“ഇത് മതഭ്രാന്ത് തന്നെയാണ്, ഇത് മനുഷ്യരാശിക്ക് ദോഷംചെയ്യും.” പശ്ചിമേഷ്യയിൽ അസമാധാനം സൃഷ്ടിച്ച് ഹമാസ് നടത്തുന്ന ഭീകരാക്രമണങ്ങളെ ചോദ്യം ചെയ്‌തുകൊണ്ട് പ്രമുഖ ഇസ്രായേൽ എഴുത്തുകാരൻ യുവാൽ നോഹ ഹരാരിയാ നടത്തിയ പരാമർശമാണിത്. ഒരു ദേശീയമാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് നോഹയുടെ ഈ പരാമർശം. ഇസ്രയേലിയെന്നോ, പലസ്തീൻ പൗരനെന്നോ വ്യത്യാസംകൂടാതെ ഹമാസ് ഭീകരർ ക്രൂരതകൾ അഴിച്ചുവിടുകയാണെന്നും നോഹ ഹരാരിയ വിമർശിക്കുന്നു. ലോകത്തെ അഗ്‌നികുണ്ഡമാക്കി പരലോകത്ത് ശാന്തിലഭിക്കുമെന്ന ഇസ്ലാമിക് സ്റ്റേറ്റ് ചിന്താഗതിയാണ് ഹമാസിനെന്നും ദേശീയമാധ്യമത്തോട് അദ്ദേഹം വെളിപ്പെടുത്തി.
ലോകത്തെ അഗ്നികുണ്ഡമാക്കുകയാണ് ഹമാസിന്റെ ലക്ഷ്യം
“അവർ മനുഷ്യരുടെ ജീവന് യാതൊരുവിധ വിലയും കല്പിക്കുന്നില്ല. അവർ ജനങ്ങൾ അനുഭവിക്കുന്ന കഷ്ടതകളെ ശ്രദ്ധിക്കുന്നില്ല. ലോകത്തെ ഇല്ലാതാക്കുക മാത്രമാണ് അവരുടെ ലക്ഷ്യം” – അദ്ദേഹം പറഞ്ഞു. എത്രമാത്രം പോരാട്ടം നടത്തിയെന്നാലും ഈ യുദ്ധം യാതൊരുവിധ ഗുണങ്ങളും ഹമാസിനു നൽകില്ല. മാത്രമല്ല, ഇപ്പോൾ നടക്കുന്ന പോരാട്ടത്തിൽ ഹമാസ് വിജയിക്കാനും തീരെ സാധ്യതയില്ല. ലോകത്തെ അഗ്നികുണ്ഡമാക്കുകയാണ് ഹമാസ് ഭീകരരുടെ ലക്ഷ്യം. അങ്ങനെ ചെയ്യുന്നതിലൂടെ പരലോകത്ത് ശാന്തിലഭിക്കുമെന്ന് അവർ വിശ്വസിക്കുന്നു. ഇതേ ആശയമാണ് ഇസ്ലാമിക് സ്റ്റേറ്റ് പുലർത്തുന്നത്. ഇത് മതഭ്രാന്ത് തന്നെയാണ്” – ഹരാരി മുന്നറിയിപ്പ് നൽകുന്നു.
സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രങ്ങൾക്കുപിന്നിൽ ഭീകരർ
പശ്ചിമേഷ്യയെ ആശങ്കയിലാക്കി ഹമാസ് ആരംഭിച്ച യുദ്ധത്തിന്റെ കൊടുംക്രൂരത വെളിപ്പെടുത്തുന്ന അനേകം ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഹമാസിനെ പിന്തുണയ്ക്കുന്ന പലരും ഈ ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും തീവ്രവാദികളോട് അനുഭാവം പുലർത്തുവാൻ പരോക്ഷത്തിൽ നമ്മെ പ്രേരിപ്പിക്കുന്നുമുണ്ട്. ഇതിനെല്ലാം കൃത്യമായ തിരക്കഥകളുണ്ടെന്നും ആക്ഷേപമുയരുന്നുണ്ട്. അതിനാൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഭയാനകമായ ചിത്രങ്ങൾക്കുപിന്നിൽ ഭീകരർ തന്നെയാണെന്നാണ് ഹരാരിയുടെ പക്ഷം. ഇത്തരം ചിത്രങ്ങളും മറ്റും കാണുന്നത് ഒഴിവാക്കാനും ഹരാരി നിർദേശിക്കുന്നു. “ഭയാനകമായ ചിത്രങ്ങൾ മറ്റുള്ളവർ കാണണമെന്ന് ഉദേശിച്ചുകൊണ്ടുതന്നെ, ഭീകരർ പുറത്തുവിടുന്നതാണ്. അതുവഴി ലോകത്ത് സഹതാപതരംഗം സൃഷ്ടിക്കുകയാണ് അവരുടെ ലക്ഷ്യം. നമ്മൾ അത്തരം വീഡിയോകളും ചിത്രങ്ങളും കാണുന്നതുവഴി ഭീകരരെ തീറ്റിപ്പോറ്റുകയാണ്. അവർ സമൂഹത്തിൽ പ്രചരിപ്പിക്കാൻ ശ്രമിക്കുന്ന ഭീകരതയും വെറുപ്പും മനുഷ്യത്വമില്ലായ്മയും സാധാരണക്കാരനിലേക്കും പ്രചരിക്കപ്പെടുന്നു” – അദ്ദേഹം പറഞ്ഞു.
“ഇസ്രായേലികൾക്കുപുറമേ നിരവധി പലസ്തീനികളെയും ഹമാസ് ബന്ദികളാക്കിയിട്ടുണ്ട്. പൗരന്മാരെ ബന്ദികളാക്കുന്നതുവഴി അവരെയും യുദ്ധത്തിനുള്ള ഉപകരണങ്ങളാക്കാൻ ഹമാസിനു കഴിയും. സഹതാപതരംഗം സൃഷ്ടിക്കാനായി അവർ മനുഷ്യരുടെ ശ്രദ്ധതിരിച്ചേക്കാം. എന്നാൽ ഒരുവശം മാത്രം കണക്കിലെടുക്കരുത്. സാഹചര്യത്തിന്റെ സങ്കീർണ്ണത മനസ്സിലാക്കാൻ ശ്രമിക്കണം. കിടപ്പറയിൽ നിന്നുപോലും നൂറുക്കണക്കിന് അമ്മമാരെയും സഹോദരിമാരെയുമാണ് ഹമാസ് ഭീകരർ തട്ടിക്കൊണ്ടുപോയത്. ബലാത്സംഗത്തെ യുദ്ധത്തിനുള്ള ഉപകരണമാക്കിയാണ് ഹമാസ് പ്രവർത്തിക്കുന്നത്” – അദ്ദേഹം വ്യക്തമാക്കി.