ആരോഗ്യത്തെക്കുറിച്ച് അമിതമായി ആശങ്കപ്പെടുന്നവരാണോ നിങ്ങൾ? സ്ട്രെസ് മുതൽ ഉറക്കമില്ലായ്മവരെ നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുവോ? എന്നാൽ പേടിക്കണ്ട. ഈ സാഹചര്യത്തെ അതിജീവിക്കാൻ ഒരു മാർഗമുണ്ട്. യോഗ, മെഡിറ്റേഷൻ മുതലായവ, ജോലിയുമായി ബന്ധപ്പെട്ട സമ്മർദ്ദങ്ങൾ, ഉയർന്ന ജീവിത ചെലവുകളെക്കുറിച്ചുള്ള ചിന്തകൾ എന്നിവയൊക്കെ ഒഴിവാക്കാൻ ഒരു പരിധിവരെ സഹായിക്കുമെങ്കിലും അതിലും എളുപ്പമുള്ള ഒരു മാർഗമാണ് നമ്മൾ ഇന്ന് പരിചയപ്പെടാൻ പോകുന്നത്.
രക്തസമ്മർദ്ദം മുതൽ ഉറക്കമില്ലായ്മവരെയുള്ള ബുദ്ധിമുട്ടുകളെ അതിജീവിക്കാൻ ഒരു ജ്യൂസ് കുടിച്ചാൽ മതിയെന്നു പറഞ്ഞാൽ വിശ്വസിക്കുമോ! വിശ്വസിച്ചേ മതിയാകൂ. ആശങ്കകളെ ഒഴിവാക്കി ആരോഗ്യം പകരുന്ന ഒരു പഴവർഗ്ഗം നമ്മുടെ നാട്ടിൽ സുലഭമാണ്. കേരളത്തിൽ വ്യാപകമായി പ്രചാരത്തിലിരിക്കുന്നതും വീടുകളിൽ സുലഭമായി കാണാൻ കഴിയുന്നതുമായ പാഷൻ ഫ്രൂട്ട് ആണ് ആ പഴവർഗ്ഗം. അറിയാം പാഷൻഫ്രൂട്ടിന്റെ ആരോഗ്യഗുണങ്ങളെക്കുറിച്ച്.
വലിപ്പം കുറവാണെങ്കിലും പോഷകസമൃദ്ധമായതും ആരോഗ്യത്തിന് ഗുണംനൽകുന്ന നിരവധി ആന്റി ഓക്സിഡന്റുകൾ, വൈറ്റമിനുകൾ, സസ്യ സംയുക്തങ്ങൾ എന്നിവയാൽ സമ്പന്നമായതുമായ ഒരു ഫലമാണ് പാഷൻ ഫ്രൂട്ട്. ഒരുതരം പാഷൻ പുഷ്പത്തിന്റെ പാസിഫ്ലോറയുടെ ഫലമാണ് പാഷൻ ഫ്രൂട്ടുകൾ. പർപ്പിൾ , മഞ്ഞ നിറങ്ങളിൽ സാധാരണയായി കണ്ടുവരുന്ന ഈ ഫ്രൂട്ടിന് വലിപ്പത്തിലും നിറത്തിലും വ്യത്യാസമുള്ള നിരവധി വകഭേദങ്ങളുമുണ്ട്.
ശരീരത്തിന് നിരവധി ഗുണങ്ങൾ നൽകുന്നവയാണ് പാഷൻ ഫ്രൂട്ടുകൾ. രുചികൊണ്ട് മുൻപന്തിയിൽ നിൽക്കുന്ന പാഷൻ ഫ്രൂട്ട്, മധുരം ചേർത്തും ജ്യൂസായും അല്ലാതെയുമൊക്കെ ആളുകൾ കഴിക്കാറുണ്ട്. പാഷൻ ഫ്രൂട്ട് ഒരു ലഘുഭക്ഷണമായി കഴിക്കുന്നവരുമുണ്ട്. കലോറി കുറഞ്ഞതും ഉയർന്ന തോതിൽ നാരുകളുള്ളതുമാണ് ഇതിനു കാരണം. വിത്തുകൾ ഭക്ഷ്യയോഗ്യമാണെന്നതിനാൽതന്നെ ഇവ പേടികൂടാതെ ഏതുപ്രായക്കാർക്കും കഴിക്കാമെന്നും പറയപ്പെടുന്നു.
ഹൃദയാരോഗ്യം നിയന്ത്രിക്കാൻ വരെ ഈ പഴത്തിന് കഴിയുമെന്നതാണ് ഇതിന്റെ പ്രധാനഗുണം. രക്തക്കുഴലുകൾ അയവുള്ളതാക്കി അതിലൂടെ രക്തയോട്ടം മികച്ചതാക്കാൻ പ്രോത്സാഹിപ്പിക്കുന്ന പോളിഫെനോൾ, പാഷൻ ഫ്രൂട്ടിന്റെ വിത്തുകളിൽ അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദം കുറയ്ക്കുകയും ഹൃദയാഘാതം തടയുകയും ചെയ്യും. കൂടാതെ, ഇവയിലടങ്ങിയിട്ടുള്ള മഗ്നീഷ്യം എല്ലുകളെ ശക്തിപ്പെടുത്തുകയും ഓസ്റ്റിയോപൊറോസിസ് പോലുള്ള പ്രശ്നങ്ങൾ തടയുകയും ചെയ്യുന്നു.
പലർക്കും ഇവയിലുള്ള വിത്തുകൾ അത്ര ഇഷ്ടപ്പെടാറില്ലെങ്കിലും വിത്തുകളിലാണ് ഗുണങ്ങൾ അടങ്ങിയിരിക്കുന്നത്. വൈറ്റമിൻ എ, വൈറ്റമിൻ സി, ഡയറ്ററി ഫൈബർ, മഗ്നീഷ്യം, പൊട്ടാസ്യം, ഇരുമ്പ്, റൈബോഫ്ലേവിൻ, കരോട്ടിനോയിഡുകൾ, നിക്കോട്ടിനിക് ആസിഡ്, ഫ്ലേവനോയ്ഡുകൾ എന്നിവ ഇവയുടെ വിത്തുകളിൽ അടങ്ങിയിട്ടുണ്ട്.