Sunday, November 24, 2024

സെപ്റ്റംബർ 15 – അന്തരാഷ്ട്ര ജനാധിപത്യദിനം: ചരിത്രം, പ്രമേയം, പ്രാധാന്യം

സെപ്റ്റംബർ 15 -ന് ലോകം അന്താരാഷ്ട്ര ജനാധിപത്യദിനമായി ആചരിക്കുകയാണ്. ജനാധിപത്യത്തിന്റെ തത്വങ്ങൾ പ്രോത്സാഹിപ്പിക്കുക, അവ ഉയർത്തിപ്പിടിക്കുക എന്ന ഉദ്ദേശ്യത്തോടെയും, ഈ ദിനം ഉചിതമായ രീതിയിൽ അനുസ്മരിക്കാൻ എല്ലാ അംഗരാജ്യങ്ങളെയും സംഘടനകളെയും ക്ഷണിക്കുക എന്നതുമായി ബന്ധപ്പെട്ടാണ്  ജനാധിപത്യത്തിന്റെ അന്താരാഷ്ട്രദിനം ആചരിക്കുന്നത്. ഈ ദിനത്തിന്റെ പ്രത്യേകത, പ്രമേയം, ചരിത്രം എന്നിവ പരിശോധിക്കാം.

ചരിത്രം

ജനങ്ങൾ ജനങ്ങൾക്കുവേണ്ടി ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്ന ജനങ്ങളുടെ ഭരണമാണ് ജനാധിപത്യം. ഗ്രീസിൽ നിന്നാണ് ജനാധിപത്യചിന്തകൾ പൂവിടുന്നത്. ‘ഡെമോസ്’, ‘ക്രാറ്റോസ്’ എന്നീ രണ്ട് ഗ്രീക്ക്പദങ്ങളിൽ നിന്നാണ് ഡെമോക്രസി എന്ന വാക്കിന്റെ ഉത്ഭവം. ഡെമോസ് എന്നാൽ ‘പൗരൻ’ എന്നും ക്രാറ്റോസ് എന്നാൽ ‘ഭരണം’, ‘അധികാരം’ എന്നുമാണർഥം. ബി.സി അഞ്ചാം നൂറ്റാണ്ടിൽ ഹെറോഡോട്ടസ് ആണ് ആദ്യമായി ‘ഡെമോക്രാറ്റിയ’ എന്ന പദം ഉപയോഗിച്ചത്. ഇത് ഇംഗ്ലീഷിൽ ‘ഡെമോക്രസി’ ആയി (Democracy). ഡെമോക്രസിയുടെ മലയാള തർജ്ജിമയാണ്  ജനാധിപത്യം.

2007 സെപ്റ്റംബർ 15 മുതലാണ് ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലി അന്താരാഷ്ട്ര ജനാധിപത്യദിനം എന്ന, ജനാധിപത്യമൂല്യങ്ങൾക്കായുള്ള ഒരു പ്രത്യേകദിനത്തിന് രൂപംനൽകുന്നത്. ജനങ്ങളാൽ കെട്ടിപ്പടുത്ത രാഷ്ട്രഭരണസംവിധാനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ജനാധിപത്യത്തിന്റെ പ്രസക്തിയെക്കുറിച്ചുള്ള അവബോധം ലോകമെമ്പാടുമുള്ള പൊതുജനങ്ങൾക്ക് പകർന്നുകൊടുക്കുക എന്നതുമാണ് ഈ ദിനത്തിന്റെ പ്രസക്തി. സ്വേച്ഛാധിപത്യത്തിൽനിന്നും ജനങ്ങളുടെ പങ്കാളിത്വത്തിലേക്കുള്ള ഒരു ഭരണപ്രക്രിയയ്ക്ക് ലോകം നല്കുന്ന പ്രാധാന്യത്തെ ഈ ദിനം ഓർമ്മപ്പെടുത്തുന്നു.

അന്താരാഷ്ട്ര ജനാധിപത്യദിനം: പ്രമേയം 2023 

ഓരോവർഷവും അന്താരാഷ്ട്ര ജനാധിപത്യദിനത്തിന് ഒരോ വിഷയങ്ങൾ പ്രമേയമാകാറുണ്ട്. ‘അടുത്ത തലമുറയെ ശാക്തീകരിക്കുക’ എന്നതാണ് ഈ വർഷത്തെ അന്താരാഷ്ട്ര ജനാധിപത്യദിനത്തിന്റെ പ്രമേയം. ജനാധിപത്യം മുന്നോട്ട് കൊണ്ടുപോകുന്നതിലും അവരുടെ ലോകത്തെ അഗാധമായ സ്വാധീനം ചെലുത്തുന്ന തീരുമാനങ്ങളിൽ അവരുടെ ശബ്ദം ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുന്നതിലും യുവാക്കളുടെ അവശ്യപങ്കാണ് പ്രമേയം ഊന്നൽ നൽകുന്നത്.

ഈ ദിനം ആചരിക്കേണ്ടതിന്റെ പ്രാധാന്യം

അന്താരാഷ്ട്ര ജനാധിപത്യദിനം ലോകത്തിലെ ജനാധിപത്യത്തിന്റെ അവസ്ഥ അവലോകനം ചെയ്യാനുള്ള അവസരം നൽകുന്നു. ജനാധിപത്യം ഒരു ലക്ഷ്യംപോലെ തന്നെ ഒരു പ്രക്രിയയാണ്. അന്താരാഷ്ട്ര സമൂഹത്തിന്റെ പൂർണ്ണപങ്കാളിത്തത്തോടെ മാത്രമേ ജനാധിപത്യത്തിന്റെ ആദർശം യാഥാർഥ്യമാക്കാൻ കഴിയൂ.

Latest News