തുടര്‍ച്ചയായ ആറാം തവണയും ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യമെന്ന പദവി നിലനിര്‍ത്തിയിരിക്കുകയാണ് ഫിന്‍ലന്‍ഡ്. ഐക്യരാഷ്ട്ര സഭ പുറത്തുവിട്ട സന്തോഷസൂചികയില്‍ രാജ്യം വീണ്ടും ഒന്നാമതെത്തി. എല്ലാ വര്‍ഷവും രാജ്യാന്തര ഹാപ്പിനെസ്സ് ദിനത്തിനു മുമ്പായാണ് ഈ പട്ടിക പുറത്തുവിടുന്നത്. യുഎന്നിന്റെ സസ്റ്റെയിനബിള്‍ ഡെവലപ്മെന്റ് സൊല്യൂഷന്‍സ് നെറ്റ്വര്‍ക്കാണ് ഇതിന്റെ വിലയിരുത്തലുകള്‍ നടത്തുന്നത്. രാജ്യങ്ങളുടെ ജിഡിപി മുതല്‍ ആരോഗ്യനിലവാരം വരെ ഇതിനായി പരിഗണിക്കും. എന്തുകൊണ്ട് ഇത്തവണയും ഫിന്‍ലന്‍ഡ്….
മികച്ച മനോഭാവം
വടക്കന്‍ യൂറോപ്പിലെ കൊച്ചുരാജ്യമാണ് ഫിന്‍ലന്‍ഡ്. റഷ്യയും, നോര്‍വെയും സ്വീഡനും, എസ്റ്റോണിയുമായി അതിര്‍ത്തി പങ്കിടുന്നു. കേരളത്തിന്റെ ആറിലൊന്ന് മാത്രമാണ് ഈ രാജ്യത്തെ ജനസംഖ്യ.
ധാരാളം പണം സമ്പാദിക്കുന്നതല്ല ജീവിതത്തില്‍ സന്തോഷം നേടാനുള്ള മാര്‍ഗ്ഗം എന്നൊരു തത്വത്തില്‍ നിലയൂന്നി ജീവിക്കുന്ന ഒരു ജനതയാണ് ഫിന്ലഡിലേത്. മനസ്സിന് ഇഷ്ടപ്പെട്ട തൊഴില്‍ ചെയ്യുകയും ജോലിയും വ്യക്തിജീവിതവും ഒരു ഒന്നിച്ചു കൊണ്ടുപോവുകയും ചെയ്യുന്നതില്‍ ഏറ്റവും സംതൃപ്തി കണ്ടെത്തുന്നവരാണ് ഫിന്‍ലന്റുകാര്‍. വരുമാനം നേടുന്നതിന് ഒപ്പം ജീവിതം ആസ്വദിക്കാനും കുടുംബത്തിനോടൊപ്പം ചിലവഴിക്കാനും സമയം ഉണ്ടാവണം എന്ന നിര്‍ബന്ധമുള്ള ആളുകള്‍ ആണ് ഇവര്‍. സമൂഹത്തിന്റെ പരിപൂര്‍ണ്ണ പിന്തുണ ഉള്ളത് കൊണ്ട് ഭൂരിപക്ഷം പേര്‍ക്കും ഈ സന്തോഷം കണ്ടെത്താനും കഴിയുന്നു. തൊഴില്‍സംസ്കാരവും തൊഴില്‍ നിയമങ്ങളും ഇതിനു അനുകൂലമാണ്. സമൂഹത്തിനെ ബോധിപ്പിക്കുക എന്നതിലുപരി സ്വന്തം ഇഷ്ടത്തിന് പ്രാധാന്യം കൊടുക്കാനും ഇവിടത്തെ സംസ്കാരം അനുവദിക്കുന്നു.
പ്രകൃതിഭംഗി
ഇടതൂര്‍ന്ന കാടുകളും തെളിഞ്ഞ തടാകങ്ങളും ഫിന്‍ലന്‍ഡില്‍ ധാരാളമുണ്ട്. അതിശൈത്യവും ആറുമാസത്തോളം ഇരുണ്ട, സൂര്യപ്രകാശം കുറഞ്ഞ കാലാവസ്ഥയുമാണുള്ളത്. ഏത് കാലാവസ്ഥയിലും തങ്ങളുടെ സമയം ഫലപ്രദമായി വിനിയോഗിക്കാന്‍ ഫിന്‍ലന്‍ഡുകാര്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. അവരവരുടെ സ്ഥലത്ത് പരമാവധി ചെടികള്‍ നടാനും ഇവര്‍ ശ്രദ്ധിക്കാറുണ്ട്. കൃഷി ചെയ്യുന്നതിലും ആളുകള്‍ തത്പരരാണ്. മീന്‍പിടുത്തം, സൈക്ലിംഗ്, നീന്തല്‍, സ്നോ ബാത്ത് തുടങ്ങിയവയാണ് ഇവിടുത്തെ ജനതയുടെ ഇഷ്ട വിനോദങ്ങള്‍. കൂടാതെ പൊതുസ്ഥലങ്ങളും റോഡുകളും വൃത്തിയായി സൂക്ഷിക്കുന്ന കാര്യത്തിലും ഇവര്‍ ശ്രദ്ധാലുക്കളാണ്.
സഹകരണവും സമത്വം
സമത്വമാണ് ഫിന്‍ലന്‍ഡിനെ മറ്റ് രാജ്യങ്ങളില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്ന പ്രധാനഘടകം. ആണ്-പെണ് വേര്‍തിരിവില്ല. തൊഴിലാളി മുതലാളി വ്യത്യാസമില്ല. വിദ്യാഭ്യാസ രംഗത്തും, ക്ഷേമ പദ്ധതികളിലും തുല്യതയുണ്ട്. മാത്രവുമല്ല, എല്ലാകാര്യത്തിലും പരസ്പരമുള്ള മത്സരത്തേക്കാള്‍ സഹകരണമാണ് ഇവരുടെ പ്രത്യേകത.
സുരക്ഷയും സംരക്ഷണവും
സുരക്ഷിതത്വബോധം കൂടുതലുള്ള ജനതയായതിനാല്‍ കുറ്റകൃത്യ നിരക്കും ഈ രാജ്യത്ത് കുറവാണ്. മാതൃശിശുസംരക്ഷണത്തിലും ഉത്തമ മാതൃകയാണ് ഈ രാജ്യം. ശിശുമരണ നിരക്കും വളരെ കുറവ്. പ്രാഥമിക വിദ്യാഭ്യാസം ഉറപ്പാക്കുന്ന സര്‍ക്കാര്‍ ഉന്നതവിദ്യാഭ്യാസത്തിനും രാജ്യത്തിനുള്ളില്‍ തന്നെ അവസരം ഒരുക്കുന്നു. തൊഴില്‍രഹിതര്‍ക്ക് മാസംതോറും നിശ്ചിത തുക സര്‍ക്കാര്‍ നല്കുന്നു. ഏറ്റവും മികച്ച ചികിത്സയും പെന്‍ഷനും ഓരോ പൗരനും ഉറപ്പു നല്കുന്നു. കൂടാതെ രാജ്യത്തെത്തുന്ന വിദേശികള്‍ക്കും കുടിയേറ്റക്കാര്‍ക്കും ഈ രാജ്യം മികച്ച സ്വീകരണമാണ് നല്‍കാറുള്ളത്.
ആരോഗ്യപരിപാലനം
വ്യായാമം നിര്‍ബന്ധമുള്ളവരാണ് ഈ രാജ്യത്തെ എല്ലാവരും. എല്ലാ ദിവസവും അവരവരുടെ ഇഷ്ടപ്പെട്ട കായികവിനോദങ്ങള്‍ക്കുവേണ്ടി ഇവര്‍ സമയം മാറ്റിവയ്ക്കാറുണ്ട്. ചിട്ടയായ ഭക്ഷണക്രമവും ഇവരുടെ പ്രത്യേകതയാണ്. രാവിലെ നേരത്തെ ഉണരുകയും പ്രഭാത ഭക്ഷണം കഴിക്കുകയും ചെയ്യും. വൈകുന്നേരം ആറു മണിക്ക് മുമ്പ് അത്താഴം കഴിക്കും. സാലഡുകള്‍ ഉള്‍പ്പെടുത്താതെ ഭക്ഷണം കഴിക്കുകയുമില്ല.
അഴിമതി രഹിത ഭരണം
അഴിമതി രഹിത ഭരണകൂടമാണ് ഈ രാജ്യത്തിന്റെ മികവിന് പിന്നിലുള്ള മറ്റൊരു രഹസ്യം. നിയമപാലകരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമെല്ലാം ഒരുപോലെ അഴിമതി രഹിത സേവനമാണ് കാഴ്ചവയ്ക്കുന്നത്. ഇവിടെ അധികമാളുകളും മധ്യവര്‍ഗമാണ്. ദരിദ്രരുടെ ശതമാനം വളരെ കുറവാണ്. അതുമൂലം സമൂഹത്തില്‍ തുല്യതാ ബോധവുമുണ്ട്. വലിയതോതില്‍ ആദായനികുതി നല്‍കുന്നവരാണ് ഫിന്‍ലാന്‍ഡിലെ ജനങ്ങള്‍. ഈ നികുതിപണം കൊണ്ട് എല്ലാവര്ക്കും ഒരു പോലെ പ്രയോജനപ്പെടുന്ന പൊതു സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഉറപ്പു വരുത്തുന്നു. വിപുലമായ ശേഖരങ്ങളുള്ള ലൈബ്രറികള്‍, പാര്‍ക്കുകള്‍, പൊതുഗതാഗതം എന്നിവ ധാരാളം.
വിദ്യാഭ്യാസ മാതൃക
ചോദ്യങ്ങള്‍ ചോദിച്ച് ചോദ്യങ്ങള്‍ വഴി വിഷയങ്ങള്‍ പഠിപ്പിക്കുക എന്ന ശൈലിയാണ് ഫിന്‍ലന്‍ഡിലെ സ്കൂളുകളിലുള്ളത്. അവിടെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിന് ഓരോ 45 മിനിറ്റിശേഷവും കാല് മണിക്കൂര്‍ ഇടവേള അനുവദിക്കുന്നു. ഈ സമയം കുട്ടികള്‍ കളിക്കാനും കൂട്ടുകൂടാനുമാണ് ഉപയോഗിക്കുന്നത്. മൊത്തം സ്കൂള്‍ സമയത്തിന്റെ നാലിലൊന്ന് ഇങ്ങനെ ചിലവഴിക്കുന്നത് കുട്ടികളെ ദിവസം മുഴുവന്‍ ഉന്മേഷമുള്ളവരാക്കുന്നു. 1960 മുതല്‍ ഈ രീതി തുടരുന്നവരാണ് ഫിന്‍ലാന്‍ഡുകാര്‍.
15 മിനിറ്റ് ഇടവേളകള്‍ക്ക് ശേഷം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ കൂടുതല്‍ ശ്രദ്ധാലുക്കളായി കാണപ്പെടുന്നു. മഴയായാലും വെയിലായാലും ഈ ഇടവേള സമയം എങ്ങനെ ചെലവഴിക്കണമെന്ന് തീരുമാനിക്കുവാനുള്ള അവകാശവും കുട്ടികള്‍ക്ക് തന്നെയാണ് വിട്ടു കൊടുത്തിരിക്കുന്നത്. ക്ലാസ്സ് മുറിയിലെ വായു സഞ്ചാരത്തിനും ശുദ്ധവായു ശ്വസിക്കുന്നതിനും ഫിന്‍ലന്‍ഡ് വലിയ പ്രാധാന്യം നല്കുന്നു. അന്തരീക്ഷ താപനില മൈനസ് 15 ഡിഗ്രിക്ക് താഴെയല്ലെങ്കില്‍ അവിടുത്തെ കുട്ടികളെ പുറത്തിറങ്ങി കളിക്കുവാന്‍ അനുവദിക്കുമത്രേ. ആഴ്ചയില്‍ ഇരുപതു മണിക്കൂര്‍ മാത്രമേ കുട്ടികള്‍ ക്ലാസ്സില്‍ ഇരിക്കേണ്ടതുള്ളൂ. മൂന്നാം ക്ലാസ്സുവരെ കുട്ടികളെ അളക്കാനുള്ള പരീക്ഷകള്‍ ഇല്ല. വിദ്യാഭ്യാസം ഏറെക്കുറെ ഇവിടെ സൗജന്യവുമാണ്. ഏതു പ്രായത്തിലും പുതിയ തൊഴില്‍ മേഖലയിലേക്ക് പ്രവേശിക്കാനും പുതിയ വിഷയങ്ങള്‍ പഠിക്കാനുമുള്ള സൗകര്യങ്ങളും ഉണ്ട്.