Sunday, November 24, 2024

ചന്ദ്രയാൻ-3 ന്റെ സോഫ്റ്റ് ലാന്‍ഡിംഗ് പ്രക്രിയകളെക്കുറിച്ച് അറിയേണ്ടതെല്ലാം

ഇന്ത്യയുടെ അഭിമാനമായ ചാന്ദ്രദൗത്യം ചന്ദ്രയാൻ-3, 40 ദിവസത്തെ സഞ്ചാരം പൂർത്തിയാക്കി ഇന്ന് ചന്ദ്രനെ തൊടും. വൈകിട്ട് 5.45-നു തുടങ്ങുന്ന ലാൻഡിങ് പ്രൊസസ്സിനുശേഷം 6.04-നായിരിക്കും ലാൻ‍ഡർ മൊഡ്യൂൾ ചന്ദ്രനിൽ കാലുകുത്തുക. ഇതുവരെയുള്ള ദൗത്യങ്ങളെല്ലാം വിജയകരമെങ്കിലും പേടകത്തിന്റെ സോഫ്റ്റ് ലാന്‍ഡിങ് എന്ന ദൗത്യമാണ് ലോകം ഉറ്റുനോക്കുന്നത്. കാരണം ഭൂമിയിൽ നിന്ന് തീർത്തും വ്യത്യസ്തമായ ഘടനയുള്ള മറ്റൊരു ഗോളത്തിന്റെ ഉപരിതലത്തിലിറങ്ങുക എന്നത് നിസ്സാരദൗത്യമല്ല. അതുകൊണ്ടുതന്നെ ദൗത്യത്തിന്റെ അവസാന 19 മിനിറ്റ് ഏറെ സങ്കീർണവും നിർണ്ണായകവുമാണ്. എന്നാല്‍ കണക്കുകൂട്ടലുകളെല്ലാം പിഴച്ചാലും ലാൻഡർ സോഫ്റ്റ്ലാൻഡ് ചെയ്യുമെന്ന വിശ്വാസത്തിലാണ് ഐ.എസ്.ആർ.ഒ. ചരിത്രദൗത്യത്തിന്റെ നിർണ്ണായക മണിക്കൂറിലേക്കു കടക്കുമ്പോള്‍ ചന്ദ്രയാൻ-3 ന്റെ സോഫ്റ്റ് ലാന്‍ഡിംഗ് പ്രക്രിയകളെക്കുറിച്ചു മനസ്സിലാക്കാം.

’17 മിനിറ്റ്സ് ഓഫ് ടെറർ’

ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ വിക്രം ലാൻഡർ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്ന അവസാന 17 മിനിറ്റുകൾ ഒരു ട്വന്റി-20 മത്സരത്തിന്റെ അവസാന നിമിഷങ്ങൾ പോലെ നെഞ്ചിടിപ്പേറ്റുന്നതാണ്. ഈ നിമിഷങ്ങളെ ’17 മിനിറ്റ്സ് ഓഫ് ടെറർ’ എന്നാണ് മുതിർന്ന ഐ.എസ്.ആർ.ഒ. ഡയറക്ടർ വിശേഷിപ്പിക്കുന്നത്. കാരണം, ഈ 17 മിനിറ്റുകൾ വളരെ അപകടസാധ്യതയുള്ളതാണ്. മണിക്കൂറിൽ 6,000 കിലോമീറ്റർ (1.68 കി.മീ/ സെക്കൻഡ്) വേഗതയില്‍ സഞ്ചരിക്കുന്ന പേടകത്തിന്റെ പരമാവധി പ്രവേഗം 3 മീറ്റർ/ സെക്കൻഡിൽ എത്തിക്കുമ്പോഴാണ് സോഫ്റ്റ് ലാൻഡിങ് സാധ്യമാകുക. 1.68 കി.മീ/ സെക്കൻഡ് എന്നുപറയുമ്പോള്‍ ഒരു വിമാനത്തിന്റെ വേഗതയുടെ പത്തിരട്ടിയാണ്. ഈ വേഗത നിയന്ത്രിക്കുന്നതിന്, ഭൂമിയിൽനിന്നുള്ള സഹായമില്ലാതെ ലാൻഡർ പേടകം സ്വയം കൈകാര്യം ചെയ്യേണ്ട അതിനിർണ്ണായകമായ നാല് ഘട്ടങ്ങള്‍ കടന്നുപോകേണ്ടതായുണ്ട്. അതിനാലാണ് ’17 മിനിറ്റ്സ് ഓഫ് ടെറർ’ എന്ന് ഐ.എസ്.ആർ.ഒ.
ഇതിനെ വിശേഷിപ്പിക്കുന്നത്.

നിര്‍ണ്ണായകമായ നാലു ഘട്ടങ്ങള്‍

അദ്യഘട്ടം ‘റഫ് ബ്രേക്കിങ്’ എന്ന വേഗത കുറയ്ക്കൽ ഘട്ടമാണ്. ചന്ദ്രോപരിതലത്തിൽനിന്ന് 25 കിലോമീറ്റർ മുകളിൽ നിന്നാണ് ലാന്‍ഡര്‍ റഫ് ബ്രേക്കിങ്ങിനായി തയാറാകുന്നത്. അതിനാല്‍ ഈ പ്രക്രിയയുടെ തുടക്കത്തിൽ പേടകത്തിന്റെ തിരശ്ചീനപ്രവേഗം 1.68 കി.മീ/ സെക്കൻഡാണ്. ഇത് അവസാനിക്കുമ്പോൾ പ്രവേഗം സെക്കൻഡിൽ 358 മീറ്ററായി കുറയും.

രണ്ടാമത്തെ ഘട്ടം വേഗത കുറച്ചുകൂടി കുറയ്ക്കുന്ന ഘട്ടമാണ്. അതിനായി എഞ്ചിനുകൾ സ്വയം ക്രമീകരണം ഏർപ്പെടുത്തും. 10 സെക്കൻഡ് മാത്രം നീളുന്ന ഈ ഘട്ടം അവസാനിക്കുമ്പോൾ ലാൻഡർ, ലാൻഡിങ് സൈറ്റിന്റെ 6.8 കിലോമീറ്റർ ഉയരത്തിലായിരിക്കും. അതേപോലെ പേടകത്തിന്റെ വേഗത 358-ല്‍ 336 മീറ്ററായി കുറയുകയും ചെയ്യും. മൂന്നാമത്തെ ഘട്ടമാണ് സോഫ്റ്റ് ലാൻഡിങ്ങിലെ അതിനിർണ്ണായക ഘട്ടമായി കണക്കാക്കുന്നത്. ഈ ഘട്ടം കഴിയുമ്പോൾ പേടകം ലാൻഡിങ് സൈറ്റിൽ കാലൂന്നാൻപാകത്തിൽ പൂർണ്ണമായും ലംബമാകുകയും ഇത് അവസാനിക്കുമ്പോൾ പേടകം ചന്ദ്രന്റെ ഉപരിതലത്തിൽനിന്ന് 800 – 1,300 മീറ്റർ ഉയരത്തിലാകുകയും ചെയ്യും. ഈ സമയത്ത് കുത്തനെനിൽക്കുന്ന പേടകം 12 സെക്കൻഡ് നേരം നിശ്ചലമാകും. ഈ നിലയിൽ നിന്നാണ് പേടകത്തിന്റെ താഴോട്ടുള്ള ഇറക്കം തുടങ്ങുക. അതുവരെ ചരിഞ്ഞിറങ്ങിയിരുന്ന പേടകം ഇതോടെ കുത്തനെ സഞ്ചരിക്കും. പേടകം 131 സെക്കൻഡുകൾകൊണ്ട് ലാൻഡിങ് സൈറ്റിന്റെ 150 മീറ്റർ അടുത്തെത്തുകയും ഇറങ്ങുന്ന ഇടം പൂർണ്ണമായും സമതലമാണോ എന്ന് സെന്‍സറുകള്‍ നിരീക്ഷിക്കുകയും ചെയ്യും. സാഹചര്യങ്ങള്‍ അനൂകൂലമെങ്കില്‍ തുടര്‍ന്ന് താഴേക്ക് പതിയെ ലാന്‍ഡര്‍ ഇറങ്ങുന്നതോടെ ദൗത്യം പൂര്‍ത്തിയാകും.

Latest News