അണ്ഡാശയ കാന്‍സര്‍ സര്‍ജറിക്കുശേഷം രണ്ടാമത്തെ ചെക്കപ്പിന് എത്തിയതായിരുന്നു രാജി. പോകുന്നതിനുമുന്‍പ് രാജി പറഞ്ഞു: “സര്‍, ഈ അനീഷിനോട്, എനിക്ക് അല്പം വായ്ക്കുരുചിയായി ഭക്ഷണംതരണമെന്നു പറയണം.” നോൺ-വെജിറ്റേറിയൻ കഴിച്ചതാണ് കാന്‍സറിനു കാരണമെന്നു വിശ്വസിക്കുന്ന ആളായിരുന്നു ഭര്‍ത്താവായ അനീഷ്. അതുകൊണ്ട് അയാള്‍ ഭാര്യക്ക് പാല്, മുട്ട, മാംസം തുടങ്ങിയവയെല്ലാം നിഷേധിച്ചിരുന്നു… ഡോ. ജോജോ ജോസഫ് എഴുതുന്നു. നമ്മള്‍ മനുഷ്യര്‍ അടിസ്ഥാനപരമായി സസ്യഭുക്കോ അതോ മാംസഭുക്കോ? എല്ലാവരും വായിച്ചിരിക്കേണ്ട ലേഖനം.
ഇന്നത്തെ ലേഖനം, നമ്മള്‍ മനുഷ്യര്‍ അടിസ്ഥാനപരമായി സസ്യഭുക്കോ അതോ മാംസഭുക്കോ അഥവാ വെജിറ്റേറിയനോ (Vegetarian) നോൺ-വെജിറ്റേറിയനോ (Non Vegetarian) എന്ന ചോദ്യത്തിനുള്ള ഉത്തരമാണ്.
പല കാന്‍സര്‍ രോഗികളും, അവര്‍ക്ക് കാന്‍സര്‍ വന്നത് നോൺ-വെജിറ്റേറിയൻ കഴിച്ചതുകൊണ്ടാണോ എന്ന് എന്നോട് ചോദിക്കുമ്പോഴൊക്കെ ഇതിനെക്കുറിച്ച് എഴുതണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നതാണ്. പക്ഷേ, സമയക്കുറവുമൂലം അത് നടന്നില്ല. എന്നാല്‍ കഴിഞ്ഞദിവസം, രാജി എന്ന എന്റെ ഒരു പേഷ്യന്റിന്റെ ചോദ്യമാണ് ഇപ്പോള്‍ ഇങ്ങനെയൊരു ലേഖനം എഴുതാനുള്ള കാരണം.
രാജി 40 വയസ്സുള്ള ഒരു പ്‌ളസ് ടു അധ്യാപികയാണ്; ഭര്‍ത്താവ് അനീഷും അതേ സ്‌കൂളില്‍തന്നെ പഠിപ്പിക്കുന്നു. അണ്ഡാശയ കാന്‍സര്‍ സര്‍ജറിക്കുശേഷം രണ്ടാമത്തെ ചെക്കപ്പിനെത്തിയതായിരുന്നു രാജി. അസുഖവിവരങ്ങളെല്ലാം പറഞ്ഞതിനുശേഷവും രാജിക്ക് അസ്വസ്ഥതയായിരുന്നു. ദേഷ്യവും സങ്കടവുമെല്ലാം രാജിയുടെ മുഖത്ത് പ്രകടമായിരുന്നു.
പെട്ടന്ന് രാജി പറഞ്ഞുതുടങ്ങി.
“സര്‍, ഈ അനീഷിനോട്, എനിക്ക് അല്പം വായ്ക്കുരുചിയായി ഭക്ഷണംതരണമെന്നു പറയണം. വന്നുവന്ന് ഇനി എനിക്ക് എന്നാണോ പുല്ലും വയ്‌ക്കോലും തരിക എന്നറിയില്ല.”
രാജിയുടെ വാക്കുകളിൽ നിറയെ സങ്കടമായിരുന്നു.
ഞാന്‍ എന്തെങ്കിലും പറയുന്നതിനു മുമ്പുതന്നെ അനീഷ് എനിക്ക് ഒരു സ്റ്റഡി ക്ലാസ് തന്നു.
“സര്‍, മനുഷ്യനെന്നാല്‍ ഒരു സസ്യഭുക്കാണ്. അതിനെതിരായി ജന്തുക്കളില്‍ നിന്നുമുള്ള പാല്, മുട്ട, മാംസം എന്നിവ കഴിക്കുന്നത് പ്രകൃതിക്ക് വിരുദ്ധമാണ്. അതാണ് ലോകത്തില്‍മുഴുവന്‍ കാന്‍സറുണ്ടാകാന്‍ കാരണം.” അദ്ദേഹത്തിന്റെ വാദഗതിയെ ന്യായീകരിക്കാന്‍, ശാസ്ത്രീയമാണ് എന്നുതോന്നിക്കുന്ന കുറച്ച് ന്യായീകരണങ്ങളും പറഞ്ഞു.
കാര്യങ്ങള്‍ വിശദമായി ചോദിച്ചപ്പോഴാണ് കാര്യം കുറച്ച് കോംപ്ലിക്കേറ്റഡ് ആണെന്ന് മനസ്സിലായത്. രാജിക്ക് കാന്‍സര്‍ വന്നു എന്നറിഞ്ഞപ്പോള്‍ നിരാശനായ അനീഷ് ഒരു മോട്ടിവേഷണല്‍ ഗുരുവിന്റെ വീഡിയോസ് കണ്ടുതുടങ്ങി. നമ്മുടെ ഗുരുവാണ് അനീഷിനോട്, കാന്‍സറിനു കാരണം സസ്യഭുക്കായ മനുഷ്യന്‍ നോൺ-വെജിറ്റേറിയൻ കഴിച്ചതാണെന്ന് പറഞ്ഞുകൊടുത്തത്.
നമ്മുടെ ഗുരു ഇടയ്ക്കിടെ ആളെ വിശ്വസിപ്പിക്കാനായി കുറെ കപടശാസ്ത്രവും (Pseudo Science) തന്റെ പ്രഭാഷണത്തില്‍ കൂട്ടിച്ചേര്‍ക്കും. അതായത് മനുഷ്യന്റെ വായിലെ പല്ലിന്റെ ഷേപ്പ്, കുടലിന്റെ നീളം, ആമാശയത്തിലെ അസിഡിറ്റി എന്നൊക്കെ അടിച്ചുവിടും. പാവം ഫോളോവേഴ്‌സ്, ഇതെല്ലാം ശാസ്ത്രീയമാണ് എന്നുവിശ്വസിച്ച് അതൊക്കെ പ്രാവര്‍ത്തികമാക്കാനും ശ്രമിക്കും. ഈ സംഭവമാണ് ഇത്രപെട്ടെന്ന് ഈ ലേഖനം എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്.
ഇതിന്റെ ശാസ്ത്രീയവശങ്ങളെക്കുറിച്ച് പറയുന്നതിനുമുമ്പ് ചില കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്.
ആരാണ് യഥാര്‍ഥ വെജിറ്റേറിയന്‍?
ആരാണ് യഥാര്‍ഥ വെജിറ്റേറിയന്‍. അങ്ങനെയുള്ളവരെ ‘വെഗൻ’ (Vegan – മാംസാഹാര നിഷേധി/ സസ്യാഹാരപ്രിയന്‍) എന്നാണ് വിളിക്കുന്നത്. മൃഗങ്ങളിൽ നിന്നുള്ള ഭക്ഷണപദാർഥങ്ങൾ (Animal Product) ഉപയോഗിക്കാത്തവര്‍; അതായത് പാലോ, മറ്റ് പാലുല്‍പന്നങ്ങളോ ഉപയോഗിക്കാത്തവര്‍.
അടുത്ത വിഭാഗമാണ് ലാക്ടോ വെജിറ്റേറിയൻ (Lacto Vegetarian). ഇവര്‍ പാലോ അല്ലെങ്കില്‍ പാലുല്പന്നങ്ങളോ ആയിട്ടുള്ള ജന്തുജന്യഭക്ഷണം ഉപയോഗിക്കുന്നവരാണ്.
മറ്റൊരു വെജിറ്റേറിയന്‍ വിഭാഗമാണ് ലാക്ടോ ഒക്ടോ വെജിറ്റേറിയൻ (Lacto-Octo Vegetarian). അവര്‍ പാലും പാലുല്പന്നങ്ങളും കൂടാതെ മുട്ടയും കഴിക്കുന്നവരാണ്.
മറ്റൊരു വിഭാഗം വെജിറ്റേറിയന്‍സുണ്ട്; അവര്‍ മത്സ്യം കഴിക്കും. അവരെ പെസ്കാറ്റേറിയൻസ് (Pescatarians) എന്നാണ് വിളിക്കുന്നത്.
അങ്ങനെ നോക്കുമ്പോള്‍ വെജിറ്റേറിയൻ, നോൺ-വെജിറ്റേറിയൻ എന്നുപറയുന്നതിനേക്കാള്‍ നല്ലത് മാംസം കഴിക്കുന്നവർ, മാംസം കഴിക്കാത്തവർ (Meat Eats and Non Meat Eats) എന്നുവിളിക്കുന്നതാണ്.
മോട്ടിവേഷണല്‍ ഗുരുവിന്റെ വാദങ്ങള്‍
ഇനി മനുഷ്യന്‍ സസ്യഭുക്കാണ് എന്നുപറഞ്ഞ്, അതിനെ ശാസ്ത്രീയമാണ് എന്ന് തെളിയിക്കാന്‍ മോട്ടിവേഷണല്‍ ഗുരു പറയുന്ന വാദങ്ങള്‍ നമുക്കൊന്ന് പരിശോധിക്കാം.
ആദ്യത്തെ വാദം പല്ലുകളുടെ ഷേപ്പ് ആണ്. അതായത്, പ്രധാനമായും സസ്യഭുക്കുകളിലാണ് പരന്നപല്ലുകള്‍ കാണുന്നത്; മനുഷ്യനിലും അതുപോലെയാണ് എന്നതാണ് അദ്ദേഹത്തിന്റെ വാദം. എന്നാല്‍ മനുഷ്യനുള്ള കൂര്‍ത്ത കോമ്പല്ലുകളുടെ ഉപയോഗം സൗകര്യപൂര്‍വം അദ്ദേഹം മറക്കുകയും ചെയ്യുന്നു. കൂര്‍ത്തപല്ലുകള്‍ മാത്രം നോക്കി തീരുമാനം പറയാണെങ്കിൽ, നൂറുശതമാനം വെജിറ്റേറിയനായ പാണ്ടായ്ക്ക് കൂര്‍ത്തപല്ലുകള്‍ എങ്ങനെയാണ് വരിക എന്നതിന് നമ്മുടെ ഗുരുവിന് ഉത്തരമില്ല.
അടുത്തത് ആമാശയത്തിലെ അസിഡിറ്റിയാണ്. അതായത്, സസ്യഭുക്കുകളുടെ ആമാശയത്തിലെ PH വളരെ കൂടുതലും മാംസഭുക്കുകളുടെ വളരെ കുറവുമാണ്. അതായത് സസ്യഭുക്കായ പശുവിന്റെ ആമാശയത്തിലെ PH 6.0-6.4 എന്ന ഉയര്‍ന്ന നിലയിലും അതിന്റെ മറുവശത്തുള്ള ‘സ്‌കാവേജ്’ (Scavenger) വിഭാഗത്തില്‍പെട്ട കഴുകന്റെ ആമാശയത്തിലെ PH 1.5 എന്ന ഏറ്റവും കുറഞ്ഞ വിഭാഗത്തിലും അഥവാ ‘അസിഡിക്’ (Acidic) വിഭാഗത്തിലും വരും. ഇനി സസ്യഭുക്കാണ് എന്ന് നാം വിശ്വസിക്കുന്ന മനുഷ്യന്റെ ആമാശയത്തിലെ PH ഏതാണ്ട് 1-2.5 എന്ന ലെവലിലാണ്. അപ്പോള്‍ നാം ഏതു ഗണത്തില്‍പെടും. അതിനും ഗുരുവിന് ഉത്തരമില്ല.
അടുത്ത വാദം, മനുഷ്യന് നീണ്ട അലിമെന്ററി Canal ആണ് എന്നതാണ്. അത് സസ്യഭുക്കുകളിലാണ് കാണപ്പെടുന്നത് എന്നതാണ്. ഒരു വാദത്തിനുവേണ്ടി ഇത് അംഗീകരിച്ചാലും ‘സെല്ലുലോസ്’ (Cellulose) എന്ന ‘പ്ലാന്റ് പ്രോഡക്ട്’ (Plant Product) ദഹിപ്പിക്കാനുള്ള എന്‍സൈം നമുക്കില്ല. എന്നാല്‍ സെല്ലുലോസ് ദഹിപ്പിക്കാൻ സസ്യഭുക്കുകളുടെ ആമാശയഭാഗത്തോ അല്ലെങ്കില്‍ വന്‍കുടലിന്റെ ആദ്യഭാഗമായ ‘സൈക്കം’ (Caecum) എന്ന ഭാഗത്തോ ഉണ്ടാകേണ്ട പ്രത്യേക അറ (അതായത് ഈ അറകളിൽ കാണപ്പെടുന്ന പ്രത്യേക ബാക്റ്റീരിയകളിൽ നിന്നും ഉണ്ടാകുന്ന ചില രസാഗ്നി – Enzymes – ഉപയോഗിച്ചാ ണ് പശുവിനെയും ആടിനെയും പോലെയുള്ള മൃഗങ്ങൾ സെല്ലുലോസ് ദഹിപ്പിക്കുന്നത്) മനുഷ്യനില്‍ ഇല്ല എന്നതിനും പ്രത്യേക കാരണമൊന്നും, മനുഷ്യൻ സസ്യാഹാരി മാത്രമാണ് എന്നുപറയുന്നവർക്ക് പറയാനുമില്ല.
ഇനി ദഹനരസങ്ങളുടെ കാര്യം. മാംസം ദഹിപ്പിക്കാന്‍വേണ്ട വിവിധ ദഹനരസങ്ങള്‍ നമ്മുടെ ദഹനവ്യവസ്ഥയില്‍ ഉല്പാദിപ്പിക്കുന്നുണ്ട്. മനുഷ്യന്‍ ഒരു സസ്യഭുക്ക് മാത്രമാണെങ്കിൽ അത്തരം ദഹനരസങ്ങൾ ശരീരത്തിൽ ഉല്പാദിപ്പിക്കുന്നത് വിശദീകരിക്കാൻ ബുദ്ധിമുട്ടാണ്.
ഇതെല്ലാം ഞാന്‍ പറഞ്ഞുവന്നത്, മനുഷ്യന്‍ ഒരു മാംസഭുക്കാണ് എന്നു സ്ഥാപിക്കാന്‍ വേണ്ടിയല്ല. യഥാര്‍ഥത്തില്‍ മനുഷ്യന്‍ സ്വാഭാവികമായി ഒരു മിശ്രഭുക്കാണ്. അതായത് മനുഷ്യൻ ഒരു സർവഭോജി (Omnivorous) ആണ് എന്നുപറയുന്നതാവും ശരി. അതായത് വെജിറ്റേറിയനിസത്തിന്റെ അങ്ങേയറ്റമായ Vegan Diet-ഓ, അതിന്റെ വിരുദ്ധവശമായ മുഴുവന്‍സമയ മാംസാഹാരിയോ (Full time Meat Eater) ആകുന്നത് ആരോഗ്യകരമല്ല.
ഒരു Flexitarian (വല്ലപ്പോഴുംമാത്രം മാംസാഹാരം കഴിക്കുന്ന, പ്രധാനമായി സസ്യാഹാരം കഴിക്കുന്നയാൾ) ആയ ഭക്ഷണരീതി അതായത് സസ്യാഹാരം അടിസ്ഥാനമാക്കിയുള്ള (Plant based) എന്നാല്‍ മൃഗങ്ങളിൽനിന്നുള്ള ഭക്ഷണപദാർഥങ്ങളായ (Animal products) വിവിധ പാലുല്പന്നങ്ങള്‍, മുട്ട, ഇറച്ചി, കടല്‍വിഭവങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തിയുള്ള ഭക്ഷണരീതിയാണ് ആരോഗ്യപ്രദം.
ഒരു കാര്യംകൂടി പറഞ്ഞുനിര്‍ത്താം. രണ്ട് പ്രധാനപ്പെട്ട പഠനങ്ങളായ Epic – Oxford, Adventist Health Study-2 എന്നവയാണ് Vegan Diet- ഉം കാന്‍സര്‍ സാധ്യതയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നടന്നിട്ടുള്ള ശാസ്ത്രീയപഠനങ്ങള്‍. വെജിറ്റേറിയന്‍സിന്, സാധാരണ ഇറച്ചി കഴിക്കുന്നവരേക്കാൾ (Regular Meat Eater) 8-10% കാന്‍സര്‍ സാധ്യത കുറവാണ് എന്നതാണ് ഈ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ കാൻസർ വരാതിരുന്നതുകൊണ്ടുമാത്രം ഇത് ഹെൽത്തി ആണെന്നു പറയാൻവയ്യ. കാരണം vegan ഗ്രൂപ്പിലുള്ളവരിൽ പ്രായമാകുമ്പോൾ ഉണ്ടാകുന്ന അസ്ഥി ഒടിവും (Bone fracture) മറ്റ് പോഷകാഹാരക്കുറവും (Malnutrition) ഇവരില്‍ കൂടുതലാണ് എന്നതും നാം ഓര്‍ക്കേണ്ടതാണ്. So, be a Flexitarian and be Healthy.
നമ്മൾ ആദ്യം പറഞ്ഞ സംഭവത്തിലെ അനീഷ്, രാജിക്ക് ഇനി ഇറച്ചിയും മുട്ടയും മീനും പാലും പാലുല്പന്നങ്ങളും നൽകുമെന്നാണ് എന്റെ വിശ്വാസം. ഇതുപോലുള്ള അനേകം അനീഷുമാരും രാജിമാരും നമുക്കിടയിലുണ്ട്. കാൻസറിന്റെ അസ്വസ്ഥതകൾ അവർക്കുണ്ട്. അതിന്റെകൂടെ ഒപ്പമുള്ളവർപോലും എന്തിനാണ് ബുദ്ധിമുട്ടുകൾ നൽകുന്നത്? ആരോഗ്യപരമായ ഭക്ഷണംകൂടി അവർക്ക് നിഷേധിക്കുന്നത് തികച്ചും തെറ്റും കാടത്തവുമാണ്. അങ്ങനെ ആർക്കും സംഭവിക്കാതിരിക്കട്ടെ.