Monday, November 25, 2024

നേപ്പാള്‍ ഭൂകമ്പം: വീടുകള്‍ നഷ്ടപ്പെട്ട ആയിരങ്ങള്‍ കൊടുംതണുപ്പില്‍ രാത്രി വെളിയില്‍ ചെലവഴിക്കുന്നു

പടിഞ്ഞാറന്‍ നേപ്പാളിലെ വിദൂര മലയോര മേഖലയില്‍, വെള്ളിയാഴ്ചയുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതിനെത്തുടര്‍ന്ന് ആയിരക്കണക്കിന് ആളുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കൊടുംതണുപ്പുള്ള രാത്രി ചെലവഴിച്ചത് വെളിയിലാണ്. വീടുകള്‍ നഷ്ടപ്പെട്ട ആയിരക്കണക്കിന് ആളുകള്‍ വെളിമ്പ്രദേശങ്ങളിലോ താല്‍ക്കാലിക ടെന്റുകളിലോ ഒക്കെയാണ് തണുത്തുറഞ്ഞ താപനിലയില്‍ കഴിച്ചുകൂട്ടുന്നത്.

നേപ്പാളില്‍ വെള്ളിയാഴ്ച ഉണ്ടായ ഭൂകമ്പത്തില്‍ 157 പേര്‍ മരിക്കുകയും 300 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തിരച്ചിലും രക്ഷാപ്രവര്‍ത്തനവും അവസാനഘട്ടത്തിലേക്ക് നീങ്ങുകയാണെന്ന് അധികൃതര്‍ അറിയിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയതും ഭൂകമ്പം ഏറ്റവും കൂടുതല്‍ നാശം വിതച്ചതുമായ ജജര്‍കോട്ട്, രുക്കും വെസ്റ്റ് എന്നീ രണ്ട് ജില്ലകളുടെ വിദൂര ഭാഗങ്ങളിലാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിച്ചിരിക്കുന്നത്.

ഭവനരഹിതര്‍ക്ക് അഭയം നല്‍കുന്നതിലും അവശ്യസാധനങ്ങള്‍ ക്രമീകരിക്കുന്നതിലുമാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എന്നാല്‍ ആവശ്യക്കാര്‍ക്ക് നല്‍കാന്‍ വേണ്ടത്ര ടെന്റുകള്‍ തങ്ങള്‍ക്കില്ലെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു.

‘ഞങ്ങള്‍ ഈ അവസ്ഥയില്‍ ജീവിക്കാന്‍ നിര്‍ബന്ധിതരായി, എന്റെ സഹോദരി ഞങ്ങളെയെല്ലാം വിട്ടു പോയി. ഞങ്ങള്‍ക്ക് എല്ലാം നഷ്ടപ്പെട്ടു, ഭക്ഷണവും പാര്‍പ്പിടവുമില്ല, ഞങ്ങള്‍ക്ക് സഹായം വേണം’. ഭൂകമ്പത്തില്‍ സഹോദരിയെ നഷ്ടപ്പെട്ട ഒരാള്‍ തന്റെ സങ്കടം പങ്കുവെച്ചു. സമാനമായ രീതിയില്‍ ഭയാനകമായ അനുഭവങ്ങളും അത്ഭുതകരമായ രക്ഷപ്പെടലുകളും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും വിനാശകരമായ നഷ്ടങ്ങളുമൊക്കെയാണ് ഓരോരുത്തര്‍ക്കും പങ്കുവയ്ക്കാനുള്ളത്.

ഏഴുവയസ്സുള്ള മകനെ നഷ്ടപ്പെട്ട ബല്‍ജിത് മഹര്‍ അതിലൊരാളാണ്. ‘ഞങ്ങള്‍ക്ക് അവനെ രക്ഷിക്കാനായില്ല, അതേസമയം കുടുംബത്തിലെ മറ്റ് ആറ് അംഗങ്ങള്‍ക്കും ഭൂകമ്പം കേട്ടയുടനെ ഉറക്കത്തില്‍ നിന്ന് ഉണര്‍ന്ന് പുറത്തേക്ക് ഓടാന്‍ കഴിഞ്ഞു. ഭൂകമ്പത്തില്‍ തകര്‍ന്ന വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് മകന്റെ മൃതദേഹം പിന്നീട് കണ്ടെത്തി. മകനെ കൂടാതെ എല്ലാ സാധനങ്ങളും വസ്ത്രങ്ങളും അവശിഷ്ടങ്ങള്‍ക്കടിയിലാണ്, ഞങ്ങളുടേതായി ഇനി ഒന്നും അവശേഷിക്കുന്നില്ല’. അദ്ദേഹം കണ്ണീരോടെ പറഞ്ഞു.

‘കഴിക്കാന്‍ ഭക്ഷണമില്ല, താമസിക്കാന്‍ പാര്‍പ്പിടവുമില്ല. ആളുകള്‍ തുറസ്സായ സ്ഥലത്താണ് താമസിക്കുന്നത്. ഈ തണുപ്പില്‍ ഞങ്ങള്‍ക്ക് വീടില്ലാതെ അതിജീവിക്കാന്‍ സാധിക്കില്ല’. ഭൂകമ്പത്തില്‍ നിന്ന് രക്ഷപ്പെട്ട മറ്റൊരു വ്യക്തി, ബല്‍ജീത് ബികെ പറയുന്നു.

ജജര്‍കോട്ടിലെ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ പ്രദേശങ്ങളില്‍, ഭൂകമ്പത്തില്‍ മരിച്ചവരുടെ കൂട്ട ശവസംസ്‌കാരത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നു. പ്രിയപ്പെട്ടവരുടെ നഷ്ടം മാത്രമല്ല, തുടര്‍ചലനങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും ആളുകളെ ഭയപ്പെടുത്തുകയും വേദനിപ്പിക്കുകയും ചെയ്യുന്നു. ജജാര്‍കോട്ടിലും വെസ്റ്റ് റുക്കിലും വീടുകളില്‍ നിന്ന് മാറിനില്‍ക്കാന്‍ ഉദ്യോഗസ്ഥര്‍ ജനങ്ങളോട് പറഞ്ഞിട്ടുണ്ട്.

വെള്ളിയാഴ്ച മുതല്‍ മേഖലയില്‍ 250ലധികം തുടര്‍ചലനങ്ങള്‍ ഉണ്ടായിട്ടുണ്ട്. നാഷണല്‍ എര്‍ത്ത്ക്വേക്ക് മെഷര്‍മെന്റ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ പറയുന്നതനുസരിച്ച്, തുടര്‍ചലനങ്ങളില്‍ ആറെണ്ണം റിക്ടര്‍ സ്‌കെയിലില്‍ 4-ന് മുകളിലാണ്.

നേപ്പാളി സര്‍ക്കാര്‍ സൗഹൃദ രാജ്യങ്ങളുടെ സഹായം സ്വീകരിക്കാന്‍ സമ്മതിക്കുകയും ഒരു വര്‍ഷത്തിനുള്ളില്‍ ദുരിതബാധിത പ്രദേശങ്ങള്‍ പുനര്‍നിര്‍മിക്കുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് ആശുപത്രികളില്‍ സൗജന്യ ചികിത്സ നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.

 

Latest News