെ മുഖാമുഖം കണ്ട തന്റെ അനുഭവം പങ്കുവയ്ക്കുകയാണ്. സാമൂഹികമാധ്യമമായ എക്സിലെ തന്റെ അക്കൗണ്ടിലൂടെയാണ്, തലനാരിഴയ്ക്ക് രക്ഷപെട്ട തന്റെ അനുഭവം അദ്ദേഹം പങ്കുവച്ചത്.

നോർത്ത് കരോലിനയിലെ ഷാർലറ്റിൽ നിന്ന് ഫ്ലോറിഡയിലെ ഗെയ്നസ്വില്ലെയിലേക്കു പുറപ്പെട്ട അമേരിക്കൻ എയർലൈൻസിന്റെ, ഫ്ലൈറ്റ് 5916 ആണ് അപകടത്തില്‍പെട്ടത്. നിശ്ചിത അടി ഉയരത്തില്‍ പറക്കുകയായിരുന്ന വിമാനം പൊടുന്നനെ താഴേക്കുപതിച്ചു. വിമാനത്തിനുള്ളില്‍ പെട്ടെന്ന് അനുഭവപ്പെട്ട മർദവ്യത്യാസം മൂലമാണ് വിമാനം താഴേക്കു പതിച്ചതെന്നാണ് വിവരം. അപകടത്തെക്കുറിച്ച് ഹാരിസൺ ഹോവ് തന്റെ എക്സ് അക്കൗണ്ടില്‍ പങ്കുവച്ചു: “ഞാൻ ഫ്ലൈറ്റിൽ ഒരുപാട് സഞ്ചരിച്ചിട്ടുണ്ട്; എന്നാൽ ഇത് ഭയാനകമായിരുന്നു. അമേരിക്കൻ എയർലൈൻസിന്റെ ഫ്ലൈറ്റ് 5916-ലെ ഞങ്ങളുടെ അത്ഭുതകരമായ ഫ്ലൈറ്റ് ക്യാബിൻ-ക്രൂ സ്റ്റാഫിനും പൈലറ്റുമാർക്കും നന്ദി” – ഹാരിസൺ എക്സില്‍ കുറിച്ചു. കൂടാതെ, ഓക്‌സിജൻ മാസ്‌കുകൾ വിമാനത്തിൽ തൂങ്ങിക്കിടക്കുന്നതുള്‍പ്പടെയുള്ള ദൃശ്യങ്ങളും പ്രൊഫ. ഹാരിസൺ എക്സിൽ പങ്കുവച്ചു.

അതേസമയം, സംഭവത്തില്‍ വിശദീകരണവുമായി അമേരിക്കന്‍ എയര്‍ലൈന്‍സും രംഗത്തെത്തി. വിമാനയാത്രയ്ക്കിടയിൽ പെട്ടെന്ന് മർദം നഷ്ടപ്പെട്ടതിനെ തുടർന്നാണ് വിമാനം പെട്ടന്ന് താഴെയിറക്കിയതും കാബിനിൽ കരിഞ്ഞ മണമുണ്ടായതും. ഇതുമായി ബന്ധപ്പെട്ട് യാത്രക്കാർക്ക് എന്തെങ്കിലുംതരത്തിലുള്ള അസൗകര്യം നേരിട്ടിട്ടുണ്ടെങ്കിൽ ക്ഷമചോദിക്കുന്നതായും എയര്‍ലൈന്‍സ് വ്യക്തമാക്കി. കൂടാതെ ടീമിന്റെ സമയോചിതമായ ഇടപെടലിനും മനോധൈര്യത്തിനും നന്ദിപറയുകയാണെന്നും എയർലൈൻസിന്റെ പ്രസ്താവനയിൽ പറയുന്നു. വലിയ അപകടം തലനാരിഴയ്ക്ക് ഒഴിഞ്ഞുപോയ സന്തോഷത്തിലാണ് എല്ലാവരും.

Latest News