ആർട്സാഖ് മേഖല പൂർണമായും അസർബൈജാൻ അധീനതയിൽ ആയതിനെ തുടർന്ന് അര്മേനിയയിലേയ്ക്ക് എത്തിയ അഭയാർത്ഥികളുടെ എണ്ണം ഒരു ലക്ഷത്തിനു മേലെ എത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ വേദനിക്കുന്ന തങ്ങളുടെ സഹോദരങ്ങൾക്ക് മുന്നിൽ മാലാഖാമാരായി അവതരിക്കുകയാണ് ആഗോള അർമേനിയൻ പ്രവാസികൾ.
അർമേനിയൻ സാംസ്കാരിക ഗ്രൂപ്പുകളും ബന്ധുക്കളും ഒരു അഭയാർത്ഥി കുടുംബത്തെ വീതം അവരുടെ “ദൂതൻ” ആയി ഏറ്റെടുക്കുകയും അടുത്ത മൂന്ന് മാസത്തേക്ക് അഭയാർത്ഥികളെ സഹായിക്കുന്നതിനും ഉള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നു. അർമേനിയൻ കുടുംബങ്ങളുടെ ഇടയിൽ നിന്നുള്ള ഈ പ്രവർത്തനം അനേകം കുടുംബങ്ങൾക്ക് ഇന്ന് ആശ്വാസമായി മാറുകയാണ്. അർമേനിയൻ അഭയാർത്ഥികളുടെ ഇത്രയും വലിയതും വേഗത്തിലുള്ളതുമായ പ്രവാഹത്തെ ഉൾക്കൊള്ളാൻ രാജ്യം പാടുപെടുമ്പോൾ, അർമേനിയയിലെയും ആഗോള പ്രവാസികളിലെയും ദശലക്ഷക്കണക്കിന് അർമേനിയക്കാർ പ്രതിസന്ധിയുടെ ഈ ആദ്യ നാളുകളിൽ തങ്ങളുടെ സഹോദരീസഹോദരന്മാരെ പരിപാലിക്കാൻ തയ്യാറെടുക്കുന്ന കാഴ്ചയാണ് കാണുന്നത്.
അസർബൈജാന്റെ കീഴിൽ ക്രൈസ്തവർ സുരക്ഷിതരാകും എന്ന് അവർ പ്രഖ്യാപിക്കുന്നുമുണ്ട് എങ്കിലും നാളിതുവരെയുള്ള അതിക്രമങ്ങളിൽ നിന്നും പാഠം ഉൾക്കൊണ്ട അർമേനിയൻ വംശജർ അവിടെ നിന്നും പലായനം ചെയ്യുകയായിരുന്നു. അർമേനിയൻ അഭയാർഥികളെ നിറച്ച കാറുകളുടെ മൈലുകൾ നീളമുള്ള നിരകളുടെ ചിത്രങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹ്യമാധ്യമങ്ങളിലൂടെ ഏറെ പ്രചരിച്ചിരുന്നു.