കർണ്ണാടകയിലെ ഹൊയ്‌സാല ക്ഷേത്രങ്ങളെ ലോക പൈതൃകപട്ടികയിൽ ഉൾപ്പെടുത്തിയതായി യുനെസ്കോയുടെ പ്രഖ്യാപനം. ബേലൂർ, ഹലേബിഡ്, സോമനന്തപുര മേഖലകളിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രങ്ങളെയാണ് ലോക പൈതൃകപട്ടികയിൽ ഉൾപ്പെടുത്തിയത്. സാമൂഹികമാധ്യമമായ എക്‌സിലൂടെയാണ് യുനെസ്‌കോ ഇക്കാര്യം പ്രഖ്യാപിച്ചത്.
2014 ഏപ്രിൽ മുതൽ യുനെസ്‌കോയുടെ താത്ക്കാലിക പട്ടികയിൽ ഹൊയ്‌സാല ക്ഷേത്രങ്ങളെ ഉൾപ്പെടുത്തിയിരുന്നു. 12-13 നൂറ്റാണ്ടുകളിലാണ് ഈ ക്ഷേത്രങ്ങൾ നിർമ്മിക്കപ്പെട്ടത്. തികച്ചും യാഥാർഥ്യമെന്നുതോന്നുന്ന തരത്തിലുള്ള ശില്പങ്ങൾ, ശിലാരൂപങ്ങൾ, പ്രദക്ഷിണപാത,ശില്പ ഗാലറി എന്നിവയാണ് ക്ഷേത്രങ്ങളിലെ ആരാധനാലയങ്ങളുടെ പ്രധാന സവിശേഷതയെന്ന് യുനെസ്‌കോ പരാമർശിച്ചു.
ദ്രാവിഡൻ ഘടനയിലുള്ളതാണ് ഹൊയ്സാല ക്ഷേത്രങ്ങൾ. വ്യത്യസ്ത തരത്തിലുള്ള ക്ഷേത്രവാസ്തുവിദ്യയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ശില്പികൾ ഈ ക്ഷേത്രങ്ങൾ വാർത്തെടുത്തത്. നേരത്തെ, സെപ്റ്റംബർ 17 -ന് പശ്ചിമബംഗാളിൽ സ്ഥിതിചെയ്യുന്ന ശാന്തിനികേതനെ ലോക പൈതൃകപട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.