ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യവും വികസിത പശ്ചാത്യ രാജ്യങ്ങളില്‍ ഒന്നുമായ കാനഡയെക്കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ ഏറെയും. ഇതില്‍ പ്രാധാനപ്പെട്ടത് ഖാലിസ്താന്‍ ഭീകരന് ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയുമായുള്ള തര്‍ക്കമാണ്. കഴിഞ്ഞ ദിവസം ഖാലിസ്ഥാൻ ഭീകരൻ അർഷ്ദീപ് സിംഗിന്റെ സഹായി സുഖ്ദൂൽ സിംഗ് കാനഡയിൽ കൊല്ലപ്പെട്ടിരുന്നു. വിന്നിപെഗ് നഗരത്തിൽ വച്ച് ഗുണ്ടാസംഘങ്ങൾ തമ്മില്‍ നടന്ന ഏറ്റുമുട്ടലിലായിരുന്നു ഈ കൊലപാതകം. ഈ സാഹചര്യത്തില്‍ ചിന്തിക്കേണ്ട പ്രധാനപ്പെട്ട കാര്യമാണ് ഒരു വികസിത പശ്ചാത്യ രാജ്യത്ത് എന്തുകൊണ്ട് ഗുണ്ടാസംഘങ്ങള്‍ വ്യാപകമാകുകയും അക്രമസംഭവങ്ങള്‍ പെരുകുകയും ചെയ്യുന്നു?. ഗുണ്ടാസംഘങ്ങളുടെ സങ്കേതമായി കാനഡ മാറിയതിന്റെ ചില കാരണങ്ങള്‍ പരിശോധിക്കാം.
1,ഖാലിസ്താനി ഭീകരരുടെ സാന്നിധ്യം
വിദേശ രാജ്യങ്ങളില്‍ നിന്നും കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്ന ഒരു രാഷ്ട്രമാണ് കാനഡ. അതിനാൽ ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നും ധാരാളം ആളുകൾ അങ്ങോട്ടേക്ക് കുടിയേറാറുണ്ട്. ഇവർക്ക് തൊഴിൽ, സ്ഥിരതാമസം, പൗരത്വം, സാമൂഹിക സുരക്ഷ എന്നിവ അവിടെ ലഭിക്കും. കുടിയേറ്റം വ്യാപകമായതിനാല്‍ ഖാലിസ്താൻ ഭീകരർ വൻതോതിൽ രാജ്യത്തേക്ക് എത്തുന്നു. ഇത് തന്നെയാണ് കാനഡ ഗുണ്ടാസംഘങ്ങളുടെ സങ്കേതമായി മാറാനുള്ള ഒന്നാമത്തെ കാരണം. ഖാലിസ്താനി ഭീകരർ ഇത്തരം ഗുണ്ടാസംഘങ്ങൾക്ക് ധനസഹായവും മറ്റു സഹായങ്ങളും നൽകുന്നുണ്ട്. ഇത്തരത്തിൽ ഗുണ്ടകളെ സഹായിക്കുന്നതിൽ ഖാലിസ്ഥാനി ഭീകരർക്ക് ഒരു ഗൂഢലക്ഷ്യമുണ്ട്. ഈ ഗുണ്ടാസംഘങ്ങളുടെ ഇന്ത്യൻ വേരുകൾ ഉപയോഗിച്ച് ഇന്ത്യൻ മണ്ണിൽ ഇന്ത്യാ വിരുദ്ധ- ഭീകര പ്രവർത്തനങ്ങൾ നടത്തുകയെന്നുള്ളതാണ് ആ ലക്ഷ്യം.
2, സിഖ് ഫോർ ജസ്റ്റിസ് സംഘടനയുടെ പിന്തുണ
ഖാലിസ്ഥാനി ഭീകരനായ പന്നുവിൻ്റെ സംഘടന സിഖ് ഫോർ ജസ്റ്റിസ് രാജ്യത്തുള്ള ഗുണ്ടാസംഘങ്ങളെ പിന്തുണയ്ക്കുന്നു. പഞ്ചാബിൽ നിന്ന് ഒരു ഗുണ്ട കാനഡയിൽ എത്തിയാൽ അയാൾക്ക് ആദ്യം സഹായം ലഭിക്കുന്നത് സിഖ് ഫോർ ജസ്റ്റിസ് സംഘടനയിൽ നിന്നാണ്. എസ്എഫ്ജെയുടെ പിന്തുണയോടെ ഗുണ്ടാസംഘങ്ങൾ മയക്കുമരുന്ന്, കൊള്ള, കള്ളപ്പണം വെളുപ്പിക്കൽ എന്നീ അസാന്മാർഗ്ഗിക പ്രവർത്തനങ്ങളിൽ വ്യാപൃതരാകുന്നു. കാനഡയിൽ കുപ്രസിദ്ധിയാർജ്ജിച്ച മാഫിയ ഗ്രൂപ്പുകളാണ് ഇറ്റാലിയൻ-കനേഡിയൻ മാഫിയ സംഘങ്ങളും ഏഷ്യൻ സംഘടിത ക്രൈം ഗ്രൂപ്പുകളും. ഇവയ്ക്കു ശേഷം സ്വാധീനത്തിൽ ഇന്ന് മൂന്നാം സ്ഥാനത്താണ് പഞ്ചാബി ഗുണ്ടാസംഘങ്ങൾ.
3, കാനഡയുടെ ഖാലിസ്താന്‍ അനുകൂല നിലപാട്
കാനഡയിലെ ഖാലിസ്താനി പ്രവർത്തനളെയും ഗുണ്ടാസംഘങ്ങളെയും കുറിച്ച് ഇന്ത്യ തുടർച്ചയായി തെളിവുകൾ കൈമാറുന്നുണ്ട്. എന്നാൽ കനേഡിയൻ ഭരണകൂടം ഇതുവരെ കാര്യമായ നടപടികളൊന്നും എടുത്തിട്ടില്ലെന്നുള്ളതാണ് യാഥാർഥ്യം. അനുകൂലമായ സാഹചര്യം തുടർന്നു വരുന്നതിനാൽ ഖാലിസ്ഥാനി ഭീകരരും ഗുണ്ടാസംഘങ്ങളും കാനഡയെ ഏറ്റവും സുരക്ഷിത താവളമായി കണ്ടിരിക്കുകയാണ് എന്നു തന്നെ പറയേണ്ടി വരും.