ഗാസയെച്ചൊല്ലി ഇസ്രയേലും ഹമാസും തമ്മിൽ നടക്കുന്ന യുദ്ധത്തെക്കുറിച്ച് കേരളത്തിലെ സര്‍ക്കാരിനും രാഷ്ട്രീയപാർട്ടികൾക്കും വിഭിന്നാഭിപ്രായങ്ങളാണുള്ളത്. ഇസ്രയേല്‍ കടുത്ത ആക്രമണങ്ങള്‍ക്ക് ഇരയായിട്ടും കേരളത്തിലെ വലിയൊരു വിഭാഗം ഇപ്പോഴും ഹമാസിനൊപ്പമാണ്. എന്നാൽ ഒക്ടോബർ 7 -ന് ഹമാസ് ആരംഭിച്ച മാരകമായ ആക്രമണത്തിനുമുമ്പും ശേഷവും വടക്കൻകേരളത്തിലെ ഒരുകൂട്ടം ആളുകൾ ഇസ്രയേലിനായി ഉത്സാഹത്തോടെ പ്രവര്‍ത്തിക്കുകയാണ്. കണ്ണൂര്‍ സ്വദേശിയായ തോമസ് ഓലിക്കൽ എന്ന വ്യവസായിയാണ് ഇതിന് നേതൃത്വം നല്‍കുന്നത്.
2006 -ൽ മുംബൈ ആസ്ഥാനമായി തുടങ്ങിയ, പരിശീലനം ലഭിച്ച ഏകദേശം 1500 -ലധികം ജീവനക്കാരുള്ള ഒരു വസ്ത്രയൂണിറ്റിന്റെ ഉടമയാണ് തോമസ് ഓലിക്കൽ. ‘മരിയൻ അപ്പാരൽ പ്രൈവറ്റ് ലിമിറ്റഡ്’ എന്നാണ് സ്ഥാപനത്തിന്റെ പേര്. ഈ സ്ഥാപനത്തിനുകീഴില്‍ കണ്ണൂരില്‍നിന്നുള്ള നൂറുകണക്കിന് തയ്യൽക്കാരാണ് കഴിഞ്ഞ എട്ടുവർഷങ്ങളായി ഇസ്രയേലിനുവേണ്ടി യൂണിഫോം തയ്ക്കുന്നത്.
ഹമാസുമായുള്ള പോരാട്ടത്തിനിടയില്‍ ലോകം ശ്രദ്ധിച്ച വേഷമാണ് ഇസ്രയേല്‍ പൊലീസിന്റേത്. സുന്ദരമായ ഇളംനീല നിറവും നീളൻകൈയ്യുമുള്ള യൂണിഫോം ഷർട്ടുകൾ. കൈത്തറി നിർമ്മാണത്തിന്റെയും തുണിത്തരങ്ങളുടെ കയറ്റുമതിയുടെയും മഹത്തായ പാരമ്പര്യത്തിന് പേരുകേട്ട കണ്ണൂരിലെ തയ്യൽക്കാരാണ് മനോഹരമായ ഈ യൂണിഫോമിനുപിന്നിൽ. തോമസ് ഓലിക്കലിന്റെ അപ്പാരൽ യൂണിറ്റ്, ഡബിൾ പോക്കറ്റ് ഷർട്ടുകൾ മാത്രമല്ല തയ്ക്കുന്നത്, അതിന്റെ സ്ലീവുകളിൽ ട്രേഡ്മാർക്ക് ചിഹ്നങ്ങൾ രൂപകല്പന ചെയ്യുന്നതും ഘടിപ്പിക്കുന്നതുമൊക്കെ ഇവര്തന്നെയാണെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസിന്റെ റിപ്പോര്‍ട്ടിൽ പറയുന്നത്.
“കഴിഞ്ഞ എട്ടുവർഷങ്ങളായി ഇസ്രായേൽ പൊലീസിന് പ്രതിവർഷം ഒരുലക്ഷം യൂണിഫോം ഷർട്ടുകളാണ് ഇവിടെനിന്നും കയറ്റി അയക്കുന്നത്. ഇസ്രയേൽ പോലെയുള്ള ഒരു ഉയർന്ന ക്ലാസ് പൊലീസ് സേനയ്ക്ക് യൂണിഫോം ഷർട്ടുകൾ വിതരണം ചെയ്യുന്നുവെന്നത് ഞങ്ങൾക്ക് അഭിമാനകരമാണ്” – തോമസ് പറയുന്നു. യുദ്ധം ആരംഭിച്ചതിനുശേഷവും ഇസ്രയേൽ പൊലീസ് തങ്ങളുടെ കമ്പനിയുമായി ബന്ധപ്പെടുകയും കൂടുതൽ യൂണിഫോമുകൾക്കായി അധിക ഓർഡറുകൾ നൽകുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.
യൂണിഫോം നിർമ്മാണത്തിൽ വൈദഗ്ധ്യം നേടിയവരാണെന്ന് മനസ്സിലാക്കിയതിനെതുടര്‍ന്ന് ഇസ്രായേൽ പൊലീസ് മേധാവികള്‍ കമ്പനിയെ സമീപിക്കുകയായിരുന്നു. അവരുടെ പ്രതിനിധികൾ മുംബൈയിൽ വന്ന് ഇടപാടിനെക്കുറിച്ച് ചർച്ചചെയ്തു. പിന്നീട്, അവർ തങ്ങളുടെ ഉന്നതോദ്യോഗസ്ഥർ, ഡിസൈനർമാർ, ക്വാളിറ്റി കൺട്രോളർ എന്നിവരോടൊപ്പം ഫാക്ടറി സന്ദർശിച്ചു. ഏകദേശം 10 ദിവസത്തോളം അവർ ഇവിടെ ഉണ്ടായിരുന്നു” – അദ്ദേഹം പറഞ്ഞു. ഇസ്രായേൽ ഉദ്യോഗസ്ഥർ ഏറ്റവും നല്ല ക്വാളിറ്റിയും മികച്ചവയും നോക്കുന്നവരാണെന്നും അദ്ദേഹം വ്യക്തമാക്കി.
കണ്ണൂരിലെ പരമ്പരാഗത തൊഴിലായ ബീഡിനിർമ്മാണമേഖലയുടെ തകർച്ചയെ തുടർന്നാണ് തോമസ് അപ്പാരൽ യൂണിറ്റ് ആരംഭിച്ചത്. തൊഴിലില്ലാത്തവരായി മാറിയ തദ്ദേശവാസികൾക്ക് തൊഴിൽനൽകുക എന്ന ലക്ഷ്യമായിരുന്നു ഇതിനുപിന്നിലുണ്ടായിരുന്നതെന്നും തോമസ് കൂട്ടിച്ചേര്‍ക്കുന്നു. അതേസമയം, ഇസ്രയേലിനുപുറമെ ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിൽനിന്നുള്ള സൈനികർ, പൊലീസ് ഉദ്യോഗസ്ഥർ, സുരക്ഷാ ഉദ്യോഗസ്ഥർ, ആരോഗ്യസേവന പ്രവർത്തകർ എന്നിവരുടെ യൂണിഫോം തയ്ക്കുന്നതിലും വൈദഗ്ദ്ധ്യം നേടിവരാണ് മരിയൻ അപ്പാരൽ പ്രൈവറ്റ് ലിമിറ്റഡിലെ തൊഴിലാളികള്‍. ഇതുകൂടാതെ സ്കൂൾ യൂണിഫോം, സൂപ്പർമാർക്കറ്റ് ജീവനക്കാർക്കുള്ള വസ്ത്രങ്ങൾ, ഡോക്ടേഴ്സ് കോട്ട്, കവറുകൾ, കോർപ്പറേറ്റ് വസ്ത്രങ്ങൾ തുടങ്ങിയവയും നിർമ്മിച്ച് വിതരണംചെയ്യുന്നു.
തയ്യാറാക്കിയത്: രഞ്ചിന് ജെ. തരകന്