അഫ്ഗാനില്‍ പൗരാവകാശങ്ങള്‍ നിഷേധിക്കപ്പെട്ട കറുത്തനാളുകള്‍ക്ക് രണ്ടുവയസ്സ് പൂര്‍ത്തിയായിരിക്കുന്നു. 2021 ആഗസ്റ്റ് മാസത്തിലെ ഒരു ഞായറാഴ്ച, നാറ്റോ സൈന്യം അഫ്ഗാനിസ്ഥാനില്‍ നിന്നും പിന്മാറുകയും താലിബാന്‍ അധികാരം പിടിച്ചെടുക്കുകയും ചെയ്തു. തൊട്ടുപിന്നാലെ രാജ്യത്തിന് പ്രതീക്ഷ നല്‍കുന്ന പ്രഖ്യാപനമായിരുന്നു താലിബാന്‍ ഭരണകൂടം നടത്തിയത്. “ഞങ്ങളുടെ ചട്ടക്കൂടിന്റെ അടിസ്ഥാനത്തില്‍ പഠിക്കാനും ജോലിചെയ്യാനും ഞങ്ങള്‍ സ്ത്രീകളെ അനുവദിക്കും. സ്ത്രീകള്‍ നമ്മുടെ സമൂഹത്തില്‍ വളരെ സജീവമായി തുടരും” – ഇതായിരുന്നു താലിബാന്റെ നിലപാട്.
പക്ഷേ, അധികാരമേറ്റതിനു പിന്നാലെയുള്ള ആദ്യ പത്രസമ്മേളനത്തിൽ അവർ മുന്നോട്ടുവച്ച ഉറപ്പുകള്‍ ലംഘിക്കപ്പെടുന്നതാണ് പിന്നീട് കണ്ടത്. തുടര്‍ച്ചയായ, മതപരമായ ഉത്തരവുകളിലൂടെ സ്ത്രീകളുടെ അവകാശങ്ങള്‍ ഓരോന്നായി നീക്കംചെയ്യപ്പെട്ടു. വിചിത്രമായ പല ഉത്തരവുകളും ഇതിനിടയില്‍ നടപ്പിലാക്കി. സ്ത്രീകളുടെ വസ്ത്രധാരണത്തിന്മേലുള്ള വിലക്ക് മുതല്‍ ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍ ഉള്‍പ്പെടെ പൊതുസ്ഥലങ്ങളില്‍ ഭക്ഷണം കഴിക്കുന്നതിനുപോലും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. അഫ്ഗാനില്‍ താലിബാന്‍ ഭരണം വീണ്ടെടുത്ത് രണ്ടുവര്‍ഷം പിന്നിടുമ്പോള്‍ രാജ്യത്തെ ജനങ്ങളുടെയും പ്രത്യേകിച്ച്, സ്ത്രീകളുടെയും അവസ്ഥകളെക്കുറിച്ച് അറിയേണ്ടത് വളരെ പ്രധാനമാണ്. താലിബാന്‍ ഭരണകൂടം രാജ്യത്ത് നടപ്പാക്കിയ ചില പ്രധാന ഉത്തരവുകളെക്കുറിച്ചറിയാം.
പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം വിലക്കി
അധികാരം ഏറ്റെടുത്തതിനുപിന്നാലെ താലിബാന്‍ ആദ്യം ചെയ്തത് സെക്കന്‍ഡറി സ്‌കൂളുകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കുകയായിരുന്നു. ഉത്തരവ് പുറത്തിറക്കിയതിനു പിന്നാലെ വിദ്യാര്‍ഥികള്‍ സ്‌കൂളുകളില്‍ എത്തിയെങ്കിലും പെണ്‍കുട്ടികളെ മടക്കിയയച്ചു; പ്രവേശനം അനുവദിച്ചത് ആണ്‍കുട്ടികള്‍ക്കു മാത്രം. എന്നാല്‍, ക്ലാസ്സില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനമില്ലെന്ന് താലിബാന്‍ പരസ്യമായി പറഞ്ഞില്ല.
അതേ ആഴ്ച, കാബൂള്‍ നഗര അഡ്മിനിസ്ട്രേഷനിലെ വനിതാജീവനക്കാരോട് വീട്ടില്‍ത്തന്നെ തുടരാനും മേയര്‍ ആവശ്യപ്പെട്ടു. പുരുഷന്മാര്‍ക്ക് ചെയ്യാന്‍ കഴിയാത്ത ജോലികള്‍ ചെയ്യുന്നവരെ മാത്രമേ തുടരാന്‍ അനുവദിച്ചുള്ളൂ. കഴിഞ്ഞ രണ്ടുപതിറ്റാണ്ടുകളായി അഫ്ഗാനിസ്ഥാനില്‍ ജോലിചെയ്യുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായി എന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഈ നീക്കങ്ങള്‍.
സ്ത്രീകളും കുട്ടികളും ടിവി അവതാരകരും മുഖം മറയ്ക്കണം
വിദ്യാഭ്യാസം വേണോ എങ്കില്‍ മുഖവും ശരീരവും പൂര്‍ണ്ണമായി മറയ്ക്കുന്ന വസ്ത്രം ധരിക്കണമെന്നതാണ് താലിബാന്റെ നിലപാട്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം തടഞ്ഞതിനെതിരെ യു.എന്‍ ഉള്‍പ്പെടെ ലോകമെമ്പാടും വിമര്‍ശനമുയർന്ന സാഹചര്യത്തിലായിരുന്നു ഈ നിര്‍ദേശം. ഇതേ തുടര്‍ന്ന് പ്രൈമറി സ്‌കൂളുകളിലെ പെണ്‍കുട്ടികള്‍ക്ക് മുഖവും ശരീരവും പൂര്‍ണ്ണമായും മറച്ച് പഠനം തുടരാനാണ് താലിബാന്‍ നിര്‍ദേശിച്ചത്.
പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം വിലക്കിയതിനു പിന്നാലെ കടകളിലും മാളുകളിലും സ്ഥാപിച്ചിരുന്ന സ്ത്രീരൂപങ്ങളുടെ മുഖങ്ങൾ മറയ്ക്കാനും നിര്‍ദേശം നല്‍കി. തുടക്കത്തില്‍ താലിബാന്‍ ഇത്തരം പ്രതിമകളുടെ തലവെട്ടാന്‍ പദ്ധതിയിട്ടിരുന്നായാണ് റപ്പോര്‍ട്ടുകള്‍ പറയുന്നത്. പിന്നീട് ഈ നീക്കം ഉപേക്ഷിക്കുകയും മുഖം മറയ്ക്കണമെന്ന് തീരുമാനിക്കുകയുമായിരുന്നു. ഇതുകൂടാതെ, ദൃശ്യമാധ്യമങ്ങളില്‍ ജോലിചെയ്യുന്ന വനിതാ അവതാരകരോട്, പരിപാടി ചെയ്യുമ്പോള്‍ മുഖം മറയ്ക്കാനും ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് നടപ്പാക്കാന്‍ അഫ്ഗാനിസ്ഥാനിലെ എല്ലാ മാധ്യമങ്ങള്‍ക്കും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സ്ത്രീകള്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതിന് നിരോധനം
ഒന്നിനുപിറകെ ഒന്നായി താലിബാന്‍ അടിച്ചേല്‍പ്പിക്കുന്ന ഉത്തരവുകള്‍ ജനജീവിതം ദുസ്സഹമാക്കി. അതില്‍ത്തന്നെ സ്ത്രീകളുടെ ജീവിതമാണ് കൂടുതല്‍ ബുദ്ധിമുട്ടായത്. സ്ത്രീകള്‍ ഒറ്റയ്ക്ക് ദീര്‍ഘദൂരം സഞ്ചരിക്കുന്നതിന് താലിബാന്‍ നിരോധനമേര്‍പ്പെടുത്തി. അടുത്ത ബന്ധുക്കള്‍ക്കൊപ്പം മാത്രമേ സ്ത്രീകള്‍ ദീര്‍ഘദൂരം സഞ്ചരിക്കാന്‍ പാടുള്ളൂവെന്ന് താലിബാന്‍ കര്‍ശന നിര്‍ദേശം നല്‍കി. കാബൂള്‍ ഉള്‍പ്പെടെ രാജ്യത്തുടനീളമുള്ള ബ്യൂട്ടി പാര്‍ലറുകള്‍ സന്ദര്‍ശിക്കുന്നതിന് സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തി. സ്ത്രീകളുടെ ബ്യൂട്ടി സലൂണുകളുടെ ലൈസന്‍സും താലിബാന്‍ സര്‍ക്കാര്‍ എടുത്തുകളഞ്ഞു.
സ്ത്രീകളുടെ അവകാശങ്ങള്‍ എടുത്തുകളയുന്ന നിരവധി ഉത്തരവുകള്‍ ഭരണകൂടം കൊണ്ടുവന്നതോടൊപ്പം ചില വിചിത്രമായ ഉത്തരവുകളും താലിബാന്‍ നടപ്പിലാക്കി. അതില്‍ പ്രധാനപ്പെട്ടതാണ്, പൊതുസ്ഥലത്ത് പാട്ടുപാടുന്നതിനും കളിക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയത്. താലിബാന്‍ ഈ ഉത്തരവ് കര്‍ശനമായി നടപ്പാക്കുകയും ചെയ്തു. പല വിവാഹങ്ങളിലും വാദ്യോപകരണങ്ങള്‍ വായിച്ചതിന് അവ തീയിലെറിഞ്ഞു. ‘നെക് ടൈ’ കുരിശിനെ സൂചിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി അത് ഉപയോഗിക്കുന്നത് വിലക്കിയതാണ് ഏറ്റവും പുതിയ ഉത്തരവ്.
അഫ്ഗാന്‍ ജനതയ്ക്കായുളള സദാചാരപാഠങ്ങള്‍ പരിശീലിപ്പിക്കുന്നതിനും ഉത്തരവ് കര്‍ശനമായി നടപ്പാക്കുന്നതിന് താലിബാന്‍ എത്തിക്സ് മന്ത്രാലയവും രൂപികരിച്ചിട്ടുണ്ട്. അതേസമയം, അധികാരത്തിന്റെ രണ്ടാം വാർഷികം പൊതുഅവധി പ്രഖ്യാപിച്ചാണ് താലിബാൻ ആഘോഷിച്ചത്.